ദുരന്തവാര്‍ത്തയില്‍ വിറങ്ങലിച്ച് ഉമയനല്ലൂരും മൈലാപ്പൂരും
കൊട്ടിയം: സുഹൃത്തുക്കളായ നാലുപേരുടെ ദുരന്തവാര്‍ത്തയില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് ഉമയനല്ലൂരും മൈലാപ്പൂരും. വെള്ളിയാഴ്ച രാത്രിയാണ് അപ്രതീക്ഷിത ആഘാതമായി അപകടവാര്‍ത്ത എത്തിയത്.
മരിച്ച നാലുപേരുടെയും വീടുകളിലേക്ക് പ്രദേശവാസികളുടെ ഒഴുക്കാണ്. തമിഴ്നാട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മൈലാപ്പൂര് ഷുഹൈബ് മന്‍സിലില്‍ ഷിഹാബിന്റെ മകന് ഷുഹൈബ് (20), ആദിച്ചനല്ലൂര്‍ സ്വദേശി താഹയുടെ മകന് റാഫി് (22) ,കമ്പിവിള പേരയം വലിയവിളവീട്ടില്‍ അബ്ദുള്‍ ജലീല്‍(27) ,ഉമയനല്ലൂര്‍ തറക്കുളം പുളിക്കത്തുണ്ടില് അബ്ദുള്‍ലത്തീഫിന്റെ മകന് റനീഫ് എന്ന അബ്ദുള്‍ലത്തീഫ് (20) എന്നിവര്‍ മരിച്ചത്.
ഇവരോടൊപ്പമുണ്ടായിരുന്ന മാഞ്ഞാലിമുക്ക് സ്വദേശി സജാദ് ( 22 ) കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
വസ്ത്രവ്യാപാരികളായ ഇവര്‍ തിരുപ്പൂരില്‍ തുണിയെടുക്കാന്‍ പോയി മടങ്ങുന്നതിനിടെ പല്ലടം പൊള്ളാച്ചി റോഡില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.മൂന്നു ദിവസം മുന്‍പാണ് ഇവര്‍ തമിഴ്നാട്ടിലേയ്ക്ക് യാത്ര തിരിച്ചത്.
മാസത്തില്‍ രണ്ടുതവണ തുണിയെടുക്കാന്‍ കോയമ്പത്തൂരിലേക്ക് പോവുക പതിവായിരുന്നു. അപകടത്തില്‍ പെട്ട കാര്‍ പൂര്‍ണമായും തകര്‍ന്നു.ഫയര്‍ഫോഴ്സും പൊലിസും നാട്ടുകാരും ചേര്‍ന്ന് കാറ് വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മൂന്നു പേര് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയിലെത്തിയ ശേഷവും.
തമിഴ്നാട്ടില്‍ നിന്നും തുണിത്തരങ്ങള്‍ ലാഭത്തിന് വാങ്ങി കൊല്ലം നഗരത്തിലെ കടകളിലെത്തിച്ച് കച്ചവടം നടത്തുകയായിരുന്നു നാലുപേരും. ഇതില്‍ അബ്ദുല്‍ ജലീല്‍ നാട്ടിലെത്തി വിവാഹം കഴിച്ചിട്ട് എട്ടുമാസം കഴിഞ്ഞതേയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."