വന്‍ സ്ഫോടകവസ്തു ശേഖരവുമായി രണ്ടുപേര്‍ പിടിയില്‍
ബാലുശ്ശേരി(കോഴിക്കോട്): ഓട്ടോയില്‍ കടത്തുകയായിരുന്ന വന്‍ സ്ഫോടകവസ്തു ശേഖരവുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം അരീക്കോട് ഊര്‍ങ്ങാട്ടേരി നെല്ലിക്കായില്‍ മൂസക്കുട്ടി(46), ഊര്‍ങ്ങാട്ടേരി കോടലട നിസാര്‍(38) എന്നിവരാണ് അറസ്റ്റിലായത്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വാഹന പരിശോധനക്കിടെയാണ് ഓട്ടോറിക്ഷയില്‍ കടത്തിയ സ്ഫോടക വസ്തുക്കള്‍ ബാലുശ്ശേരി പൊലിസ് പിടിച്ചെടുത്തത്. കെ.എല്‍ 11 എ.എഫ് 4052 ഓട്ടോറിക്ഷ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് പിന്തുടര്ന്ന് പിടികൂടുകയായിരുന്നുവെന്ന് ഇന്‍സ്പെക്ടര്‍ എം.ഡി സുനില്‍ പറഞ്ഞു.
400 ജലാറ്റിന്‍ സ്റ്റിക്ക്, 50 കിലോ വീതമുള്ള മൂന്ന് ചാക്ക് വെടിയുപ്പ്, 800 ഡിറ്റനേറ്ററുകള്‍, 17 മീറ്റര്‍ വീതം നീളമുള്ള 50 കെട്ട് ഫ്യൂസ് വയര്‍ എന്നിവ ഓട്ടോറിക്ഷയില്‍ നിന്നും പിടിച്ചെടുത്തു. താമരശ്ശേരി, ബാലുശ്ശേരി മേഖലകളിലെ അനധികൃത കരിങ്കല്‍ ക്വാറികളില്‍ വിതരണം ചെയ്യാനാണ് സ്ഫോടക വസ്തുക്കള്‍ എത്തിച്ചതെന്നാണ് ഇവര്‍ പൊലിസിന് മൊഴി നല്‍കിയത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായി പൊലിസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."