മധ്യപ്രദേശില്‍ 281 കോടി പിടികൂടിയെന്ന് ആദായനികുതി വകുപ്പ്
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ നടത്തിയ റെയ്ഡില്‍ 281 കോടി രൂപ പിടിച്ചെടുത്തെന്ന് ആദായനികുതി വകുപ്പ്. മുഖ്യമന്ത്രി കമല്‍നാഥുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തും നടത്തിയ റെയ്ഡിലാണ് ഇത്രയും തുക കണ്ടെടുത്തതെന്നും ആദായനികുതി വകുപ്പ് പറയുന്നു. ഇന്നലെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
ആസൂത്രിതമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന റാക്കറ്റുകളില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച നിലയിലാണ് പണം കണ്ടെടുത്തതെന്നും റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.
കണ്ടെടുത്ത പണത്തില്‍ വലിയൊരു ഭാഗം ഒരു പ്രമുഖ പാര്‍ട്ടിയുടെ ഡല്‍ഹി ഓഫിസിലേക്ക് മാറ്റാനായിട്ടായിരുന്നു നീക്കം. 20 കോടി രൂപ നേരത്തെ ഹവാല ഇടപാടിലൂടെ ഡല്‍ഹിയിലേക്ക് കൈമാറിയതായി കണ്ടെത്തിയിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറയുന്നു.
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ പ്രൈവറ്റ് സെക്രട്ടറി പ്രവീണ്‍ കാക്കറിന്റെ ഇന്‍ഡോറിലെ വസതി, മുന്‍ ഉപദേശകന്‍ രാജേന്ദ്ര കുമാര്‍ മിഗ്‌ലാനിയുടെ ഡല്‍ഹിയിലെ വസതി തുടങ്ങിയവയ്ക്കു പുറമേ ചില കമ്പനികളിലും റെയ്ഡ് നടത്തിയിരുന്നു.
കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജനതാദള്‍ നേതാക്കളുടെ വീടുകളിലും ഓഫിസുകളിലുമാണ് ആദ്യം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇതേ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷ നേതാക്കളെ ലക്ഷ്യംവച്ച് സര്‍ക്കാര്‍ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."