വല്ലപ്പുഴയില്‍ അനധികൃത മദ്യ വില്പന; ചെറുകോട് സ്വദേശി അറസ്റ്റില്‍
വല്ലപ്പുഴ: കഴിഞ്ഞ ദിവസം പട്ടാമ്പി എക്സൈസ് റെയ്ഞ്ച് പാര്‍ട്ടി വല്ലപ്പുഴ ചെറുകോട് ജങ്ഷനില്‍ നടത്തിയ റെയ്ഡില്‍ മിനി ബാര്‍ പോലെ പ്രവര്‍ത്തിച്ചിരുന്ന മദ്യ വില്പന ശാലയുടെ നടത്തിപ്പുകാരനെ പിടികൂടി. ഓട്ടോറിക്ഷയിലും അടച്ചുറപ്പില്ലാത്ത കടയുടെ പുറകിലത്തെ മുറിയും കേന്ദ്രീകരിച്ച് മദ്യ വില്പന നടത്തിയിരുന്ന വല്ലപ്പുഴ ചെറുകോട് മഠത്തില്‍ പറമ്പില്‍ പറങ്ങോടന് മകന് അനില്‍കുമാറി (40) നെയാണ് അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷയില്‍ 200 മില്ലി ലിറ്റര്‍ പ്ലാസ്റ്റിക് കുപ്പികളില്‍ മദ്യം ശേഖരിച്ച് കുപ്പി ഒന്നിന് 150 രൂപക്കാണ് വില്പന നടത്തിയിരുന്നത്. ആവശ്യക്കാര്‍ക്ക് കഴിക്കാന്‍ കടമുറിയില്‍ സൗകര്യവും ചെയ്തുകൊടുത്തിരുന്നു. എക്സൈസ് പാര്‍ട്ടി എത്തുമ്പോള്‍ നിരവധി ആവശ്യക്കാരാണ് ഇവിടെയുണ്ടായിരുന്നത്. പരിസരത്തുനിന്ന് ചാക്കില്‍ കെട്ടിയ നിലയില്‍ നൂറ് കണക്കിന് 200 എം എല്‍ പ്ലാസ്റ്റിക് കുപ്പികള്‍ കണ്ടെടുത്തു. ഇവ മദ്യം ശേഖരിച്ച് വില്പന നടത്താനുള്ളതാണെന്ന് കരുതുന്നു. കെ എല്‍ 51 എ നമ്പര്‍ ഓട്ടോറിക്ഷയില്‍ മദ്യം നിറച്ച മുപ്പതോളം 200 എം എല്‍ പ്ലാസ്റ്റിക് കുപ്പികള്‍ പിടികൂടി. ഓട്ടോറിക്ഷയും പ്രതിയെയും കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കി. പ്രതിയെ പതിനഞ്ച് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. റെയ്ഡിന് പ്രിവന്റീവ് ഓഫീസര്‍ എസ് രവികുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബിനുലാല്‍, ആര് എസ് സുരേഷ്, സുമേഷ്, വനിത ഓഫീസര്‍ പൊന്നുവാവ, ഡ്രൈവര്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."