ദേശീയപാതയില്‍ നടുവൊടിക്കുന്ന കുഴികള്‍; മിന്നല്‍ പരിശോധനയുമായി മന്ത്രി ജി സുധാകരന്‍
ആലപ്പുഴ: കുഴികളാല്‍ സമൃധമായ ദേശീയപാതയില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്റെ മിന്നല്‍ പരിശോധന. നഗരത്തിലെ വൈ.എം.സി.എ പാലത്തിനു സമീപത്തു നിന്നും തുടങ്ങി തോട്ടപ്പള്ളി വരെയുള്ള 25 കിലോ മീറ്ററിലെ കുഴികളാണ് മന്ത്രി നേരിട്ടു കണ്ടത്.
വടക്കുഭാഗത്ത് ആലപ്പുഴ നഗരത്തിന്റെ പ്രവേശന കവാടമായ ശവക്കോട്ടപ്പാലം, അമ്പലപ്പുഴ കാക്കാഴം മേല്‍പ്പാലം എന്നിവിടങ്ങളിലും ഇതിനിടയിലുള്ള ഭാഗങ്ങളിലെമ്പാടും വന്‍ കുഴികള്‍ രൂപപ്പെട്ടതോടെയാണ് ജി. സുധാകരന്‍ നേരിട്ടുള്ള പരിശോധനയ്ക്ക് രംഗത്തിറങ്ങിയത്.
ഉച്ചയ്ക്ക് രണ്ടരയോടെ ആയിരുന്നു തുടക്കം. പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഡി. ഹരിലാല്‍ ഒപ്പമുണ്ടായിരുന്നു. കുഴികള്‍ യഥാസമയം അടയ്ക്കാതിരുന്നതിനെ വിമര്‍ശിച്ച മന്ത്രി, അടച്ച കുഴികള്‍ മഴയില്‍ പൂര്‍വ്വസ്ഥിതിയിലാവാന്‍ കാരണം ക്രമക്കേടാണെന്നും ചൂണ്ടിക്കാട്ടി. '2018ല്‍ മാത്രം അറ്റകുറ്റപ്പണി നടത്തേണ്ട റോഡാണിത്. ഇപ്പോഴേ പൊളിഞ്ഞു. വലിയ അഴിമതിയാണ് നടന്നത്. കരാറെടുത്തയാള്‍ വന്‍വെട്ടിപ്പുതന്നെ നടത്തിയിട്ടുണ്ട്. ഘടനാപരമായിത്തന്നെ ഈ റോഡ് ശരിയല്ല.
മഴക്കാലം കഴിഞ്ഞാല്‍ മാത്രമേ പൂര്‍ണ്ണമായ നിലയിലുള്ള പുന:നിര്‍മ്മാണം നടക്കുകയുള്ളൂ. എന്നുകരുതി അതുവരെ കാത്തിരിക്കാന്‍ പറ്റില്ല. ഞാനല്ല, വേറെ ആരെങ്കിലുമായിരുന്നു മന്ത്രിയെങ്കില്‍ നാട്ടുകാര്‍ കത്തിച്ചേനെ... കുഴികളില്‍ വെറുതെ ടാര്‍ പൂശിയതല്ലാതെ ഒന്നും ചെയ്തിട്ടില്ല' പരിശോധനയ്ക്കിടെ മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു. പരിശോധനയ്ക്കായി മന്ത്രി റോഡില്‍ ഇറങ്ങിയപ്പോഴൊക്കെ വ്യാപാരികളും മറ്റുള്ളവരും റോഡിന്റെ ദു:സ്ഥിതി സംബന്ധിച്ച പരാതിയുമായി മന്ത്രിക്കു മുന്നിലെത്തി.
കുഴികളുണ്ടാക്കുന്ന ദുരിതത്തിനൊപ്പം റോഡ് ഉണങ്ങുമ്പോഴുള്ള പൊടിശല്ല്യവും വല്ലാത്ത പൊല്ലാപ്പായിരിക്കുകയാണ്. റോഡിലെ അറ്റകുറ്റപ്പണി അടിയന്തിരമായി നടത്തിയില്ലെങ്കില്‍ 19 മുതല്‍ നഗരത്തില്‍ സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന് സ്വകാര്യബസ് ഉടമകള്‍ വ്യക്തമാക്കിക്കഴിഞ്ഞു. പ്രധാനപ്പെട്ട ചില ജംഗ്ഷനുകളില്‍ ഇതിനോടകം ടൈലുകള്‍ പാകി. ശേഷിക്കുന്ന ജംഗ്ഷനുകളിലും ടൈല്‍ സ്ഥാപിക്കുമെന്ന് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ മന്ത്രിയെ അറിയിച്ചു.
സ്ഥാപിക്കുമെന്നു പറഞ്ഞാല്‍ പോര, എത്രയും വേഗം വേണമെന്നായിരുന്നു സുധാകരന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."