മാലിന്യ നിര്‍മാര്‍ജനം: കേരളത്തിന് സുപ്രിംകോടതി ലക്ഷം രൂപ പിഴ വിധിച്ചു
ന്യൂഡല്‍ഹി: ഖരമാലിന്യ നിര്‍മാജനത്തില്‍ ഉത്തരവുകള്‍ പാലിക്കാത്തതിനെ തുടര്‍ന്ന് കേരളമടക്കം 10 സംസ്ഥാനങ്ങള്‍ക്കും രണ്ടുകേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രിംകോടതി ഒരുലക്ഷം രൂപവീതം പിഴചുമത്തി. പുറമെ കോടതി സംസ്ഥാനങ്ങള്‍ക്ക് അന്ത്യശാസനയും നല്‍കി. കേരളത്തെക്കൂടാതെ ബിഹാര്‍, ഛത്തീസ്ഗഡ്, ഹിമാചല്‍പ്രദേശ്, ജമ്മുകശ്മിര്‍, പശ്ചിമബംഗാള്‍, കര്‍ണാടക, മേഘാലയ, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങള്‍ക്കും ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്രഭരണപ്രദേശങ്ങള്‍ക്കുമാണ് കോടതി പിഴവിധിച്ചത്.
തുക രണ്ടാഴ്ചയ്ക്കുള്ളില്‍ സുപ്രിംകോടതി ലീഗല്‍ സര്‍വിസ് കമ്മിറ്റിക്കു കൈമാറണം. ഈ തുക ബാലാവകാശ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണം. ഖരമാലിന്യ നിര്‍മാര്‍ജന നിയമങ്ങള്‍ ഇനിയും നടപ്പാക്കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറിയെ നേരിട്ട് വിളിപ്പിക്കുമെന്നും സംസ്ഥാനങ്ങള്‍ക്കു സുപ്രിംകോടതി മുന്നറിയിപ്പും നല്‍കി.
വിവിധ സംസ്ഥാനങ്ങളിലെ ഖരമാലിന്യ പ്രശ്‌നങ്ങളെക്കുറിച്ചുള്ള പരാതികള്‍ കേട്ട ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍ അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെതാണ് നടപടി.
ഹരജി ഇന്നലെ പരിഗണിക്കവെ മാലിന്യനിര്‍മാര്‍ജനവിഷയം നേരിടുന്നതിലെ വീഴ്ചകളെ കോടതി നിശിതമായി വിമര്‍ശിച്ചു. ഡല്‍ഹിയില്‍ മലപോലെ ഉയര്‍ന്ന മാലിന്യ പ്രശ്‌നത്തില്‍ ഉത്തരവാദികളായവര്‍ സുപ്രീംകോടതിയില്‍ ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഡല്‍ഹി മാലിന്യ മലയില്‍ മൂടിയപ്പോള്‍ മുംബൈ നഗരം മഴയില്‍ മുങ്ങിനില്‍ക്കുകയാണ്.
എന്നിട്ടും ബന്ധപ്പെട്ടവര്‍ ഒന്നുംചെയ്യുന്നില്ല. ഇക്കാര്യത്തില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജുഡീഷ്യന്‍ ആക്ടിവിസത്തിന്റെ പേരുപറഞ്ഞ് നേരിടുകയാണ് സര്‍ക്കാരെന്നും കോടതി വിമര്‍ശിച്ചു. ഇക്കാര്യത്തില്‍ അടുത്തമാസം ഏഴിനു മുമ്പായി വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്കു കോടതി നിര്‍ദേശം നല്‍കി. നാലാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."