കോടികളുടെ നിര്‍മാണ സാമഗ്രികളും ഉപകരണങ്ങളും നശിക്കുന്നു
പൂച്ചാക്കല്‍: മാക്കേകടവ് -നേരെ കടവ് പാലം നിര്‍മാണം പാതിവഴിയില്‍.കോടികളുടെ സാമഗ്രികളും ഉപകരണങ്ങളും നശിക്കുന്നു. തുറവൂര്‍പമ്പ പാതയുടെ ഭാഗമായ രണ്ടാം ഘട്ട പാലമാണ് മാക്കേകടവ്‌നേരെകടവ് പാലം. പാലത്തിന്റെ അപ്രോച്ച് റോഡിനുള്ള സ്ഥലം എടുക്കലുമായി ബന്ധപ്പെട്ട വിഷയമാണ് നിലവില്‍ പ്രതിസന്ധിക്ക് കാരണം.
പാലത്തിന്റെ തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായിട്ട് മാസങ്ങളായി. തൂണുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്പാനുകളാണ് ഇനി നിര്‍മിക്കേണ്ടത്. എന്നാല്‍ സ്പാനുകള്‍ നിര്‍മിക്കാനുള്ള സ്ഥലം അനുവദിച്ച് കിട്ടാത്തതാണ് നിര്‍മാണം വൈകിപ്പിക്കുന്നത്.അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തു കഴിഞ്ഞാല്‍ ആ സ്ഥലത്ത് സ്പാനുകളുടെ നിര്‍മാണ പ്രവൃത്തി നടത്താനാകും.സ്ഥലം എടുക്കല്‍ വൈകുന്നതാണ് നിര്‍മാണത്തെ സാരമായി ബാധിച്ചിരിക്കുന്നത്.80 കോടി രൂപയാണ് പാലം നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്.സ്ഥലം അനുവദിച്ചു കിട്ടിയാല്‍ 14 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകും എന്നാണ് കരാറുകാര്‍ പറയുന്നത്.
അപ്രോച്ച് റോഡിന് സ്ഥലം വിട്ടു നല്‍കുന്ന ഉടമകളുമായി വിലയുടെ കാര്യത്തില്‍ ധാരണയാകാത്തതാണ് നിലവിലെ പ്രശ്‌നം. നിര്‍മാണത്തിന്റെ തുടക്കത്തില്‍ സെന്റിന് 5,17,000 രൂപ പ്രകാരം ചിലരുമായി വില ധാരണയായതാണ്. ഇതില്‍ ചില വ്യക്തികള്‍ കൂടിയ വില നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചു.ഹൈകോടതി നിര്‍ദേശ പ്രകാരം ജില്ലാ കലക്ടര്‍ പലതവണ സ്ഥലം സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ പരാതിക്കാര്‍ സ്ഥലത്തു നിന്നും മാറി നില്‍ക്കുകയായിരുന്നു.
കലക്ടറേറ്റിലേക്ക് പല തവണ ചര്‍ച്ചക്ക് ക്ഷണിച്ചെങ്കിലും വ്യക്തികള്‍ ക്ഷണം തിരസ്‌കരിക്കുകയായിരുന്നു. പിന്നീട് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ നടന്ന നടപടിയുടെ ഭാഗമായി 5,17,000 രൂപ സ്ഥിരപ്പെടുത്തുകയും തുടര്‍ന്ന് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ജില്ലാ കലക്ടര്‍ ഈ തുക സമ്മതിച്ച് ഒപ്പുവെക്കണമായിരുന്നു.ഇതുമായി ബന്ധപ്പെട്ട ഫയല്‍ മേശപ്പുറത്ത് ഇരിക്കേയാണ് അന്നത്തെ കളക്ടര്‍ ടി.വി.അനുപമക്ക് സ്ഥലം മാറ്റം ഉണ്ടാകുന്നത്.ട്രാന്‍സ്ഫര്‍ പ്രകാരം തൃശൂരിലേക്ക് പോകുന്നതിന്റെ തലേ ദിവസം കളക്ടര്‍ ഈ ഫയലില്‍ എഴുതിയ റിപ്പോര്‍ട്ടാണ് നിലവില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ധാരണയായ 517000 രൂപ ഭൂമി വില കൂടിയ വിലയാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.ഇത് അംഗീകരിച്ച് ഒപ്പുവെക്കാതെ ഫയല്‍ മടക്കുകയായിരുന്നു.
തുടര്‍ന്ന് വന്ന ജില്ലാ കലക്ടര്‍ ഈ ഫയല്‍ റീ ഓപ്പണ്‍ ചെയ്യാന്‍ തയ്യാറാകണമെങ്കില്‍ സര്‍ക്കാറിന്റെ പ്രത്യേക ഓര്‍ഡര്‍ ഇറക്കേണ്ടി വരും.
ഈ പ്രശ്‌നം പരിഹരിക്കുന്നതിന് പൊതുമരാമത്ത് മന്ത്രി ഇടപെട്ടെങ്കിലും ഫലം ഉണ്ടായില്ല. സര്‍ക്കാരില്‍ നിന്നുള്ള ഓര്‍ഡര്‍ സമ്പാദിക്കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുകയാണെന്ന് എ.എം ആരിഫ് എം.എല്‍. എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."