കൊച്ചിയില്‍ നിന്നുള്ള മത്സ്യക്കയറ്റുമതിയെ ബാധിച്ചുതുടങ്ങി
കൊച്ചി: അസൗകര്യം മൂലം തോപ്പുംപടി ഹാര്‍ബറില്‍ നിന്ന് ഗില്ലറ്റ് ബോട്ടുകള്‍ ഒഴിഞ്ഞുപോകുന്നത് മത്സ്യക്കയറ്റുമതിയെ ബാധിച്ചു തുടങ്ങി. നേരത്തെ 650 ബോട്ടുകളാണ് പുറംകടലില്‍ മത്സ്യബന്ധനത്തിന് പൊയ്‌ക്കൊണ്ടിരുന്നത്. എന്നാല്‍ ഇവിടെ ബോട്ട് അടുപ്പിക്കുന്നതിനുള്ള പ്രശ്‌നങ്ങളും തുറമുഖത്തിന്റെ ആഴക്കുറവും മൂലം കന്യാകുമാരിയിലെ തേങ്ങാപട്ടണം ഹാര്‍ബറിലേക്ക് ബോട്ടുകള്‍ ഒഴിഞ്ഞുപോകുകയാണ്. ഇപ്പോള്‍ 450 ഓളം ബോട്ടുകള്‍ മാത്രമാണ് മീന്‍പിടിക്കാന്‍ ഹാര്‍ബറില്‍ നിന്ന് പോകുന്നത്.
മുപ്പത് ബോട്ടുകള്‍ ദിവസവും മത്സ്യവുമായി എത്തിയിരുന്നിടത്ത് 20 ബോട്ടുകള്‍ മാത്രമാണിപ്പോള്‍ എത്തുന്നത്. ഹാര്‍ബര്‍ നവീകരണത്തിനായി 110കോടിയുടെ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഇവിടേക്കുള്ള റോഡുപോലും നവീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. ഇരുചക്രവാഹനങ്ങള്‍ പോലും പൊട്ടിപൊളിഞ്ഞ റോഡിലൂടെ ഏറെ കഷ്ടപ്പെട്ടാണ് ഹാര്‍ബറിലെത്തുന്നത്.
ബോട്ടുകള്‍ അടുപ്പിക്കാന്‍ ആറുമീറ്റര്‍ ആഴം വേണമെന്നിരിക്കെ വെറും ഒന്നരമീറ്റര്‍ ആഴം മാത്രമാണ് ഇപ്പോഴുള്ളത്. കൃത്യസമയത്ത് ഡ്രഡ്ജിങ് നടത്താത്തതാണ് ഇതിനു കാരണം. കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ നവീകരണ പ്രവര്‍ത്തനത്തെ തുടര്‍ന്ന് ചെളി അടിഞ്ഞു കൂടുന്നതായും തൊഴിലാളികള്‍ പറയുന്നു. എന്നാല്‍ തേങ്ങാപട്ടണം ഹാര്‍ബറില്‍ എല്ലാ സൗകര്യവുമുള്ളതിനാലാണ് ഇവര്‍ കേരളം ഉപേക്ഷിച്ച് അവിടേക്ക് പോകുന്നത്. എന്നാല്‍ ബോട്ട് അടുപ്പിക്കാനും മറ്റും സൗകര്യങ്ങള്‍ ഒരുക്കി തന്നാല്‍ തിരികെ എത്താമെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ ബോട്ടുകള്‍ തേങ്ങാപട്ടണത്തേക്ക് ചേക്കേറിയത് കച്ചവടത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ദിവസവും എത്തുന്ന ബോട്ടുകളില്‍ നിന്ന് ഒന്നരകോടി വരെ ബിസിനസുണ്ടായിരുന്നത് ഇപ്പോള്‍ നാല്‍പത് ശതമാനമായി കുറഞ്ഞിരിക്കുകയാണ്. അധികൃതര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട് ഗില്ലറ്റ് ബോട്ടുകളെ ഇവിടെതന്നെ പിടിച്ചുനിര്‍ത്താന്‍ സൗകര്യമൊരുക്കണമെന്ന ആവശ്യമാണിപ്പോള്‍ ഉയരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."