ജനസമ്പര്‍ക്ക പരിഹാരം നാളെ പറവൂരില്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു
കൊച്ചി: മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജില്ലയില്‍ താലൂക്ക് തലത്തില്‍ ആദ്യമായി പറവൂരില്‍ നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയായ പരിഹാരം2017 ന്റെ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു.
ഏഴുതാലൂക്കുകളിലും പരിഹാരം നടത്തുന്നുണ്ട്. ഇതിലേക്കുള്ള അപേക്ഷകള്‍ അക്ഷയയിലൂടെ ഓണ്‍ലൈനായി മാത്രമാണു സ്വീകരിക്കുന്നത്. ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. ഇതിന്മേല് വകുപ്പുകള്‍ നടപടി സ്വീകരിക്കും. വകുപ്പുകള്‍ സ്വീകരിക്കുന്ന നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ ജില്ലാ കളക്ടര്‍ക്കു സമര്‍പ്പിക്കാം. അത് പരിഹാരത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കും. പരാതികളും അപേക്ഷകളും സമര്‍പ്പിക്കാനായി ജനങ്ങള്‍ ഓഫീസുകള്‍ കയറി ഇറങ്ങുന്ന സ്ഥിതി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി താഴേത്തട്ടില്‍ നടത്താന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. പരിഹാരം പരിപാടിയുടെ ലോഗോയും തയാറായിക്കഴിഞ്ഞു. എഡിഎം സി. കെ. പ്രകാശ് ലോഗോ പ്രകാശനം ചെയ്തു.
പറവൂര്‍ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നാളെ രാവിലെ 9ന് പരിപാടി ആരംഭിക്കും. ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, സബ്കളക്ടര്‍ ഡോ. അദില അബ്ദുള്ള, എഡിഎം സി. കെ. പ്രകാശ് തുടങ്ങിയവരും വിവിധ വകുപ്പു മേധാവികളും പങ്കെടുക്കും. എപിഎല്‍, ബിപിഎല്‍ ഒഴികെ പുതിയ അപേക്ഷകളും അന്നു സ്വീകരിക്കും.
അപേക്ഷകള്‍ അതത് കൗണ്ടറുകളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ജില്ലാ കളക്ടറെ കാണേണ്ടവര്‍ക്ക് അതിന് അവസരം നല്‍കും. ഓണ്‍ലൈനായി പറവൂരില്‍ മാത്രം 232 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ജില്ലയില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേത് ഉള്‍പ്പെടെ മൊത്തം 1800 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. പരിഹാരത്തിന്റെ വേദിയില്‍ ആധാര്‍ രജിസ്്രേടഷന് സൗജന്യ കൗണ്ടറുകളില്‍ സൗകര്യം ഉണ്ടായിരിക്കും. അപേക്ഷകളുമായി വരുന്നവര്‍ക്ക് ലഘുഭക്ഷണവും പാനീയങ്ങളും നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."