എം.കെ രാഘവനെതിരേ വീണ്ടും സി.പി.എം; വിലക്കണമെന്ന് കലക്ടര്‍ക്കു പരാതി .
കോഴിക്കോട്: കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരേ വിണ്ടും ആരോപണവുമായി സി.പി.എം. വാശിയേറിയ മത്സരം നടക്കുന്ന ഈ മണ്ഡലത്തില്‍ രാഘവനെതിരേ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ ആരോപണമാണ് സി.പി.എം ഉയര്‍ത്തിയിരിക്കുന്നത്.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ടാണ് പുതിയ ആരോപണം. റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന രാഘവന്റെ നാമനിര്‍ദേശ പത്രിക റദ്ദാക്കി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് വിലക്കണമെന്നാണ് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരിക്കുന്നത്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. പ്രദീപ് കുമാറിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി കൂടിയായ റിയാസ് ജില്ലാ കലക്ടര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
രാഘവന് ഡയരക്ടറായ കണ്ണൂര്‍ ജില്ലയിലെ ഇരിക്കൂരിലെ പെരുമണ്ണിലെ അഗ്രികോ ഫ്രൂട്ട് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് സൊസൈറ്റിക്കുള്ള 29,22,32,681 രൂപയുടെ കടബാധ്യതയുമായി ബന്ധപ്പെട്ട് രാഘവനും മറ്റു ഡയരക്ടര്‍മാരും റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്നുണ്ട്.
റവന്യൂ റിക്കവറിക്ക് സര്‍ക്കാര്‍ നല്കിയ സ്റ്റേയുടെ കാലാവധി ഇക്കഴിഞ്ഞ 31ന് അവസാനിച്ചിട്ടുണ്ട്. പത്രിക സമര്‍പ്പിക്കുന്ന സമയത്തും സൂക്ഷ്മപരിശോധനാ സമയത്തും രാഘവന് മേല്‍പ്പറഞ്ഞ തുകയ്ക്ക് കടബാധ്യതയുള്ള വ്യക്തിയും അതിന്മേല് റവന്യൂ റിക്കവറി നടപടികള്‍ക്ക് വിധേയമായിട്ടുള്ളയാളുമാണ്. എന്നാല്‍ ഇക്കാര്യം രാഘവന് തന്റെ നാമനിര്‍ദേശ പത്രികയില്‍ പ്രസ്താവിച്ചിട്ടില്ല. സത്യാവസ്ഥ മറച്ചുവച്ച് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള നാമനിര്‍ദേശ പത്രികയാണ് രാഘവന് സമര്‍പ്പിച്ചതെന്നാണ് ആരോപണം.
ഭീമമായ സഖ്യ കടബാധ്യതയില്‍ ജപ്തി നടപടി നേരിടുന്ന രാഘവന് പാര്‍ലമെന്റിലേക്ക് മത്സരിക്കാന്‍ അയോഗ്യനാണെന്ന് വ്യക്തമാണെന്ന് റിയാസ് കലക്ടര്‍ക്കു നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."