പൊന്നാനിയില്‍ ഇടതു പ്രതീക്ഷ മങ്ങുമോ?
മലപ്പുറം: കോണ്‍ഗ്രസിനു മുമ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ഇടതുപക്ഷത്തിന് പൊന്നാനി പിടിക്കാന്‍ സ്ഥാനാര്‍ഥിയെ കിട്ടിയത് 19 മണ്ഡലങ്ങളിലും ആളെ തീരുമാനിച്ച ശേഷമായിരുന്നു. മുന്നണിക്ക് ആളും ആരവവും ഏറെയുള്ള മണ്ഡലം ഇത്തവണയെങ്കിലും പിടിക്കാന്‍ കെല്‍പ്പുറ്റയാളെ കണ്ടെത്താനായിരുന്നു ഇത്.
മൂന്നാമതും സ്വതന്ത്രനെ ഇറക്കി മണ്ഡലം പിടിക്കാനുള്ള തീരുമാനത്തില്‍ പിടിച്ച പുലിവാല് ഇപ്പോഴും ഇടതിനെ കൈയൊഴിഞ്ഞിട്ടില്ല. നിരവധി ആരോപണങ്ങളുണ്ടായിട്ടും കോണ്‍ഗ്രസ് വോട്ടില്‍ കണ്ണുനട്ട് പൊന്നാനിയില്‍ പി.വി അന്‍വറിനെ ഇറക്കിയ സി.പി.എമ്മിനെതിരേ ഇ.ടി മുഹമ്മദ് ബഷീറിനു വേണ്ടി മണ്ഡലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രവര്‍ത്തനം മുസ്‌ലിം ലീഗിനെപ്പോലും വെല്ലുന്നതാണ്.
പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ 12 പേരാണ് പൊന്നാനിയില്‍ മത്സര രംഗത്തുള്ളത്. യു.ഡി.എഫിലെ സിറ്റിങ് എം.പി കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍, എല്‍.ഡി.എഫ് സ്വതന്ത്രന്‍ പി.വി അന്‍വര്‍, എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമ, അഡ്വ. കെ.സി നസീര്‍ (എസ്.ഡി.പി.ഐ), പൂന്തുറ സിറാജ്(പി.ഡി.പി സ്വതന്ത്രന്‍), ബിന്ദു(സ്വതന്ത്ര), പി.എ സമീറ(സ്വതന്ത്ര) എന്നിവരെ കൂടാതെ ഇ.ടിയുടെ പേരില്‍ മൂന്നും അന്‍വറിന്റെ പേരില്‍ രണ്ടും അപരന്മാരുമുണ്ട്.
ഒരിക്കല്‍ അബ്ദുന്നാസര്‍ മഅ്ദനി ഉള്‍പെടെ നേരിട്ടെത്തി ഇടതുമുന്നണിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ മണ്ഡലത്തില്‍ ഇത്തവണ പി.ഡി.പി ഒറ്റയ്ക്കു മത്സരിക്കുകയാണ്. ഇടതുവോട്ടില്‍ ഇത് ചോര്‍ച്ചയുണ്ടാക്കും. 2014ലെ തെരഞ്ഞെടുപ്പില്‍ 11,000ത്തിലധികം വോട്ടുപിടിച്ച ദേശീയപാത ഇരകള്‍ ഇത്തവണ സ്ഥാനാര്‍ഥിയെ നിര്‍ത്തിയെങ്കിലും യു.ഡി.എഫിനു പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ പത്രിക പിന്‍വലിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണയും ഇത്തവണ യു.ഡി.എഫിനാണ്.
മണ്ഡലത്തില്‍ അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക എല്‍.ഡി.എഫിനുണ്ട്. പൊന്നാനി ലോക്‌സഭാ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ യു.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെ വ്യക്തിഹത്യ ചെയ്‌തെന്ന പരാതിയില്‍ തിരൂര്‍ ഡി.വൈ.എസ്.പി ജില്ലാ പൊലിസ് മേധാവിക്ക് അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുപ്രകാരം കേസെടുക്കണമോ എന്ന കാര്യത്തില്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് നിയമോപദേശം തേടിയിരിക്കുകയാണിപ്പോള്‍. ഇക്കാര്യം യു.ഡി.എഫ് തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രചാരണ വിഷയമാക്കിയിരുന്നു.
നാടോടി ബാലികയെയും യുവതിയെയും ക്രൂരമായി ആക്രമിച്ച കേസില്‍ വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം എടപ്പാള്‍ ഏരിയാ കമ്മിറ്റി അംഗവുമായ രാഘവന്‍ അറസ്റ്റിലായതും മണ്ഡലത്തില്‍ ഇടതിനു പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. എക്കാലവും ഇടതുപക്ഷത്തിനായി സജീവ പ്രചാരണത്തിനിറങ്ങുന്ന പൊന്മുണ്ടം കോണ്‍ഗ്രസ് ഇത്തവണ മനഃസാക്ഷി വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇ.ടിയുടെ സ്വത്ത് വര്‍ധന വിവാദമാക്കിയ ഇടതുപക്ഷം അന്‍വറിന്റെ സ്വത്ത് മൂന്നു വര്‍ഷത്തിനകം 30 കോടി വര്‍ധിച്ചെന്ന കണക്കു വന്നതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.
അതേസമയം ലീഗ് നേതാക്കള്‍ എസ്.ഡി.പി.ഐ നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയെന്നത് ഉയര്‍ത്തിക്കാട്ടി മണ്ഡലത്തില്‍ ഇടതുപക്ഷം വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. ഇത് എത്രമാത്രം വോട്ടാകുമെന്നത് കണ്ടറിയണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."