കനത്ത മഴ: മലയോര മേഖല ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍
നിലമ്പൂര്‍: കനത്ത മഴയില്‍ രണ്ടു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മൂത്തേടം നെല്ലിക്കുത്തിലെ അറക്കല്‍ കുഞ്ഞാന്‍, ചുങ്കത്തറ പെരുമ്പൊയില്‍കുന്ന് തലക്കോട്ടുപുറം സുലൈഖ എന്നിവരുടെ വീടുകളാണ് കനത്ത മഴയെതുടര്‍ന്ന് തകര്‍ന്നത്. കുഞ്ഞാന്റെയും സുലൈഖയുടെയും വീടുകളുടെ അടുക്കള ഭാഗത്തെ ചുമരുകളാണ് ഇന്നലെ തകര്‍ന്നുവീണത്.
സുലൈഖയുടെ വീടിന്റെ ഏറിയ ഭാഗവും വൈകുന്നേരമായപ്പോഴേക്കും നിലംപതിച്ചു. കെ.എന്‍.ജി റോഡില്‍ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറി റോഡാകെ തോടായി. നിലമ്പൂര്‍ വെളിയംതോട്, താഴെ ചന്തക്കുന്ന് എന്നിവിടങ്ങളിലാണ് വെള്ളംകയറിയത്. എടക്കര മുപ്പിനി കോസ്‌വേ, മുട്ടിക്കടവ് പാലം എന്നിവക്കു മുകളിലൂടെ പുന്നപ്പുഴ കവിഞ്ഞൊഴുകി ഗതാഗതം തടസപ്പെട്ടു. ചൊവ്വാഴ്ച രാത്രി മുഴുവന്‍ മഴ പെയ്തതിനാല്‍ ബുധനാഴ്ച രാവിലെ മുതല്‍ തന്നെ രണ്ട് പാലങ്ങള്‍ക്കും മുകളില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്.
വയലുകളിലും മറ്റും വെള്ളം കയറി കൃഷിനാശം സംഭവിച്ചു. ചാലിയാര്‍, കുതിരപ്പുഴ കരകവിഞ്ഞൊഴുകി. പുഴയോട് ചേര്‍ന്നുള്ള സ്ഥലങ്ങള്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണ്. വടപുറത്ത് കുതിരപ്പുഴ വനഭൂമിയിലൂടെയാണ് കരകവിഞ്ഞൊഴുകുന്നത്. മേഖലയില്‍ മൂന്നു ദിവസമായി തുടരുന്ന കനത്ത മഴ മലയോര മേഖലയില്‍ ആശങ്ക പടര്‍ത്തുകയാണ്.
നിലമ്പൂര്‍ നായാടംപൊയില്‍ മലയോരപാതയില്‍ വെണ്ണേക്കോട് മുതല്‍ വെണ്ടേക്കും പൊയില്‍ വരെയുള്ള ഭാഗങ്ങളില്‍ ഏതു സമയവും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ട്.
കഴിഞ്ഞ കനത്ത മഴയില്‍ ഇവിടെ മൂന്ന് സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടാവുകയും കെ.എസ്.ആര്‍.ടി.സി.യുടെ ഏക സര്‍വിസ് നിലക്കുകയും ചെയ്തിരുന്നു. പന്തീരായിരം വനത്തില്‍ ആഢ്യന്‍പാറക്ക് മുകളിലായി രണ്ടു ദിവസങ്ങളിലായി ഉണ്ടായ ഉരുള്‍പൊട്ടലില്‍ കാഞ്ഞിരപുഴയില്‍ ജലവിതാനം ഉയര്‍ന്നതോടെ മതിലുമൂല കോളനി നിവാസികളെ പെരുമ്പത്തൂര്‍ സ്‌കൂളിലേക്ക് മാറ്റി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. മഴ തുടരുന്നതിനാല്‍ കോളനിയിലേക്ക് വെള്ളം കയറാവുന്ന അവസ്ഥയാണുള്ളത്. കോളനി നിവാസികളും ആശങ്കയിലാണ്. പുഴകളോടെ ചേര്‍ന്നു കിടക്കുന്ന കൃഷിയിടങ്ങളും വെള്ളം കയറിയ അവസ്ഥയിലാണ്. ചാലിയാറിലും, പോഷകനദികളിലും ജലവിതാനം ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. ഉരുള്‍പൊട്ടല്‍ ഉണ്ടായ എടവണ്ണ ചാത്തല്ലൂരിലും ജനങ്ങള്‍ ആശങ്കയിലാണ്. മലയോരത്ത് മഴ തുടര്‍ന്നാല്‍ റവന്യൂ വകുപ്പ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടി വരും. മഴ രണ്ട് ദിവസം കൂടി തുടരുമെന്ന കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പും ആശങ്ക ഇരട്ടിപ്പിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."