വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം: തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനമുള്ള പോസ്റ്ററുകള്‍ പതിച്ചു
കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, തെരഞ്ഞെടുപ്പ് ബഹിഷ്‌കരണ ആഹ്വാനവുമായി മാവോയിസ്റ്റ് പോസ്റ്ററുകളും ബാനറും. മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയിലാണ് ഇന്ന് രാവിലെ വ്യാപകമായി പോസ്റ്ററുകളും ലഘുലേഖകളും പതിച്ചത്. കൂടാതെ പ്രദേശത്തെ പുഞ്ചിരിമട്ടത്തെ ഒരു വീട്ടില്‍ പുലര്‍ച്ചെ മൂന്നിന് നാലംഗ സായുധ സംഘമെത്തി അരിയും പച്ചക്കറികളും ശേഖരിക്കുകയും വീട്ടുകാരോട് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്ന് പറയുകയും ചെയ്തു.
കല്‍പ്പറ്റ സ്വദേശി സോമന്‍ ഉള്‍പ്പെടെയുള്ളവരാണ് മുണ്ടക്കൈയില്‍ എത്തിയത്. അങ്ങാടിയിലെ സാംസ്‌കാരിക നിലയത്തിന്റെ നോട്ടിസ് ബോര്‍ഡിലും എച്ച്.എം.എല്‍ എസ്‌റ്റേറ്റ് ഓഫിസിന് സമീപത്തെ നോട്ടിസ് ബോര്‍ഡിലും പോസ്റ്റര്‍ പതിച്ച സംഘം പുഞ്ചിമട്ടം റോഡിലെ പതിനഞ്ചിലധികം വീടുകളുടെ മുന്നിലും കൈയെഴുത്ത് നോട്ടിസും ലഘുലേഖയും വച്ചിട്ടുണ്ട്.
പുലര്‍ച്ചെ മൂന്നുമണിക്ക് വീടിന് പുറത്ത് ശബ്ദം കേട്ട് പ്രസന്നകുമാര്‍ ലൈറ്റിട്ട് വാതില്‍ തുറന്നപ്പോഴാണ് വീട്ടുമുറ്റത്ത് സായുധരായ നാലംഗ സംഘത്തെ കണ്ടത്. അല്‍പനേരം സംസാരിച്ച ഇവര്‍ ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കുകയും പോസ്റ്റ് ചെയ്യാന്‍ രണ്ടു കവറുകള്‍ നല്‍കുകയും ചെയ്താണ് മടങ്ങിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മേപ്പാടി പൊലിസ് കാണിച്ച ചിത്രങ്ങളില്‍ സോമനെ പ്രസന്നകുമാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. സി.പി.ഐ (മാവോയിസ്റ്റ്) നാടുകാണി ഏരിയ കമ്മിറ്റിയുടെ പേരിലുള്ളതാണ് പോസ്റ്ററുകളും ബാനറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."