ഉപതെരെഞ്ഞടുപ്പിനൊരുങ്ങി ആലങ്കോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡ്
ചങ്ങരംകുളം: ഉപതെരെഞ്ഞെടുപ്പിനൊരുങ്ങി ആലങ്കോട് പഞ്ചായത്തിലെ എട്ടാം വാര്‍ഡ്. ആലങ്കോട് പഞ്ചായത്തിലെ ചിയ്യാനുര്‍ പ്രദേശം ഉള്‍ക്കൊള്ളുന്ന എട്ടാം വാര്‍ഡിലാണ് മെയ് പതിനേഴിന് ഉപതെരെഞ്ഞെടുപ്പ് നടക്കുന്നത്.
2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് 224 വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയിച്ച മറിയക്കുട്ടി കബീറിന്റെ പെട്ടെന്നുള്ള മരണത്തെ തുടര്‍ന്നാണ് ചിയ്യാനൂരില്‍ ഉപതെരെഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മെയ് 17 ന് ബുധനാഴ്ച നടക്കുന്ന ഉപതെരഞ്ഞെടുപ്പിന് യു.ഡി.എഫിലെ മുസ്ലിം ലീഗ് സ്ഥാനാഥിയായി നഫീസ അബ്ദുല്‍ ഹായിയെ തിരഞ്ഞെടുത്തു.
ഭൂരിപക്ഷം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് യു.ഡി.എഫ് തുടക്കം കുറിച്ച് കഴിഞ്ഞു. ഇടതുപക്ഷ സ്ഥാനാര്‍ഥിയായി സരിതാ മണികണ്ഠന് ആണ് രംഗത്തുള്ളത്. കഴിഞ്ഞ ദിവസം ഇടതുപക്ഷ സ്ഥാനാര്‍ഥിയെ കൂടി പ്രഖ്യാപിച്ചതോടെ പ്രചരണ രംഗം ചൂട് പിടിക്കാനാണ് സാധ്യത. ഏത് വിധേനയും ഒരു അട്ടിമറി വിജയം പ്രതീക്ഷിച്ചാണ് എല്‍.ഡി.എഫ് പ്രചാരണം തുടങ്ങാന്‍ ലക്ഷ്യമിടുന്നത്.
ബി.ജെ.പി സ്ഥാനാര്‍ഥിയായി ദിവ്യ അജീഷ് ആണ് മത്സര രംഗത്തുള്ളത്. കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കിട്ടിയ 147 വോട്ടിന്റെ എണ്ണം വര്‍ധിപ്പിക്കുക എന്നതാവും ബി.ജെ.പി ലക്ഷ്യം. മുസ്ലിം ലീഗിന് ഏറെ സ്വാധീനമുള്ള ആലങ്കോട് ഗ്രാമപഞ്ചായത്ത് ലീഗ് ആണ് ഭരിക്കുന്നത്. മുസ്ലിം ലീഗ് 6,കോണ്‍ഗ്രസ് 5 സി.പി.എം 6, സിപിഐ 1, ഇങ്ങനെയാണ് നിലവിലെ കക്ഷിനില. ലീഗിന് പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷമുള്ള വാര്‍ഡിലാണ് 17ന് തെരെഞ്ഞെടുപ്പ് നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."