98 ബഡ്‌സ് സ്‌കൂളുകളില്‍ ജീവനക്കാര്‍ക്കുള്ള ആനുകൂല്യം വെട്ടിക്കുറച്ചു
കൊണ്ടോട്ടി: സംസ്ഥാനത്തെ 98 ബഡ്‌സ് സ്‌കൂളുകളില്‍ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് പ്രകാരം നല്‍കേണ്ട വേതനവും ഓണറേറിയവും നല്‍കുന്നില്ല.
സംസ്ഥാന തല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് സംസ്ഥാനത്തെ 281 ബഡ്‌സ് സ്‌കൂളുകളില്‍ 98 എണ്ണത്തില്‍ ആവശ്യമായ വേതനവും ആനുകൂല്യവും നല്‍കുന്നില്ലെന്ന് വ്യക്തമാക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ മതിയായ പ്ലാന്‍ ഫണ്ടില്ലാത്തതാണ് ആനുകൂല്യം വെട്ടിക്കുറക്കാന്‍ കാരണം. മലപ്പുറം, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് ജീവനക്കാര്‍ക്ക് ആനുകൂല്യം നല്‍കുന്നതില്‍ കുറവ് വരുത്തിയ ബഡ്‌സ് സ്‌കൂളുകളുളളത്. 34 ബഡ്‌സ് സ്‌കൂളുകളുളള മലപ്പുറത്ത് 20 സ്ഥാപനങ്ങളിലും ആനുകൂല്യം വെട്ടിക്കുറക്കുന്നതായി കണ്ടെത്തി. തിരുവനന്തപുരത്ത് 36 സ്ഥാപനങ്ങളില്‍ 15 എണ്ണത്തിലും കോഴിക്കോട് 36 എണ്ണത്തില്‍ 12 എണ്ണത്തിലും പാലക്കാട് 25 എണ്ണത്തില്‍ 12 എണ്ണത്തിലും സര്‍ക്കാര്‍ നിശ്ചയിച്ചത് പ്രകാരമുളള വേതനവും ആനുകൂല്യവും നല്‍കുന്നില്ല. രണ്ട് ബഡ്‌സ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന കോട്ടയം ജില്ലയില്‍ രണ്ടെണ്ണത്തിലും വേതനം മുഴുവനായും നല്‍കുന്നില്ല. ഇടുക്കിയില്‍ രണ്ട് സ്ഥാപനങ്ങളില്‍ ഒരെണ്ണത്തിലാണ് മുഴുവന്‍ വേതനവും നല്‍കുന്നത്. മറ്റുജില്ലകളില്‍ ആകെയുളള ബഡ്‌സ് സ്‌കൂളുകളും ബ്രാക്കറ്റില്‍ വേതനം നല്‍കാത്ത സ്ഥാപനങ്ങളുടെ എണ്ണവും ഇങ്ങിനെ. കൊല്ലം 25(രണ്ട്), പത്തനംതിട്ട 7(3), ആലപ്പുഴ 20(6), എറണാകുളം 35(5), തൃശൂര്‍ 12(4), വയനാട് 11(6), കണ്ണൂര്‍ 24(6), കാസര്‍ക്കോട് 12(4). വേതനം മുടങ്ങുന്ന സ്ഥാപനങ്ങളില്‍ പലതും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കണ്ടെത്തി.
നിശ്ചിത യോഗ്യതയുളള അധ്യാപകര്‍ക്ക് 20,000 രൂപക്ക് മുകളിലാണ് വേതനം. എന്നാല്‍ ഇത് പലയിടത്തും നല്‍കുന്നത് 12,000 മാണ്. ഇതിനു പുറമെ ആയ, ബഡ്‌സ് സ്‌കൂള്‍ വാഹന ഡ്രൈവര്‍ എന്നിവര്‍ക്കും വേതനം നല്‍കണം. ഇതിന് പലപ്പോഴായി ഫണ്ടില്ലാത്തതിനാലാണ് വേതനം വെട്ടിക്കുറക്കുന്നത്. ബഡ്‌സ് സ്‌കൂളുകളുടെ പ്രവര്‍ത്തനം സാമൂഹ്യനീതി ഡയറക്ടറും കുടുംബശ്രീയും പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."