മാംഗോ കാബ്സിനെതിരേ നഗരത്തില്‍ ഓട്ടോ-ടാക്സി പണിമുടക്ക് പൂര്‍ണം
കോഴിക്കോട്: നഗരത്തില്‍ ആരംഭിക്കുന്ന മാംഗോ കാബ്സ് ഓണ്‍ലൈന്‍ ടാക്സിക്കെതിരേ സംയുക്ത സമരസമിതിയുടെ ആഹ്വാനപ്രകാരം ഓട്ടോ-ടാക്സി തൊഴിലാളികള്‍ പണിമുടക്കി. രാവിലെ ആറു മുതല്‍ ഉച്ചയ്ക്കു രണ്ടുവരെ നടന്ന പണിമുടക്കില്‍ ജനം വലഞ്ഞു.
ഓട്ടോറിക്ഷകളും ടെംപോ ട്രാവലര്‍ ഉള്‍പ്പെടെയുള്ള ടാക്സി വാഹനങ്ങളും പണിമുടക്കില്‍ പങ്കെടുത്തു. ഇതുമൂലം, വിവിധ ആവശ്യങ്ങള്‍ക്കായി നഗരത്തിലെത്തിയവര്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ വാഹനം കിട്ടാതെ ബുദ്ധിമുട്ടി. മാംഗോ കാബ്സ് ടാക്സി സര്വിസിനെതിരേയുള്ള പ്രതിഷേധം ശക്തമാക്കാന്‍ നഗരത്തിലെ ഓട്ടോ-ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ തീരുമാനിച്ചു.
പണിമുടക്കിയ മോട്ടോര്‍ തൊഴിലാളികള്‍ മാവൂര്‍ റോഡിലെ മാംഗോ കാബ്സ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. സി.ഐ.ടി.യു, ഐ.എന്‍.ടി.യു.സി, ബി.എം.എസ്, എച്ച്.എം.എസ്, എ.ഐ.ടി.യു.സി എന്നിവയുള്‍പ്പെട്ട സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ പരിപാടി.
മാര്‍ച്ച് മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ജില്ലാ സെക്രട്ടറി ടി. ബാലന് നായര്‍ ഉദ്ഘാടനം ചെയ്തു. പ്രേമന് (ബി.എം.എസ്), ജനാര്ദനന് (ഐ.എന്‍.ടി.യു.സി), ബിജു ആന്റണി (എച്ച്.എം.എസ്), പി.കെ നാസര്‍ (എ.ഐ.ടി.യു.സി) സംസാരിച്ചു. പ്രകടനത്തിന് പി.എം ഗോപിനാഥ്, ടി. ഉദയകുമാര്‍, മുഹമ്മദ് കോയ, ശശി, കെ.പി അബ്ദുല്‍ ലത്തീഫ് നേതൃത്വം നല്കി.
മാംഗോ കാബ്സ് പ്രവര്‍ത്തിക്കുന്ന ഓഫിസിന് ഇതുവരെ ലൈസന്‍സ് ലഭിച്ചിട്ടില്ലെന്നും ആര്.ടി.ഒയുമായി ബന്ധപ്പെട്ടപ്പോള്‍ സര്‍വിസ് നടത്താനുള്ള പെര്‍മിറ്റ് ഔദ്യോഗികമായി കൊടുത്തിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും സംയുക്ത സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."