ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്ന് യൂത്ത് ലീഗ്
വാടാനപ്പള്ളി: ചെണ്ടുമല്ലിച്ചെടി വിതരണത്തിന്റെ പേരില്‍ വിദ്യാര്‍ഥികളെയും അധ്യാപകരെയും വിളിച്ചുവരുത്തി അപമാനിച്ച വാടാനപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത് വടക്കുംഞ്ചേരി സ്ഥാനം രാജിവെച്ച് പരസ്യമായി വിദ്യാര്‍ഥി സമൂഹത്തോട് മാപ്പുപറയണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് വാടാനപ്പള്ളി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് തനത് ഫണ്ട് ഉപയോഗിച്ചു വിദ്യാര്‍ഥികള്‍ക്കായി നല്‍കുന്ന ചെണ്ടുമല്ലിചെടി വിതരണ ചടങ്ങിനാണ് ഉദ്ഘാടകനും സംഘാടകനുമായ പഞ്ചായത്ത് പ്രസിഡന്റ് എത്താതിരുന്നത്. വാടാനപ്പള്ളി പഞ്ചായത്തിലെ എട്ട് സ്‌ക്കൂളുകളില്‍ നിന്നുള്ള നിരവധി വിദ്യാര്‍ഥികളും അധ്യാപകരുമാണ് വ്യഴാഴ്ച്ച വൈകിട്ട് മൂന്നിന് വാടാനപ്പള്ളി ആര്‍.സി.യു.പി സ്‌കൂളില്‍ എത്തിയത്.
എന്നാല്‍ ഏറെ നേരം കാത്തിരുന്നിട്ടും പ്രസിഡന്റ് എത്തിയില്ല. ചെടി വിതരണത്തിന് മറ്റാരേയും ചുമതലപ്പെടുത്താനും പ്രസിഡന്റ് തയ്യാറായില്ല. വിദ്യാര്‍ഥികളെ കാണാതായതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ സ്‌കൂളില്‍ വരേണ്ടി വന്നു.
വിദ്യാര്‍ഥികളെയും അധ്യാപകരെയും രക്ഷിതാക്കളെയും ഈ വിധം നിരാശരാക്കുകയും അവഹേളിക്കുകയും ചെയ്ത പ്രസിഡന്റ് സമയം ഇല്ലെങ്കില്‍ സ്ഥാനം രാജിവെച്ചു വീട്ടിലിരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ദില്‍ഷാദ് അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി പി.എ മുജീബ്, അറക്കല്‍ അന്‍സാരി, എ.ഐ മുഹമ്മദ് സാബിര്‍, വി.എ നിസാര്‍, വി.എം സമാന്‍, പി.എം സല്‍മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."