വീട്ടമ്മയെ കെട്ടിയിട്ട് ആഭരണങ്ങള്‍ കവര്‍ന്ന സംഭവം കെട്ടുകഥയെന്ന് പൊലിസ്
ഡോക്ടറായ ജില്ലാ പൊലിസ് മേധാവി പരാതിക്കാരിയുടെ ദേഹത്തു പരുക്കുകള്‍ കണ്ടില്ല
കാസര്‍കോട്: വീട്ടമ്മയെ കെട്ടിയിട്ട് ആഭരണങ്ങള്‍ കവര്‍ന്ന സംഭവം കെട്ടുകഥയെന്നു കണ്ടെത്തിയതായി വിദ്യാനഗര്‍ സി.ഐ അറിയിച്ചു. കഴിഞ്ഞ മാസം 30നു വൈകുന്നേരം 6.45 ഓടെ കുണ്ടോല്‍ മൂലയിലെ മുഹമ്മദിന്റെ ഭാര്യ സുഹറയെ ഹെല്‍മറ്റ് ധരിച്ച ഒരാള്‍ ആക്രമിച്ചു സുഹറ ധരിച്ചിരുന്ന രണ്ടു പവനോളം തൂക്കം വരുന്ന കമ്മല്‍ കവര്‍ന്ന പരാതിയിലാണ് പൊലിസ് വിശദമായ അന്വേഷണം നടത്തി സുഹറയുടെ പരാതി കള്ളമാണെന്ന് കണ്ടെത്തിയത്. അയല്‍വീട്ടില്‍ പോയിരുന്ന സുഹറ തിരികെയെത്തി വാതില്‍ തുറന്നു അകത്തു കയറിയ ഉടനെ ഹെല്‍മറ്റ് ധരിച്ച ആള്‍ വീട്ടില്‍ കയറി തുണി കൊണ്ട് ഇവരുടെ തലയും കഴുത്തും കൈകാലുകളും കെട്ടിയിട്ടു സ്വര്‍ണം കവര്‍ന്നെന്നായിരുന്നു പരാതി.
അതിനിടെ സംഭവ സമയത്ത് വെളുത്ത മാരുതി ഓമ്‌നി വാനില്‍ എത്തിയ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന വിവരം വിദ്യാനഗര്‍ പൊലിസ് സ്റ്റേഷനില്‍ ലഭിച്ചിരുന്നു. സംഭവമറിഞ്ഞ് ജില്ലാ പൊലിസ് മേധാവി ഉള്‍പ്പെടെ സുഹറയുടെ വീട്ടിലെത്തിയിരുന്നു. ജില്ലയില്‍ ഓടുന്ന മുഴുവന്‍ ഓമ്‌നി വാനുകളും പരിശോധന നടത്താന്‍ പൊലിസ് മുഴുവന്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലും മറ്റും വയര്‍ലസ് സന്ദേശം കൈമാറുകയും ചെയ്തു. അക്രമത്തില്‍ പരുക്കേറ്റതായി പറഞ്ഞ സുഹറയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍ കൂടിയായ ജില്ലാ പൊലിസ് മേധാവി ആശുപത്രിയിലെത്തി സുഹറയെ സന്ദര്‍ശിച്ചെങ്കിലും ഇവരുടെ ദേഹത്തു യാതൊരു വിധ പരുക്കുകളും കാണാനായില്ല. സുഹറയുടെ മകള്‍ സറീനയാണ് ഉമ്മയെ ബോധം കെട്ടുവീണ നിലയില്‍ കണ്ടെത്തിയത്. ഇവരില്‍ നിന്നും അയല്‍പക്കത്തുള്ളവരില്‍ നിന്നും പൊലിസ് മൊഴികള്‍ ശേഖരിച്ചതോടെയാണ് കവര്‍ച്ചാ സംഭവം വ്യാജമാണെന്നകണ്ടെത്തിയത്.
അന്വേഷണത്തിനിടയില്‍ കമ്മലിന്റെ ഒരു ഭാഗം പൊലിസ് സുഹറയുടെ വീട്ടില്‍നിന്നു കണ്ടെത്തി. സുഹറയെ പലതവണ പൊലിസ് ചെയ്‌തെങ്കിലും വ്യക്തമായ വിവരങ്ങള്‍ ലഭിക്കാതെ വന്നതോടെ ഇവരെ നുണ പരിശോധനക്ക് വിധേയമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെയാണ് സുഹറ സത്യം വെളിപ്പെടുത്തിയത്.
സുഹറയുടെ ഭര്‍ത്താവ് വിദേശത്താണ്. മകനു ചെങ്കല്‍ സംബന്ധമായ ജോലിയായതിനാല്‍ രാത്രിയാണ് വീട്ടിലെത്താറ്. ഈ സമയം വരെ സുഹറ തനിച്ചാണ് വീട്ടില്‍ ഉണ്ടാവുക. സുഹറക്ക് മുമ്പ് ഇടിമിന്നലേറ്റിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് സ്വന്തം വീട്ടില്‍ തനിച്ചു താമസിക്കാന്‍ ഭയമായിരുന്നു. സംഭവം നടന്നതിന് ഒരാഴ്ച മുമ്പ് സുഹറയുടെ വീട്ടിലെത്തിയ മകളും ഭര്‍ത്താവും തിരിച്ചു പോകാന്‍ ഒരുങ്ങുന്നതിനിടെ ഇവരോട് വീട്ടില്‍ കൂടെ താമസിക്കണമെന്നു സുഹറ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അത് അംഗീകരിച്ചില്ല. ഇതേ തുടര്‍ന്ന് മകളും ഭര്‍ത്താവും തിരിച്ചു പോകാതെ തന്നോടൊപ്പം താമസിക്കുമെന്ന കണക്കു കൂട്ടലിലാണ് സുഹറ കവര്‍ച്ച നാടകം ആസൂത്രണം ചെയ്തതെന്ന് പൊലിസ് വ്യക്തമാക്കി.
കാസര്‍കോട് ഡിവൈ.എസ്.പി സുകുമാരന്റെ നേതൃത്വത്തില്‍ സി.ഐ ബാബു പെരിങ്ങത്ത്, എസ്.ഐമാരായ അനൂപ് കുമാര്‍, വിപിന്‍, എ.എസ്.ഐ തോമസ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ ബിജു, മുഹമ്മദ്, വനിതാ സിവില്‍ പൊലിസ് ഓഫിസര്‍മാരായ ഷീല,ഷീബ എന്നിവരാണ് കേസന്വേഷണം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."