ട്രെയിന്‍ ഇടിച്ചു മരണം യുവതിയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും
തിരൂരങ്ങാടി: കഴിഞ്ഞ ദിവസം കോഴിക്കോട് ട്രെയിന്‍തട്ടി മരിച്ച എ.ആര് നഗര്‍ വി.കെ പടി നടുവിലങ്ങാടി വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന പടിഞ്ഞാറ്റില്‍ പുത്തന്‍വീട്ടില്‍ രാജേഷിന്റെ ഭാര്യ ഭാവന(35), മക്കളായ ഐശ്വര്യ(13), നന്ദിനി(12), വിസ്മയ(8) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്ന് വൈകിട്ട് നാലിന് എ.ആര് നഗര്‍ പൊതുശ്മശാനത്തില്‍ സംസ്കരിക്കും. ഞായറാഴ്ച പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങാന്‍ തയാറാവാത്തതിനെ തുടര്‍ന്നാണ് എ.ആര് നഗര്‍ പഞ്ചായത്തിന്റെ മൂക്കമ്മല്‍ പൊതുശ്മശാനത്തില്‍ സംസ്കരിക്കാന്‍ തീരുമാനിച്ചത്.
യുവതിയുടെ വായനാട്ടിലുള്ള ബന്ധുക്കളെ വിവരം അറിയിച്ചെങ്കിലും അവര്‍ കയ്യൊഴിയുകയായിരുന്നുവത്രേ. ഇതേതുടര്‍ന്ന് ഐശ്വര്യ, നന്ദിനി, വിസ്മയ എന്നിവര്‍ പഠിക്കുന്ന ഇരുമ്പുചോല എ.യു.പി സ്കൂള്‍ അധികൃതര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി സംസ്കരിക്കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. സ്കൂളില്‍ പൊതുദര്‍ശനത്തിനു വെയ്ക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും വിദ്യാര്‍ഥികളുടെ മാനസികാവസ്ഥ പരിഗണിച്ച് പിന്നീട് മാറ്റി.
നാട്ടുകാര്‍ക്കുവേണ്ടി പൊതുശ്മശാനത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. കോഴിക്കോട് പുതിയങ്ങാടിക്ക് സമീപം കോയാറോഡ് റെയില്‍വേ ഗേറ്റിന് സമീപമാണ് ഞായറാഴ്ച പുലര്‍ച്ചെ നാലുപേരെയും ട്രെയിന്‍തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."