ബിന്ദുപത്മനാഭന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ രണ്ട് പ്രതികള്‍ റിമാന്‍ഡില്‍
ചേര്‍ത്തല: കടക്കരപ്പള്ളി സ്വദേശി ബിന്ദുപത്മനാഭന്റെ സ്വത്ത് തട്ടിയെടുത്ത കേസില്‍ ഇന്നലെ അറസ്റ്റിലായ രണ്ട് പ്രതികളെ റിമാന്‍ഡ് ചെയ്തു.
കേസിലെ ഒന്നാം പ്രതി സെബാസ്റ്റ്യന്റെ ബന്ധു പള്ളിപ്പുറം പഞ്ചായത്ത് 17 -ാം വാര്‍ഡ് മറീന ഭവനത്തില്‍ ഷാജി ജോസഫ്(44), വ്യാജ ഡ്രൈവിങ് ലൈസന്‍സിന് ഇടനിലക്കാരനായ ചേര്‍ത്തല കെ.ആര്‍ പുരം പടിഞ്ഞാറെവെളി സി.തങ്കച്ചന്‍(54) എന്നിവരെയാണ് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്. ഇതോടൊപ്പം സെബാസ്റ്റ്യന് ഒളിവില്‍ പാര്‍ക്കുന്നതിന് സഹായം ചെയ്ത കേസിലെ മൂന്ന് പ്രതികളായ കണ്ണൂര്‍ പയ്യാവൂര്‍ മഠയ്ക്കല്‍ പുളിച്ചമാക്കല്‍ ഡി.അനീഷ്(32), പയസക്കരി വട്ടമറ്റത്തില്‍ ജസ്റ്റിന്‍ തോമസ്(25), ആലക്കോട് കാര്‍ത്തികപ്പുറം പുതുപ്പള്ളില്‍ ജെ.ജോജോ(34) എന്നിവര്‍ക്ക് കോടതി ജാമ്യം നല്‍കി.
സെബാസ്റ്റ്യന് തളിപറമ്പ്, കര്‍ണാടകയിലെ ഷിമോഗ എന്നിവിടങ്ങളില്‍ ഒളിത്താവളം ഒരുക്കിയതിനാണ് ഇവര്‍ പിടിയിലായത്.
ബിന്ദുപത്മനാഭന്റെ സഹോദരന്‍ ഇറ്റലിയിലുള്ള പ്രവീണ്‍ കുമാര്‍ പൊലീസ് ആവശ്യപ്പെട്ടപ്രകാരം അടുത്ത ദിവസം തന്നെ നാട്ടിലെത്തുമെന്നാണ് സൂചന. കസ്റ്റഡിയിലുള്ള സെബാസ്റ്റ്യനെ ബുധനാഴ്ചയും പൊലീസ് വിശദമായി ചോദ്യം ചെയ്തു.
വ്യാഴാഴ്ച എറണാകുളം ഇടപ്പള്ളിയിലെ വില്‍പന നടത്തിയ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
വ്യാജ ഡ്രൈവിങ് ലൈസന്‍സ് സംബന്ധിച്ച് മേട്ടുപാളയത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തുന്നതിന് കെ.ആര്‍ പുരം സി. തങ്കച്ചനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലിസ് വ്യാഴാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങിയിരുന്ന കേസിലെ രണ്ടാം പ്രതി ടി.മിനിയെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."