കലാമണ്ഡലം ഗോപിയുടെ രാജി ഭരണ സമിതി തള്ളി
ചെറുതുരുത്തി: കേരള കലാമണ്ഡലം കല്‍പ്പിത സര്‍വ്വകലാശാലയുടെ എമിരറ്റസ് പ്രൊഫസര്‍ പദവിയില്‍ നിന്നുള്ള പത്മശ്രീ കലാമണ്ഡലം ഗോപിയുടെ രാജി സര്‍വകലാശാലയുടെ അടിയന്തിര ഭരണ സമിതി യോഗം തള്ളി. ഏറെ ബഹുമാന്യനാണ് കലാമണ്ഡലം ഗോപി. അദ്ദേഹത്തിന് മനോവേദനയുണ്ടായതില്‍ അങ്ങേയറ്റം വിഷമമുണ്ട്, തെറ്റുപറ്റിയത് എവിടെയാണെന്ന് പരിശോധിക്കും. ആവശ്യമായ തിരുത്തലുകള്‍ ഉണ്ടാകും. വൈസ് ചാന്‍സലര്‍ ഡോ. ദിലീപ് കുമാര്‍ അറിയിച്ചു. ഗോപിയാശാനെ പോലുള്ള മഹനീയ വ്യക്തി കലാമണ്ഡലത്തില്‍ തുടരുന്നത് ഈ സ്ഥാപനത്തിന്റെ യശസ് ഉയര്‍ത്തും. നിള ദേശീയ നൃത്ത സംഗീതോത്സവ ഉദ്ഘാടന ചടങ്ങില്‍ ഉണ്ടായത് ഏറെ വേദനാജനകമായ സംഭവമാണ്.
പ്രശ്‌നം തന്നെ അറിയിച്ചിരുന്നെങ്കില്‍ അപ്പോള്‍ തന്നെ പരിഹാരം കാണാന്‍ കഴിയുമായിരുന്നു. എന്നാല്‍ മാധ്യമങ്ങളിലൂടെയാണ് ഈ സംഭവം താന്‍ അറിയുന്നത്. ഗോപിയാശാന്റെ തെറ്റിദ്ധാരണകള്‍ നീക്കാന്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തും. ഇതിന് വേണ്ടി ഭരണ സമിതി അംഗങ്ങളായ എന്‍.ആര്‍ ഗ്രാമപ്രകാശ്, ടി.കെ വാസു, അക്കാദമിക് ഡയറക്ടര്‍ പ്രൊഫസര്‍ സി.എം നീലകണ്ഠന്‍, എന്നിവരെ ചുമതലപ്പെടുത്തി. അടുത്ത ദിവസം ഇവര്‍ കലാമണ്ഡലം ഗോപിയുടെ വസതിയിലെത്തി ചര്‍ച്ച നടത്തുമെന്നും ദിലീപ് കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."