സൂര്യാഘാതം മാരകമാകുന്നത് എപ്പോള്‍; പ്രതിവിധി എന്ത്? ചികിത്സ എങ്ങനെ?: സൂര്യാഘാതത്തെപറ്റി അറിയേണ്ടതെല്ലാം
കടുത്ത സൂര്യതാപമുള്ളപ്പോള്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് അധികൃതരുടെ മുന്നറിയിപ്പ്. സൂര്യപ്രകാശം നേരിട്ടു ഏല്‍ക്കുന്ന തൊഴിലില്‍ ഏര്‍പ്പെടുന്നവര്‍ക്കാണ് സൂര്യാഘാതം കൂടുതലായി കണ്ടുവരുന്നത്. കടല്‍ത്തീരങ്ങളിലോ ഉദ്യാനങ്ങളിലോ പോയി കുറേ നേരം വെയില്‍ കൊള്ളാന്‍ ഇടയാകുമ്പോള്‍ കരുവാളിക്കുന്നത് സൂര്യാഘാതമേല്‍ക്കുന്നതിനാലാണ്.
ഇതൊന്നും മാരകമാവുന്നില്ല. എന്നാല്‍ സൂര്യകിരണങ്ങള്‍ തൊലിയെ പൊള്ളിക്കുന്നതു വഴി കൂടുതല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ചെറിയ തോതിലുള്ള വെയില്‍ വിറ്റമിന്‍ ഡി ത്വക്കിന് നല്‍കുന്നുണ്ട്. രാവിലെയുള്ള ഇളംവെയിലും സന്ധ്യയ്ക്കുള്ള പോക്കുവെയിലും സൂര്യാഘാതത്തിന് വഴി വെക്കുകയില്ല.
സൂര്യഘാതത്തിന്റെ ലക്ഷണങ്ങള്‍
• തൊലിപ്പുറത്ത് ചുവപ്പുനിറവും വേദനയും - രണ്ടു മുതല്‍ 6 മണിക്കൂറിനുളളിലാകും ഇത് കാണുക. മൂര്‍ദ്ധന്യാവസ്ഥയിലാകുന്നത് 12 മുതല്‍ 24 മണിക്കൂറുകള്‍ക്കുളളിലാണ്.
• സാരമായ പരിക്കുകള്‍ ഉണ്ടാവുക അപൂര്‍വമാണ്.
• തൊലി പൊളളുകയും അടര്‍ന്നുപോകുകയും ചെയ്യുന്നതും സാധാരണമാണ്.
• സൂര്യതാപമേറ്റ് ശരീരത്തിന്റെ ജലാംശം നഷ്ടപ്പെടുന്നു.
• കടുത്ത സൂര്യഘാതമേറ്റവര്‍ക്ക് അണുബാധയുണ്ടാകാനുളള സാധ്യതകളുമുണ്ട്.
• സാരമായ സൂര്യതാപത്തെ തുടര്‍ന്ന് ചികിത്സ നല്‍കാതിരുന്നാല്‍ രക്തചംക്രമണം ഇല്ലാതായി അവയവങ്ങള്‍ക്കോ ശരീരത്തിന്റെ വശങ്ങള്‍ക്കോ തളര്‍ച്ച വരാനും ഇടയുണ്ട്. പനി, മനം പുരട്ടല്‍, തണുപ്പ് അനുഭവപ്പെടല്‍ ജലദോഷം എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്.
ചികിത്സയും മുന്‍കരുതലുകളും
• കടുത്ത സൂര്യതാപമുളളപ്പോള്‍ പുറത്തിറങ്ങാതിരിക്കുക.
• പുറത്തിറങ്ങേണ്ടി വന്നാല്‍ ശരീരഭാഗങ്ങള്‍ കടുത്ത വെയില്‍ എല്‍ക്കാത്ത വിധം വസ്ത്രധാരണം ചെയ്യുക. കുട ഉപയോഗിക്കുക.
• വേനലില്‍ ധാരാളം വെളളം കുടിക്കുക.
• സൂര്യഘാതമേറ്റ് ചികിത്സയില്‍ കഴിയുമ്പോള്‍ വെയിലിലേക്ക് പോവരുത്. ഇത് കൂടുതല്‍ സങ്കീര്‍ണമാവും.
• അധികം ചൂട് അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഇടയ്ക്കിടെ കുളിക്കുക. കുളിക്കുമ്പോഴോ, കുളി കഴിഞ്ഞിട്ടോ എണ്ണയോ ഉപ്പ് ചേര്‍ത്ത ലായനികളോ ഉപയോഗിക്കാതിരിക്കുക. ഇതിനുവേണ്ടിയുളള പെര്‍ഫ്യൂമുകളും ഉപയോഗിക്കാതിരിക്കുക.
• സൂര്യതാപമേറ്റ വ്യക്തികള്‍ കുളിക്കുമ്പോള്‍ പരുക്കനായ വസ്തുക്കള്‍ കൊണ്ട് ശരീരം തേക്കരുത്. തോര്‍ത്താന്‍ ഉപയോഗിക്കുന്ന ടവ്വല്‍ മാര്‍ദ്ദവമുളളതാകാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം തൊലി ഉരിഞ്ഞുപോകാനുളള സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."