എച്ചിപ്പാറയിലെ കടവില്‍ മാലിന്യം നിറയുന്നു; പ്രദേശവാസികള്‍ രോഗഭീതിയില്‍
പുതുക്കാട്: ആദിവാസികളും തോട്ടംതൊഴിലാളികളും തിങ്ങിപാര്‍ക്കുന്ന എച്ചിപ്പാറയിലെ കടവില്‍ മാലിന്യവും മൃഗങ്ങളുടെ ജഡവും അടിഞ്ഞുകൂടിയ നിലയിലാണ്. പ്രളയത്തില്‍ കടവില്‍ മറിഞ്ഞുവീണ കൂറ്റന്‍ മരത്തിലാണ് മാലിന്യങ്ങള്‍ തങ്ങിനില്‍ക്കുന്നത്.
മാസങ്ങളായി അവശിഷ്ടങ്ങള്‍ അടിഞ്ഞുകിടന്നതോടെ കടവില്‍ രോഗാണുക്കളും കൂടിയതായി പ്രദേശവാസികള്‍ പറയുന്നു. പുഴയില്‍ ഇറങ്ങുന്നവര്‍ക്ക് ചൊറിച്ചില്‍ അനുഭവപ്പെടുന്നതായി നാട്ടുകാര്‍ പറയുന്നു.
പരിസരമാകെ ദുര്‍ഗന്ധം വമിച്ച അവസ്ഥയാണ്. എച്ചിപ്പാറ ആദിവാസി കോളനിക്കാരുള്‍പ്പെടെ നിരവധി കുടുംബങ്ങളാണ് കടവിനെ ആശ്രയിക്കുന്നത്. ചിമ്മിനി ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിടുമ്പോള്‍ പുഴയോരത്തുള്ള മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നതും ഈ കടവിലാണ്.
നിരവധി തവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. കടവില്‍ കടപുഴകി വീണ കൂറ്റന്‍ മരം മുറിച്ചുനീക്കാതെ മാലിന്യം മാറ്റാന്‍ കഴിയില്ല. പഞ്ചായത്ത്, വനംവകുപ്പ് അധികൃതര്‍ ഇടപ്പെട്ട് പ്രശ്‌നത്തില്‍ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."