മണിയെ സി.പി.എം ബലികൊടുക്കില്ല; നടപടി താക്കീതില്‍ ഒതുങ്ങും
തിരുവനന്തപുരം: പ്രതിഷേധം ശക്തമാകുമ്പോഴും മൂന്നാറിലെ പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകരായ സ്ത്രീകള്‍ക്കെതിരായ വിവാദ പരാമര്‍ശത്തിന്റെ പേരില്‍ വൈദ്യുതി മന്ത്രി എം.എം മണിയെ ബലികൊടുക്കേണ്ടതില്ലെന്ന് സി.പി.എം.
മണിയുടെ നാക്കിന് കടിഞ്ഞാണിട്ട് താക്കീതില്‍ ഒതുക്കി സംരക്ഷിക്കാനാണ് പാര്‍ട്ടി ഒരുങ്ങുന്നത്. നിയമസഭക്ക് അകത്തും പുറത്തും പ്രക്ഷോഭം ശക്തമാക്കാന്‍ പ്രതിപക്ഷം ഒരുങ്ങുമ്പോള്‍ പരമാര്‍ശത്തിന്റെ പേരില്‍ മണിയുടെ രാജി ഉണ്ടായാല്‍ മന്ത്രിസഭക്കും പാര്‍ട്ടിക്കും ഗുണകരമാവില്ലെന്നാണ് സി.പി.എം വിലയിരുത്തല്‍.
മണിയുടെ രാജി ആവശ്യം അംഗീകരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് സി.പി.എം നേതൃത്വം എത്തിച്ചേര്‍ന്നിട്ടുണ്ട്. മണിയുടെ രാജി സി.പി.ഐക്ക് നേട്ടമാകുമെന്നും സി.പി.എം വിലയിരുത്തുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മണിയുടെ വിവാദ പ്രസംഗത്തെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍, കൂടുതല്‍ നടപടിയിലേക്ക് നീങ്ങേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി.
മണിയുടെ വിവാദ പരാമര്‍ശം ജനവികാരം സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരാക്കിയെന്ന അഭിപ്രായം സി.പി.എമ്മിലുണ്ട്.
മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കല്‍ മണി ഉയര്‍ത്തിയ വിവാദം കത്തിക്കയറിയതോടെ അപ്രസക്തമായി. സി.പി.എം ആഗ്രഹിച്ചതും അതുതന്നെയായിരുന്നു. എം.എം മണിയെ രക്ഷിച്ചെടുക്കാനും മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്താനും വഴിയൊരുങ്ങുന്നത് തിരിച്ചറിഞ്ഞതോടെയാണ് കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭം പ്രഖ്യാപിച്ചത്.
കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയിലെ യുവനിരയുടെ കടുത്ത നിലപാടാണ് പ്രക്ഷോഭം ശക്തമാക്കാനും മൂന്നാറിലെ നിലപാട് മാറ്റത്തിനും വഴിയൊരുക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."