ഇതര സംസ്ഥാനങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചവര്‍ക്ക് രോഗം പകര്‍ന്നത് കേരളത്തില്‍ നിന്നല്ലെന്ന് പഠനം
ആലപ്പുഴ: ഇതരസംസ്ഥാനങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ച കേരളീയരില്‍ 96 ശതമാനം പേര്‍ക്കും രോഗം ബാധിച്ചത് കേരളത്തില്‍ നിന്നല്ലെന്ന് ആരോഗ്യവകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ജൂണ്‍ 30 വരെ കേരളത്തില്‍നിന്ന് പോയശേഷം കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ വിശദാംശങ്ങള്‍ പരിശോധിച്ച് നടത്തിയ പഠനത്തിലാണ് കേരളത്തിന് പുറത്ത് കൊവിഡ് ബാധിച്ചവരില്‍ ബഹുഭൂരിപക്ഷത്തിനും രോഗം കേരളത്തില്‍ നിന്ന് പടര്‍ന്നതല്ലെന്ന് വ്യക്തമായത്.
കേരളത്തിന് പുറത്ത് കൊവിഡ് ബാധിച്ച 110 പേരുടെ വിവരങ്ങളാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡീസീസ് കണ്‍ട്രോള്‍ (എന്‍.സി.ഡി.സി ) നല്‍കിയിരുന്നത്. ഇതില്‍ മൂന്നെണ്ണം ആവര്‍ത്തനമായതിനാല്‍ 107 പേരുടെ വിശദാംശങ്ങളാണ് ആരോഗ്യവകുപ്പ് പരിശോധിച്ചത്. ഇതില്‍ 90 പേര്‍ക്ക് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നല്ലെന്ന് പഠനത്തില്‍ വ്യക്തമായി. എന്നാല്‍ ആറ് പേര്‍ക്ക് രോഗം ബാധിച്ചത് കേരളത്തില്‍ നിന്നാകാനുള്ള സാധ്യതയാണ് കണ്ടത്. ഇവരുടെ സമ്പര്‍ക്കപട്ടിക കണ്ടെത്തി അവരെ നിരീക്ഷണത്തിലാക്കുന്നതിനും അവരില്‍ രോഗമില്ലെന്ന് ഉറപ്പ് വരുത്താനും കഴിഞ്ഞു. എന്നാല്‍ കേരളത്തിന് പുറത്ത് രോഗം സ്ഥിരീകരിച്ച 11 പേരുടെ വിവരങ്ങള്‍ ശേഖരിക്കാനായിട്ടില്ല. ഇവരെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണില്‍ ലഭ്യമാകുകയോ വിശദാംശങ്ങള്‍ നല്‍കുകയോ ചെയ്തിട്ടില്ല.
ഇതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് പുറത്ത് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴ് ശതമാനം പേര്‍ ഒഴികെ മറ്റുള്ളവര്‍ക്ക് കേരളത്തിന് പുറത്ത് നിന്ന് തന്നെ രോഗം സമ്പര്‍ക്കത്തിലൂടെ ലഭ്യമായതായാണ് കണക്കാക്കുന്നത്. തൃശൂരില്‍ നിന്ന് മൂന്നുപേരും പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലെ ഓരോരുത്തരുടെയും സമ്പര്‍ക്കപട്ടിക കണ്ടെത്താനും രോഗവ്യാപനം ഇല്ലെന്ന് ഉറപ്പ് വരുത്താനും കഴിഞ്ഞതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. കേരളത്തിന് പുറത്ത് രോഗം കണ്ടെത്തിയവരില്‍ കൂടുതല്‍ പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നാണ്. 14 പേര്‍. കണ്ണൂര്‍, കോഴിക്കോട്, ഇടുക്കി, കൊല്ലം ജില്ലകളില്‍നിന്ന് പത്ത് പേര്‍ വീതവുമാണുള്ളത്. പാലക്കാട്, തൃശൂര്‍, എന്നിവിടങ്ങളില്‍ നിന്ന് ഒന്‍പത് പേര്‍ വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളില്‍ നിന്ന് എട്ട് പേര്‍ വീതവുമാണ്. വയനാട് രണ്ട്, എറണാകുളം മൂന്ന്,തിരുവനന്തപുരം ഒന്ന് എന്നിങ്ങനെയാണ് ഇക്കാലയളില്‍ കേരളത്തില്‍ രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ . കേരളത്തിന് പുറത്ത് രോഗം സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് അവരുടെ ജോലി സ്ഥലങ്ങളില്‍ നിന്ന് പകരുകയോ അവരുടെ യാത്രാവേളകളില്‍ സമ്പര്‍ക്കത്തിലൂടെ ബാധിക്കുകയോ ആണ് ചെയ്തിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍ ആയതിനാല്‍ കേരളത്തില്‍ നിന്ന് രോഗം മറ്റു സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായാണ് ആരോഗ്യവകുപ്പ് ഇത്തരമൊരു പഠനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."