നിയമവിരുദ്ധ പ്രചാരണത്തിനെതിരേ രാപ്പകല്‍ ജാഗ്രതയുമായി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍
കോട്ടയം: ചുട്ടുപൊള്ളുന്ന വെയിലിലും കര്‍മ്മനിരതമാണ് കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ ഡീഫേസ്‌മെന്റ് സ്‌ക്വാഡുകള്‍.
തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ നിയമവിരുദ്ധമായി സ്ഥാപിച്ച പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ എല്ലാ നിയമസഭാ നിയോജക മണ്ഡലങ്ങളിലും കൂടുതല്‍ ഊര്‍ജിതമാക്കി. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ 24 മണിക്കൂറും സ്‌ക്വാഡുകള്‍ ജില്ലയില്‍ നിരീക്ഷണം നടത്തുന്നു. സ്വകാര്യ ഭൂമിയില്‍ ചുവരെഴുത്തു നടത്തുന്നതിനും പോസ്റ്ററുകളും മറ്റ് പ്രചാരണ സാമഗ്രികളും പ്രദര്‍ശിപ്പിക്കുന്നതിനും ഉടമയുടെ രേഖാമൂലമുള്ള സ്വതന്ത്രാനുമതി വില്ലേജ് ഓഫിസര്‍മാര്‍ മുഖേനയോ സ്‌ക്വാഡുകള്‍ മുഖേനയോ ജില്ലാ വരണാധികാരികള്‍ക്ക് നല്‍കണമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കൊടികളും പരസ്യങ്ങളും സ്വകാര്യ ഭൂമിയില്‍ ഉടമയുടെ സ്വതന്ത്രാനുമതിയില്ലാതെ വച്ചിട്ടുള്ളവയും നീക്കം ചെയ്യുന്നുണ്ട്. സ്വകാര്യ ഭൂമിയിലെ പരസ്യങ്ങള്‍ക്ക് അനുമതിപത്രമുണ്ടോ എന്ന് പരിശോധിച്ചശേഷമാണ് നടപടി സ്വീകരിക്കുന്നത്. കോട്ടയം മണ്ഡലത്തില്‍ ഇതുവരെ വരെ ബാനറുകളും പോസ്റ്ററുകളുമുള്‍പ്പെടെ 44179 അനധികൃത പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഒന്‍പത് നിയോജക മണ്ഡലങ്ങളിലായി 18 ഡീഫേസ്‌മെന്റ് സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ടീം ലീഡറും പോലീസ് ഉദ്യോഗസ്ഥനും രണ്ട് അസിസ്റ്റന്റുമാരും വീഡിയോഗ്രാഫറും ഉള്‍പ്പെടുന്നതാണ് ഡീഫേസ്‌മെന്റ് സ്‌ക്വാഡ്. പുറമ്പോക്ക് വസ്തുവിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കി വ്യക്തികള്‍ പരസ്യ കമ്പനികളില്‍നിന്നും പണം വാങ്ങുന്നതായി കോട്ടയം നിയമസഭാ നിയോജകമണ്ഡലത്തിലെ സ്‌ക്വാഡ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. റെയില്‍വേ പുറമ്പോക്കിലെ വസ്തു കാണിച്ചാണ് പരസ്യ കമ്പനിയില്‍ നിന്ന് പണം വാങ്ങിയത്. ഈ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തിട്ടുണ്ട്. മാതൃകാ പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച് സി-വിജില്‍ ആപ്ലിക്കേഷന്‍ മുഖേന ലഭിക്കുന്ന പരാതികള്‍ക്ക് 100 മിനിറ്റിനകം പരിഹാരം കാണുന്നതില്‍ ഫ്‌ളൈയിംഗ് സ്‌ക്വാഡിനൊപ്പം ഡീഫേസ്‌മെന്റ് സ്‌ക്വാഡും പങ്കാളികളാകുന്നുണ്ട്. നീക്കം ചെയ്യുന്ന പരസ്യങ്ങള്‍ തയാറാക്കിയതന്റെ ചെലവും നീക്കം ചെയ്യുന്നതിനുള്ള ചെലവും കണക്കാക്കി ബന്ധപ്പെട്ട സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കണക്കില്‍ ഉള്‍പ്പെടുത്തുന്നതിനായി ചെലവ് നിരീക്ഷണ സെല്ലിന് കൈമാറുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."