ചോദിച്ചത് ചോര്‍ച്ച തടയാന്‍ ഒരു ഫ്‌ളക്‌സ്; യുവാക്കള്‍ നല്‍കിയതാകട്ടെ കാരുണ്യത്തിന്റെ തണല്‍
തൃക്കരിപ്പൂര്‍: വീടിന്റെ ചോര്‍ച്ച തടയാന്‍ ഒരു നിര്‍ധന കുടുംബത്തിനു വേണ്ടി പാലിയേറ്റിവ് വളണ്ടിയര്‍ ചോദിച്ചത് ഒരു ഫ്‌ളക്‌സ് ബോര്‍ഡ്. എന്നാല്‍ നല്‍കിയത് കാരുണ്യത്തിന്റെ തണല്‍.
ലോകകപ്പ് ഫുട്‌ബോള്‍ മാമാങ്കം കൊടിയിറങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ബീരിച്ചേരി റെയില്‍വേ ഗേറ്റ് പരിസരത്ത് ഉയര്‍ത്തിയ പടുകൂറ്റന്‍ ഫ്‌ളക്‌സ് കണ്ട പാലിയേറ്റിവ് വളണ്ടിയര്‍ ബീരിച്ചേരി യുവാക്കളോട് ആവശ്യം കഴിഞ്ഞാല്‍ നിങ്ങള്‍ ഉയര്‍ത്തിയ ഫ്‌ളക്‌സ് തരുമോ എന്നന്വേഷിച്ചു. കാര്യം തിരക്കിയ യുവാക്കളോട് ആ വളണ്ടിയര്‍ വിശദമായി തന്നെ കാര്യങ്ങള്‍ വിവരിച്ചു.
രണ്ട് ആണ്‍ മക്കളുണ്ട് , പക്ഷെ അവര്‍ക്കൊന്നും ആറു വര്‍ഷമായി കിടപ്പിലായ ഉമ്മയുടെ കാര്യത്തിലോ വാര്‍ധക്യ സഹജമായി തൊഴില്‍ എടുക്കാന്‍ പറ്റാത്ത ഉപ്പയുടെ കാര്യത്തിലോ താല്‍പര്യം ഇല്ല. നേരിട്ട് വീട് കാണാന്‍ പോയ യുവാക്കള്‍ക്ക് കാര്യങ്ങള്‍ ബോധ്യമായി. ചോര്‍ന്നൊലിക്കുന്ന വീട്, വീടിന്റെ സ്വീകരണ മുറിയില്‍ തന്നെ ഒരു ബെഡ് എന്ന് തോന്നിപ്പിക്കുന്ന തറയില്‍ നിന്ന് അല്‍പം ഉയരത്തിലായി ആറു വര്‍ഷമായി ഒരേ കിടപ്പ് കിടക്കുന്ന ഉമ്മ, തൊട്ടടുത്തു തന്നെ ഭക്ഷണം പാകം ചെയ്യാനുള്ള സ്ഥലവും.
വേര്‍തിരിക്കാന്‍ മറ്റൊരു മറയില്ല. വീടിന്റെ അവസ്ഥ കണ്ട് മനമുരുകിയ യുവാക്കള്‍ അവിടെ വച്ച് തന്നെ ആ വീടിനു വേണ്ട കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനം എടുത്തു. യുവാക്കളുടെ കൂട്ടായ്മ ലൈവ് ബീരിച്ചേരി വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കാര്യം അവതരിപ്പിക്കുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ആവശ്യമുള്ള ഒരു ലക്ഷത്തോളം രൂപ സ്വരൂപിക്കുകയും ഉടന്‍ തന്നെ വീടിന്റെ അറ്റകുറ്റ പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.
ഷാജഹാന്‍ മുറക്കാട്ട്, ഫായിസ് ബീരിച്ചേരി, അഷ്‌കര്‍, യു.പി ഫാസില്‍, വി.പി.പി ഷുഹൈബ്, ഇസ്മായില്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറ്റകുറ്റ പ്രവൃത്തി നടന്നുവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."