എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
ഹരിപ്പാട്: ഹരിപ്പാട് മൂടയില്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ നടയ്ക്കു വച്ച ആനയെ ക്ഷേത്ര ഭരണ സമിതി നിയമ വിരുദ്ധമായി തിരുവനന്തപുരം സ്വദേശിക്ക് കൈമാറ്റം ചെയ്ത സംഭവത്തില്‍ അനേഷണം നടത്തി ആനയെ വീണ്ടെടുത്ത് പുനരധിവാസ കേന്ദ്രത്തിലാക്കിയ നടപടിയില്‍ ചെങ്ങന്നൂര്‍ ഡി എഫ്.ഒ ഗണേശ് എഫ്.ഐ.ആര്‍ ഹരിപ്പാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഭക്തജനങ്ങളെ അറിയിക്കാതെ ആനയെ ദേവസ്വം ഭരണസമിതി കൈമാറ്റം ചെയ്തതില്‍ പ്രതിഷേധിച്ച്, ഭക്തജനങ്ങള്‍ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ഇതിന്മേല്‍ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും, രണ്ടു കൂട്ടരുടേയും വാദങ്ങള്‍ കേട്ട് രണ്ടാഴ്ചക്കകം യുക്തമായ തീരുമാനം എടുക്കണമെന്ന് മുഖ്യ വനപാലകന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ക്ഷേത്രഭരണാധികാരികളെ തിരുവനന്തപുരത്ത് വിളിച്ചു വരുത്തിയതും, വിശ്വാസ് വി.നായര്‍ തിരുവനന്തപുരം ചുള്ളാളം മുതുവിള റോഡിന് സമീപത്തെ പുരയിടത്തില്‍ തളച്ചിരുന്ന ആനയെ കണ്ടെത്തി തിരികെ വാങ്ങി വനം വകുപ്പ് ഏറ്റെടുത്തതും.
ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് റിപ്പോര്‍ട്ട് തയാറാക്കാന്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍, ആനയെ കൈമാറ്റം ചെയ്ത നടപടി സാധൂകരിക്കുവാന്‍ ക്ഷേത്ര ഭരണ സമിതി നിരത്തിയ വാദങ്ങള്‍ പൊള്ളയാണെന്ന് കണ്ടെത്തിയിരുന്നു.
ആനയെ കെട്ടുന്നതിന് സ്ഥലമില്ലെന്നും ശുദ്ധജലമില്ലെന്നും മറ്റുമായിരുന്നു ഭരണ സമിതി പറഞ്ഞിരുന്നത്. പക്ഷേ ക്ഷേത്രം സന്ദര്‍ശിച്ച ഉദ്യോഗസ്ഥഥര്‍ കണ്ടത് പുല്ല് കയറി മൂടിയ വിശാലമായ ആനത്തറിയും അതിനോട് ചേര്‍ന്നുള്ള പമ്പ്ഹൗസുമാണ്. ഇത് കണ്ട് ബോധ്യപ്പെട്ടാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. വനംവന്യജീവി സംരക്ഷണവും നാട്ടാന പരിപാലന നിയമവും ലംഘിച്ച ഭരണ സമിതിക്കെതിരേ കേസും ചാര്‍ജ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."