മസാല ബോണ്ട്: നാടിന്റെ വികസനത്തെ കുറിച്ച് വല്ല കാഴ്ചപ്പാടും ഉണ്ടായിരുന്നെങ്കില്‍ ചെന്നിത്തല എതിര്‍ക്കുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി
തൃശൂര്‍: മസാല ബേണ്ട് വിവാദത്തില്‍ പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തെ കുറിച്ച് വല്ല കാഴ്ചപ്പാടും ഉണ്ടായിരുന്നെങ്കില്‍ ചെന്നിത്തല കിഫ്ബി മുഖേനയുള്ള ധനസമാഹരണത്തെ എതിര്‍ക്കില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആലത്തൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ ബിജുവിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ചേലക്കരയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ബജറ്റ് വിഹിതം കൊണ്ട് മാത്രം നാടിന്റെ പശ്ചാത്തലവികസനം സാധ്യമാവില്ലെന്ന് മനസ്സിലായപ്പോഴാണ് കിഫ്ബി മുഖേന അമ്പതിനായിരം കോടി രുപ സമാഹരിക്കാന്‍ നിശ്ചയിച്ചത്.
തുടക്കത്തില്‍ തന്നെ പ്രതിപക്ഷം ഇതിനെ എതിര്‍ത്തിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പു കാലത്ത് ജനങ്ങളില്‍ തെറ്റിദ്ധാരണ പടര്‍ത്താന്‍ കനേഡിയന്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ ഫണ്ട് നിക്ഷേപത്തെ കുറിച്ച് വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇതൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോവില്ല. പണത്തിനായി മസാലബോണ്ട് ഇറക്കിയത് ആര്‍ബിഐയുടെ അനുമതിയോടെയാണ്. പെന്‍ഷന്‍ ഫണ്ട് ഏതെങ്കിലും സ്വകാര്യ കമ്പനിയുടേതല്ല. അവിടുത്തെ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണ്്. അനേകം രാജ്യത്ത് അവരുടെ നിക്ഷേപമുണ്ട്. കനേഡിയന്‍ പെന്‍ഷന്‍ ഫണ്ടിന് വലിയ പലിശയാണെന്നായിരുന്നു മറ്റൊരാക്ഷേപം. എന്നാല്‍ ഏറ്റവും കുറഞ്ഞ പലിശക്കാണ് അവര്‍ കിഫ്ബിയില്‍ നിക്ഷേപിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."