ഭിന്നശേഷി സൗഹൃദ പോളിങ് ബൂത്തുകള്‍ ഒരുങ്ങുന്നു
കോഴിക്കോട്: ശാരീരിക വിഷമതകള്‍ മൂലം വോട്ട് ചെയ്യാതെ മാറിനിന്നിരുന്ന ഭിന്നശേഷിക്കാര്‍ക്ക് ഇനി സ്വന്തം വോട്ടവകാശം വിനിയോഗിക്കാം. ഒരാളുടെ ശാരീരികമായ വെല്ലുവിളി വോട്ടവകാശത്തിന് തടസമാകരുതെന്ന ആശയത്തെ മുന്‍നിര്‍ത്തി ജില്ലയിലെ എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളും ഇത്തവണ ഭിന്നശേഷി സൗഹൃദമാക്കും.
ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളും ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി അന്തിമഘട്ടത്തിലാണെന്ന് ജില്ലാ കലക്ടര്‍ എസ്. സാംബശിവ റാവു പറഞ്ഞു. നിലവില്‍ 33,314 ആളുകളെയാണ് ഭിന്നശേഷിക്കാരായി വോട്ടര്‍പട്ടികയില്‍ മാര്‍ക്ക് ചെയ്തിട്ടുള്ളത്. വാഹനം ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഏര്‍പ്പാടാക്കും. പോളിങ് സ്റ്റേഷനിലേക്കുള്ള വഴി സുഗമമാക്കി ഭിന്നശേഷിക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥലം പ്രത്യേകമായി പോളിങ് സ്റ്റേഷനില്‍ ക്രമീകരിക്കും. പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ ഇവയുടെ പ്രവര്‍ത്തന കാര്യം സെക്ടറല്‍ ഓഫിസര്‍മാര്‍ ഉറപ്പുവരുത്തുകയും ചെയ്യും.
ഇവര്‍ക്ക് വഴികാട്ടാന്‍ വിവിധ പോളിങ് സ്റ്റേഷനുകളിലായി 2686 സന്നദ്ധ പ്രവര്‍ത്തരെയാണ് നിയോഗിക്കുക. എന്‍.എസ്.എസ്, എന്‍.സി.സി, കോളജുകള്‍ എന്നിവയുമായി ചേര്‍ന്നായിരിക്കും പ്രവര്‍ത്തകരെ നിയോഗിക്കുക. ഇവര്‍ ഭിന്നശേഷിക്കാരെ ബൂത്തിലെത്തിക്കുന്ന വാഹനങ്ങളിലും പോളിങ് ബൂത്തുകളിലും സഹായത്തിനുണ്ടാവും. ബൂത്തിലെത്തുന്ന കാഴ്ചശക്തി കുറവുള്ളവര്‍ക്കും മുതിര്‍ന്ന പൗരമാര്‍ക്കും മാഗ്‌നിഫയിങ് ഗ്ലാസ് നല്‍കും.
കൂടാതെ ഓരോ പോളിങ് സ്റ്റേഷനിലും രണ്ടു വീല്‍ചെയറുകള്‍ (ആകെ 2186) വീതവും പോളിങ് സ്റ്റേഷനുകളില്‍ റാംപ്, ശുചിമുറി എന്നിവയും ഒരുക്കും. ഭിന്നശേഷി സൗഹൃദ ശൗചാലയവും സജ്ജീകരിക്കും. വീല്‍ചെയറുകള്‍ സൗകര്യപ്രദമായി നീക്കി വോട്ടു ചെയ്യത്തക്ക വിധത്തിലുള്ള ഡിസൈനാണ് വോട്ടിങ് കംപാര്‍ട്ട്‌മെന്റിലും ഒരുക്കുക.
ആവശ്യത്തിന് കുടിവെള്ള ലഭ്യതയും ഉറപ്പാക്കും. ഒപ്പം കാഴ്ചപരിമിതിയുള്ളവര്‍ക്ക് വോയ്‌സ് എസ്.എം.എസ് സൗകര്യവും നല്‍കും. ഓരോ നിയമസഭാ മണ്ഡലത്തിലും മെഡിക്കല്‍ ടീമുകളും രണ്ട് ആംബുലന്‍സുകളും സജ്ജീകരിക്കും. സ്വകാര്യ ആശുപത്രികളില്‍ നിന്നും സ്വകാര്യ ക്ലിനിക്കുകളില്‍ നിന്നും വീല്‍ചെയറുകളും ആംബുലന്‍സുകളും ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പ് ദിവസം ഏറ്റെടുക്കാന്‍ നടപടികള്‍ എടുത്തിട്ടുണ്ട്. പ്രിസൈഡിങ് ഓഫിസറുടെ അനുമതിയോടെ ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമെങ്കില്‍ വോട്ടിങ് കംപാര്‍ട്ട്‌മെന്റില്‍ സഹായിയെ അനുവദിക്കും.
ഭിന്നശേഷിക്കാരെ നേരില്‍ കണ്ട് ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞാണ് പോളിങ് സ്റ്റേഷനുകള്‍ തയാറാക്കുന്നത്. ഇതിനായി പല ഘട്ടങ്ങളിലായി അങ്കണവാടി ജീവനക്കാരും ആരോഗ്യ പ്രവര്‍ത്തകരും തെരഞ്ഞെടുപ്പ് ചുമതലയുള്ള ജീവനക്കാരും ഉള്‍പ്പെട്ട സംഘം സന്ദര്‍ശനം നടത്തിയിരുന്നു. അങ്കണവാടി ജീവനക്കാരും എന്‍.എസ്.എസ് വളണ്ടിയര്‍മാരും ഭിന്നശേഷിക്കാരുടെ വീടുകളിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്തും. വോട്ടവകാശം വിനിയോഗിക്കുന്നതിനായി ജില്ലാ ഭരണകൂടം ഒരുക്കുന്ന സൗകര്യങ്ങളെക്കുറിച്ചും അവരെ ബോധവല്‍ക്കരിക്കും. ജനാധിപത്യ പ്രക്രിയയില്‍ നിന്ന് ആരും മാറ്റി നിര്‍ത്തപ്പെടരുതെന്ന ഉറച്ച ലക്ഷ്യത്തോടെയാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജീവനക്കാര്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നത്.
നേരത്തെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന സമയത്ത് തന്നെ അങ്കണവാടി ജീവനക്കാര്‍ ഭിന്നശേഷിക്കാരുടെ വീടുകളില്‍ നേരിട്ടെത്തി വിവര ശേഖരണം നടത്തിയിരുന്നു. വോട്ട് ചെയ്യാന്‍ താല്‍പര്യമുണ്ടെന്നറിയിച്ച മുഴുവന്‍ ആളുകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തി 34673 ആളുകളുടെ പട്ടികയാണ് തയാറാക്കിയത്. അങ്കണവാടി പ്രവര്‍ത്തകര്‍ വഴി വിവരം നല്‍കാത്ത ഭിന്നശേഷിക്കാര്‍ക്ക് വാഹനസൗകര്യം ആവശ്യമുണ്ടെങ്കില്‍ 1950 എന്ന ഹെല്‍പ് ലൈനില്‍ വിളിക്കാനും രജിസ്റ്റര്‍ ചെയ്യാനും സൗകര്യമൊരുക്കുന്നു.
വീല്‍ചെയറുകള്‍ കൂടുതല്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്കായി ജില്ലാ ഭരണകൂടം ഗൂഗിള്‍ ഫോം തയാറാക്കിയിട്ടുണ്ട്. താല്‍പര്യമുള്ളവര്‍ പൂരിപ്പിച്ചു നല്‍കണമെന്ന അപേക്ഷയോടെ ജില്ലാ കലക്ടറുടെ ഫേസ്ബുക്ക് പേജില്‍ വീല്‍ചെയറിനായുള്ള ആവശ്യം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
ബൂത്തുകളില്‍ ക്രഷുകള്‍ ഒരുക്കുന്നതിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലയിലെ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കുന്നതിന് ഏകോപന ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."