ഓഗസ്റ്റില്‍ പട്ടയം നല്‍കാന്‍ കൊച്ചി താലൂക്ക് വികസന സമിതിയില്‍ തീരുമാനം
മട്ടാഞ്ചേരി: ഓഗസ്റ്റ് പകുതിയോടെ 45 പേര്‍ക്ക് പട്ടയം നല്‍കുവാനുള്ള നടപടികള്‍ ആരംഭിച്ചതായി കൊച്ചി താലൂക്ക് വികസന സമിതിയില്‍ തഹസില്‍ദാര്‍ കെ.വി ആംബ്രോസ് അറിയിച്ചു. ഇതിന് ശേഷം വിപുലമായ രീതിയില്‍ പട്ടയം നല്‍കാന്‍ തീരുമാനിച്ചതായും തഹസില്‍ദാര്‍ അറിയിച്ചു. തെറ്റായ രീതിയില്‍ നിര്‍മ്മിച്ച പട്ടയങ്ങള്‍ റദ്ദ് ചെയ്ത് നിലവില്‍ താമസിക്കുന്ന ആളുകള്‍ക്ക് ക്രമപ്രകാരം പട്ടയം നല്‍കുവാന്‍ സാധിക്കുമോയെന്ന് പരിശോധിക്കുന്നുണ്ട്. അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഭൂമി പതിച്ച് നല്‍കുന്നതിന് സത്വര നടപടി സ്വീകരിക്കുമെന്നും തഹസില്‍ദാര്‍ യോഗത്തില്‍ അറിയിച്ചു. ചെറായി ബീച്ചില്‍ ഔട്ട് പോസ്റ്റ് നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കുന്നതിന് പൊലീസ്,എക്‌സൈസ് വകുപ്പുകള്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ അതിനുള്ള നടപടി സ്വീകരിക്കും.
ഫോര്‍ട്ട്‌കൊച്ചി ബസ് സ്റ്റാന്റിന്റെയും കാത്തിരിപ്പ് കേന്ദ്രത്തിന്റെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന പ്രൈവറ്റ് ബസ് വര്‍ക്കേഴ്‌സ് യൂണിയന്റെ നിവേദനം നഗരസഭ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തും. വിവിധ എക്‌സൈസ് സര്‍ക്കിളുകളില്‍ പത്ത് കഞ്ചാവ് കേസുകള്‍ കഴിഞ്ഞ മാസം രജിസ്റ്റര്‍ ചെയ്തതായും സ്‌ക്കൂളുകളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും യോഗത്തില്‍ പങ്കെടുത്ത എക്‌സൈസ് അധികൃതര്‍ അറിയിച്ചു.
വൈപ്പിന്‍ ബോട്ട് ജെട്ടി അപകടാവസ്ഥയിലാണെന്നും അത് പൊളിച്ച് മാറ്റി നഗരസഭ വക സ്ഥലത്ത് പുതിയ ജെട്ടി നിര്‍മിക്കാന്‍ നടപടി വേണമെന്ന് ഭാസ്‌ക്കരന്‍ മാലിപ്പുറം ആവശ്യപ്പെട്ടു. യോഗത്തില്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.എസ് പ്രകാശന്‍, വി.കെ സുനില്‍ കുമാര്‍, കെ.പി ശെല്‍വന്‍, ആര്‍.ത്യാഗരാജന്‍, എന്‍.കെ സച്ചു, കെ.വി തോമസ് എം.പിയുടെ പ്രതിനിധി വി.എസ് സോളീരാജ്, ജില്ലാ പഞ്ചായത്തംഗങ്ങളായ റോസ് മേരി ലോറന്‍സ്, അയ്യമ്പിള്ളി ഭാസ്‌ക്കരന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എക്‌സ്.ജെറോം യോഗത്തില്‍ നന്ദി രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."