കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തില്‍ കേരഗ്രാമം പദ്ധതി
പയ്യന്നൂര്‍: കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായത്തിനെ 2018-19 വര്‍ഷത്തെ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതായി സി. കൃഷ്ണന് എം.എല്‍.എ അറിയിച്ചു. തെങ്ങ് കൃഷിയുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് കേരഗ്രാമം.
പഞ്ചായത്തിലെ 250 ഹെക്ടറിലെ തെങ്ങുകള്‍ക്ക് ജൈവവളം നല്കല്, തെങ്ങിന് തോട്ടങ്ങളില്‍ ഇഞ്ചി, മഞ്ഞള്‍, വാഴ, തുടങ്ങിയ ഇടവിള കൃഷിയിലൂടെ കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കല്‍, തെങ്ങിന് തോട്ടങ്ങളില്‍ ജലസേചന സൗകര്യം വര്‍ധിപ്പിക്കല്‍, ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ രോഗം, കീടനിയന്ത്രണം, ഉത്പാദനക്ഷമത കുറഞ്ഞ രോഗം ബാധിച്ച തെങ്ങുകള്‍ മുറിച്ചുമാറ്റി പകരം അത്യുത്പാദന ശേഷിയുള്ള തൈകള്‍ വച്ചുപിടിപ്പിക്കല്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ തെങ്ങിന്റെ ഉത്പാദനം വര്‍ധിപ്പിക്കലാണ് ലക്ഷ്യം.
കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ തെങ്ങുകയറ്റ യന്ത്രങ്ങള്‍ നല്കല്, ജൈവവള നിര്‍മാണ യൂനിറ്റുകള്‍ സ്ഥാപിക്കല്‍, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കി കൃഷിക്കാരന്റെ ആദായം വര്‍ധിപ്പിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കല്‍, തെങ്ങിന് തൈകള്‍ ഉത്പാദിപ്പിക്കുന്നതിനായി നഴ്സറികള്‍ തുടങ്ങല്‍ എന്നിവയും കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുന്നു. ഒരു കോടി രൂപയാണ് കേരഗ്രാമത്തില്‍ ചെലവിടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."