ജലജന്യരോഗ നിയന്ത്രണം: വധൂവരന്മാര്‍ക്ക് ആരോഗ്യ സന്ദേശവുമായി മംഗളപത്രം
പാലക്കാട്: അലനല്ലൂരില്‍ ഇപ്പോള്‍ കല്യാണവീടുകളില്‍ ഒരുക്കങ്ങള്‍ക്ക് മുമ്പ് തന്നെ ആരോഗ്യ വകുപ്പിന്റെ മംഗളപത്രമെത്തുന്നുണ്ട്. മലപ്പുറം, പാലക്കാട് ജില്ലകളില്‍ വിവാഹ സത്കാരങ്ങള്‍ കഴിഞ്ഞാല്‍ ധാരാളം പേര്‍ക്ക് മഞ്ഞപ്പിത്തം, ടൈഫോയ്ഡ് എന്നിവ ബാധിക്കുന്ന സാഹചര്യത്തിലാണ് അലനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രവും ഗ്രാമപഞ്ചായത്തും പുതിയ ആശയത്തിന് തുടക്കമിട്ടത്.
കല്യാണ വീട്ടില്‍ നിന്നും വെള്ളവും ഭക്ഷണവും കഴിച്ചത് കൊണ്ട് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അസുഖങ്ങള്‍ വന്നാല്‍ വധൂവരന്‍മാരടക്കം എല്ലാവര്‍ക്കും മാനസിക വിഷമമുണ്ടാകുമെന്നതിനാല്‍, ഭക്ഷണം, വെള്ളം സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്നാണ് അപേക്ഷ.
അതിഥികള്‍ക്ക് തിളപ്പിച്ച് ആറിയ വെള്ളം മാത്രം കുടിക്കാന്‍ നല്‍കുക, വെല്‍ക്കം ഡ്രിങ്ക് ഒഴിവാക്കുക, കിണര്‍ജലം ഒരാഴ്ച മുമ്പെങ്കിലും ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുക, സലാഡ് കഷണങ്ങള്‍ ശുദ്ധജലത്തില്‍ കഴുകി വൃത്തിയായി ഉപയോഗിക്കുക, ഐസ് ഒഴിവാക്കുക, പാചകം ചെയ്യുന്നതിനും വിളമ്പുതന്നതിനുമുള്ള പാത്രങ്ങള്‍ കഴുകി ഉപയോഗിക്കുക. സല്‍കാരത്തിന് ശേഷം വരുന്ന മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ ശാസ്ത്രീയമായി സംസ്‌കരിക്കുക, പ്ലാസ്റ്റിക് ഗ്ലാസുകള്‍ ഒഴിവാക്കുകഎന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന അഭ്യര്‍ഥന കൂടാതെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഒരു ഫോണ്‍ നമ്പറും മംഗളപത്രത്തിലുണ്ട്.
അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ഗിരിജ, സാമൂഹിക ആരോഗ്യ. കേന്ദ്രം സൂപ്രണ്ട് ഡോ. അബ്ബാസ് എന്നിവരുടെ കയ്യൊപ്പും ഔദ്യാഗിക സീലും പതിച്ച മംഗളപത്രം അവസാനിക്കുന്നത് വധുവരന് വിവാഹാശംസകള്‍ നേര്‍ന്നുകൊണ്ടാണ്.
വീടുകളില്‍ കല്യാണമോ അതുമായി ബന്ധപ്പെട്ട മറ്റ് സല്‍കാരങ്ങളോ നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചാല്‍ ആശാവര്‍ക്കര്‍മാരോ വാര്‍ഡ് മെമ്പറോ വിവരമറിയിക്കും. തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് വീടുകളില്‍ മംഗള പത്രം നല്‍കി ആവശ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കുക.
ഇതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് നഴ്‌സ്, ആശാവര്‍ക്കര്‍മാര്‍, വാര്‍ഡ് മെമ്പര്‍ എന്നിവര്‍ക്ക് നേരത്തെതന്നെ പരിശീലനം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."