യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ്; ഒരാള്‍കൂടി പിടിയില്‍
ഗുരുവായൂര്‍: യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസിലെ പ്രതിയെ പൊലിസ് പിടികൂടി. ചാവക്കാട് പാലയൂര്‍ കറുപ്പം വീട്ടീല്‍ ഫവാദ് (31) നെയാണ് ഗുരുവായൂര്‍ ടെമ്പിള്‍ സി.ഐ പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ജനുവരിയില്‍ മമ്മിയൂര്‍ കൈരളി ജങ്ഷനില്‍ വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിന്റെ വൈരാഗ്യത്തില്‍ അമല്‍ കൃഷ്ണ എന്നയാളെയും സുഹൃത്തുക്കളെയും തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസിലാണ് അറസ്റ്റ്.
ഈ കേസുമായി ബന്ധപ്പെട്ട് ഇയാളുടെ കൂട്ടാളികളായ കുന്നംകുളം പോര്‍ക്കുളം കാളിപറമ്പില്‍ ലിജിന്‍ (26), പോര്‍ക്കളേങ്ങാട് ചൂണ്ടുപുരയ്ക്കല്‍ സൂരജ് (20) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ ഫവാദ് രണ്ടരമാസത്തോളം തമിഴ്‌നാട്ടിലെ കൊടൈക്കനാലില്‍ ഒരു റിസോര്‍ട്ടില്‍ ഒളിവില്‍ താമസിക്കുകയും പിന്നീട് നാട്ടിലേക്ക് തിരിച്ചെത്തി ഗുരുവായൂര്‍, ചാവക്കാട് എന്നിവിടങ്ങളിലെ സുഹൃത്തുക്കളുടെ വീടുകളില്‍ മാറി മാറി താമസിക്കുകയായിരുന്നു.
ഇയാള്‍ പേരകം വാഴപ്പുള്ളിയിലുള്ള ഭാര്യ വീട്ടില്‍ ഇടയ്ക്കിടെ വന്നുപോകുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലിസ് രഹസ്യമായി നിരീക്ഷിച്ചുവരികയായിരുന്നു.
ബൈക്ക് റെസിങ് വിദഗ്ധനായ പ്രതി ബൈക്കില്‍ സഞ്ചരിക്കുന്നതിടെ വളരെ ദൂരം പിന്തുടര്‍ന്നാണ് പിടികൂടാനായത്. കുന്നംകുളം പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ വര്‍ഷം ഹൈവേ പൊലിസ് എസ്.ഐയെ അക്രമിച്ച കേസിലും പൂരത്തിനിടയില്‍ പൊലിസിനെ അക്രമിച്ച കേസിലും ഇയാള്‍ പ്രതിയാണെന്നും വധശ്രമം, കളവ്, പിടിച്ചുപറി , അടിപിടി, ഭവനഭേദനം, കഞ്ചാവ് ലഹരി ഉല്‍പന്നങ്ങളുടെ വിപണനം തുടങ്ങി 30ളം കേസുകളില്‍ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു.
പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ കെ.എന്‍ മനോജ്, എ.എസ്.ഐ അനില്‍കുമാര്‍, സീനിയര്‍ സി.പി.ഒ ടി.ആര്‍ ഷൈന്‍, സി.പി.ഒമാരായ എസ്. ശരണ്‍, അലക്‌സ് എന്നിവര്‍ ഉണ്ടായിരുന്നു. മെഡിക്കല്‍ പരിശോധനക്ക് ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."