പ്രവാചകനിന്ദ നടത്തിയ മലയാളിയെ ബഹ്‌റൈനില്‍ അറസ്റ്റ് ചെയ്തു
മനാമ: പ്രവാചകന്‍ മുഹമ്മദ് നബി(സ)യെ കുറിച്ച് സോഷ്യല്‍ മീഡിയവഴി കുപ്രചരണം നടത്തിയ മലയാളിയെ ബഹ്‌റൈന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു സ്വദേശിയുടെ വീട്ടില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന യുവാവാണ് പിടിയിലായത്.പ്രതിയുടെ പേര് വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രതിയുടെ ഫോട്ടോയും സ്വന്തം ഭാഷയിലുള്ള നീചമായ വോയ്‌സ്
റെക്കോര്‍ഡും സ്‌ക്രീന്‍ഷോട്ടും ബഹ്‌റൈനിലെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചിരുന്നു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതിയുടെ ഫെസ്ബുക്ക് വാളിലും കമന്റുകളിലും സമാനമായ നിരവധി പ്രതികരണങ്ങളാണ് കണ്ടെത്തിയത്. കൂട്ടത്തില്‍, ബഹ്‌റൈനിലുള്ള അധികൃതര്‍ക്ക് തന്നെ പിടികൂടാനാകില്ലെന്നും പ്രതി അവകാശപ്പെട്ടിരുന്നു. ഇത്തരം പ്രതികരണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം ബഹ്‌റൈനിലെ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലാണ് പ്രതിയെ പിടികൂടി പോലീസിന് കൈമാറിയത്.
അതിനിടെ, പ്രവാചക നിന്ദ നടത്തിയ വ്യക്തിയെ വിമര്‍ശിച്ച് ബഹ്‌റൈനിലെ ജാതിമതസംഘടനാ വ്യത്യാസമില്ലാതെ നിരവധി മലയാളികളാണ് സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അന്യമതങ്ങളെ മാനിക്കുകയും പ്രവര്‍ത്തന സ്വാതന്ത്രം നല്‍കുകയും ചെയ്യുന്ന ബഹ്‌റൈന്‍ പോലുള്ള ഒരു രാജ്യത്ത് ചിലര്‍ നടത്തുന്ന ഇത്തരം ദുഷ്‌ചെയ്തികള്‍ മലയാളികള്‍ക്ക് മൊത്തത്തില്‍ അപമാനമാനമാണെന്നും പ്രതിയെ ഉടന്‍ പിടികൂടണമെന്നുമുള്ള ആവശ്യങ്ങളും ഉയര്‍ന്നിരുന്നു.
പോലീസ് പിടിയിലായ പ്രതിയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്ക മലയാളികള്‍ക്കും അറിയാമെങ്കിലും പേരുവിവരങ്ങള്‍ അധികൃതര്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ബഹ്‌റൈനില്‍ പോലീസ് കസ്റ്റഡിയില്‍ കഴിയുന്നവരോ വിചാരണ നേരിടുന്നവരോ ആയ പ്രതികളുടെ പേര് വിവരങ്ങള്‍ കോടതിയോ, പൊലീസോ വെളിപ്പെടുത്താതെ പ്രസിദ്ധീകരിക്കാന്‍ പാടില്ലെന്നതാണ് നിയമം.
എല്ലാ മതക്കാര്‍ക്കും ആരാധനക്കും ആശയ പ്രചരണത്തിനും തുറന്ന അവസരവും സ്വാതന്ത്രവും നല്‍കുന്ന രാജ്യമാണ് ബഹ്‌റൈന്‍. എന്നാല്‍ അന്യമതങ്ങളെ അപമാനിക്കാനോ മതചിഹ്നങ്ങളെ അവഹേളിക്കാനോ പാടില്ല. ഇത്തരം കേസുകളില്‍ പ്രതികളാകുന്നവരെ ജയിലിലടക്കുകയും ശിക്ഷാ കാലാവധിക്കു ശേഷം ഗള്‍ഫ് രാഷ്ട്രങ്ങളിലെവിടെയും പ്രവേശിക്കാന്‍ കഴിയാത്ത വിധം ഗള്‍ഫ് ബാന്‍ നല്‍കി നാടുകടത്തുകയും ചെയ്യും.
രാജ്യദ്രോഹ കുറ്റങ്ങളും കുപ്രചരണങ്ങളും നിരീക്ഷിക്കാനും അന്വേഷിച്ച് നടപടികളെടുക്കാനും സെബര്‍ സെല്ലിനു കീഴില്‍ പ്രത്യേക വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."