പി. ജയരാജന്‍ അറിയാതെ ടി.പിയെ കൊല്ലാന്‍ കണ്ണൂരില്‍ നിന്ന് ഗുണ്ടകള്‍ വരില്ല: കെ.കെ രമ
കോഴിക്കോട്: വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച ആര്‍എംപി നേതാവ് കെ കെ രമ കോഴിക്കോട് ജില്ലാകളക്ടര്‍ക്ക് മുമ്പാകെ ഇന്ന് ഹാജരാകും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാതിയില്‍ പൊലീസും രമക്കെതിരെ കേസ് എടുത്തിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് ജില്ലാ കലക്ടര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രമയ്‌ക്കെതിരെ കേസെടുക്കാമെന്ന് ഉത്തരവിട്ടത്. കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ പരാതിയിലാണ് നടപടി. കെ.കെ രമ ജയരാജനെതിരേ ഒരു ചാനലില്‍ നടത്തിയ പ്രതികരണം ഒരിക്കല്‍ കൂടി വായിക്കാം.
ആര്‍.എം.പിയുടെ ജന്മലക്ഷ്യം അവസാനിച്ചിരിക്കുന്നു എന്ന് വടകരയില്‍ യു.ഡി.എഫിന് പിന്തുണ നല്‍കിയതിനെ വിമര്‍ശിച്ച സി.പി എമ്മിന്റെ ആരോപണങ്ങള്‍ക്ക് കെ.കെ രമ ഒരു ചാനലിന്റെ ന്യൂസ് അവറില്‍ പറഞ്ഞ വൈകാരികമായ മറുപടി ഏറെ പ്രസക്തമാകുകയാണ്. സി.പി.എം ഒരു അക്രമരാഷ്ട്രീയത്തിലൂടെ ശത്രുക്കളെ ഉന്മൂലനം ചെയ്യുന്ന പാര്‍ട്ടിയാണെന്ന് അവര്‍ ചില നേരനുഭവങ്ങളിലൂടെ സമര്‍ഥിക്കുന്നു.
വലതുപക്ഷ വ്യതിയാനം വിട്ടാണ് ആര്‍.എം.പി എന്ന രാഷ്ട്രീയ പാര്‍ട്ടി പിറവിയെടുത്തത് എന്ന കാര്യം സത്യമാണ്. അതോര്‍മിപ്പിച്ചതിനു നന്ദി. സി.പി.എമ്മിന്റെ വലതുപക്ഷ വ്യതിയാനത്തെ ചൂണ്ടിക്കാണിക്കാന്‍ ആവതു ഞങ്ങള്‍ ശ്രമിച്ചിട്ടുണ്ട്. ആ പാര്‍ട്ടിയുടെ വലതുപക്ഷ രാഷ്ട്രീയം ചൂണ്ടിക്കാണിക്കണമെങ്കില്‍, ആര്‍.എം.പിക്ക് രാഷ്ട്രീയം പറയണമെങ്കില്‍ ഇവിടെ ഞങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാന്‍ കഴിയണം. അതിനുള്ള സാഹചര്യം ഉണ്ടാകണം. ഞങ്ങള്‍ക്ക് ഞങ്ങളുടേതായ രാഷ്ട്രീയം പറയാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. നിങ്ങള്‍ ഒഞ്ചിയം നാട്ടിലേക്കൊന്നുവരണം. ഇവിടുത്തെ ഞങ്ങളുടെ ജീവിതം കാണണം. ഞങ്ങള്‍ എങ്ങനെയാണ് ഇങ്ങനെയൊരു നിലപാടിലേക്കെത്തിയതെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും.
2008ല്‍ 65 വയസുള്ള അബ്ദുല്‍ഖാദര്‍ എന്ന ആര്‍.എം.പിയുടെ ബ്രാഞ്ച് സെക്രട്ടറിയെ ഒരുയോഗം നടക്കുന്ന സ്ഥലത്ത് കയറിച്ചെന്ന് മാഹിയില്‍ നിന്ന് വന്ന ഗുണ്ടാസംഘം താടിയെല്ലു അടിച്ചുപൊട്ടിച്ച സംഭവത്തിലൂടെയാണ് ആദ്യമായി സി.പി.എം ആര്‍.എം.പിയെ ഗുണ്ടാ ആക്രമണത്തിലൂടെ അടിച്ചൊതുക്കാന്‍ ശ്രമിക്കുന്നത്. അവിടുന്നിങ്ങോട്ട് ഞങ്ങളുടെ ജീവിതം ചെറുത്തു നില്‍പ്പിന്റേതാണ്. ആരാണ് ഞങ്ങളെ ഇവിടെവരേ എത്തിച്ചത്. ഞങ്ങള്‍ എസ്.എഫ്.ഐയുടേയും ഡിവൈ.എഫ് ഐയുടേയും സി.പി.എമ്മിന്റേയും സജീവ പ്രവര്‍ത്തകരായിരുന്നു.
ഞങ്ങള്‍ക്ക് പഠനമോ ജീവിതമോ ഒന്നുമായിരുന്നില്ല പ്രധാനം. പാര്‍ട്ടിയായിരുന്നു. പാര്‍ട്ടിക്കപ്പുറം ഒരക്ഷരം ഞങ്ങള്‍ സംസാരിക്കില്ലായിരുന്നു. ദേശാഭിമാനിക്കപ്പുറത്ത് മറ്റൊരു പത്രം വായിക്കില്ലായിരുന്നു. അതായിരുന്നു ഇവിടുത്തെ ജനങ്ങള്‍. അത്രമാത്രം പാര്‍ട്ടിക്കുവേണ്ടി ജീവിച്ചവര്‍. അതൊന്നും മറക്കരുത് സഖാക്കളേ. എന്തായിരുന്നു ഞങ്ങളുടെ ചരിത്രമെന്ന്. എങ്ങനെ ഞങ്ങളിവിടെ എത്തിച്ചേര്‍ന്നുവെന്ന്. ഞങ്ങളെ ഇങ്ങനെ എത്തിച്ചത് നിങ്ങളാണ്. ആ പാര്‍ട്ടിയാണ് ജീവനെന്നും ജീവിതമെന്നും വിശ്വസിച്ചിരുന്ന ടി.പി ചന്ദ്രശേഖരനെ എന്തിനായിരുന്നു 2008 മെയ് മൂന്നിന് നിങ്ങള്‍ വെട്ടി നുറുക്കി അരുംകൊല ചെയ്തത്.? ഒരു രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതിന്റെ പേരിലോ? അതിനെ ആശയ പ്രചാരണത്തിലൂടെ നേരിടാമായിരുന്നില്ലേ നിങ്ങള്‍ക്ക്?
രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയണം. ഓരോ തിരഞ്ഞെടുപ്പു വരുമ്പോഴും ഞങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ നിങ്ങളൊന്നു വന്നുകാണണം. പല വീടുകളിലും ജീവച്ഛവങ്ങളായ മനുഷ്യരെക്കുറിച്ചു കേള്‍ക്കണം. രണ്ടു കാലില്‍ നിവര്‍ന്നു നില്‍ക്കാന്‍ കഴിയാത്തവരാണ് അവിടെയുള്ളത്. അവര്‍ക്കിവിടെ ജീവിക്കാനാകുന്നില്ല. അവരുടെ ജീവനോപാധികള്‍ ഓരോ തിരഞ്ഞെടുപ്പു കാലത്തും തച്ചു തകര്‍ക്കുകയാണ്. 2014ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സി.കെ നാണു എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം എന്തൊക്കെയാണ് നിങ്ങളുടെ പാര്‍ട്ടിക്കാര്‍ ഇവിടെ കാട്ടിക്കൂട്ടിയത്. എത്ര വീടുകളിലാണ് നിങ്ങളുടെ ഗുണ്ടാസംഘങ്ങള്‍ കയറിയിറങ്ങി ഞങ്ങളുടെ പ്രവര്‍ത്തകരെ അടിച്ചു പരുക്കേല്‍പ്പിച്ചത്.
സ്ത്രീകളെപ്പോലും വെറുതെവിട്ടില്ലല്ലോ. പിഞ്ചു കുട്ടികളെപോലും ഉപദ്രവിച്ചില്ലേ. നാലു വയസായ കുട്ടികളെ വരേ വെറുതെവിട്ടില്ലല്ലോ. പരുക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍പോലും അനുവദിച്ചില്ല. കണ്ണൂരില്‍ നിന്നുവന്ന ഗുണ്ടകള്‍ ആണത് ചെയ്തത്. പി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായ കണ്ണൂരില്‍ നിന്ന്. അദ്ദേഹത്തിന്റെ അറിവോ സമ്മതമോ ഇല്ലാതെ അവര്‍ വരുമായിരുന്നോ? എന്താണ് ഞങ്ങള്‍ ചെയ്ത തെറ്റ്? ഞങ്ങള്‍ രാഷ്ട്രീയത്തില്‍ മത്സരിച്ചതാണോ? ഇതൊക്കെ അറിയണം ഡി.വൈ.എഫ്.ഐ നേതാവായ റഹീമിനെപോലുള്ളവര്‍. അറിയില്ലെങ്കില്‍ പഠിക്കണം. അതുകൊണ്ടുതന്നെ ഈ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഞങ്ങള്‍ക്ക് ശക്തമായ രാഷ്ട്രീയ സമരം തന്നെയാണ്. ഒരു സംശയവും വേണ്ട.
ടി.പി ചന്ദ്രശേഖരനെ വെട്ടിനുറുക്കാന്‍ പി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായ കണ്ണൂരില്‍ നിന്നാണ് ഗുണ്ടകള്‍ വന്നത്. പി. ജയരാജന്‍ അറിയാതെ അവര്‍ വരുമോ? കുഞ്ഞനന്തന്‍ എന്ന സി.പി.എമ്മിന്റെ ഏരിയാ കമ്മിറ്റി മെമ്പര്‍ ടി.പി കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടല്ലോ. അദ്ദേഹം ഏത് ഏരിയാകമ്മിറ്റിയിലുള്ളയാളാണ് ? ഒഞ്ചിയത്താണോ? വടകരയിലാണോ? പി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായ കണ്ണൂര്‍ ജില്ലയിലെ ഏരിയ കമ്മിറ്റിയിലല്ലേ. എങ്ങനെ കണ്ണൂര്‍ ജില്ലക്കാരന്‍ ഒഞ്ചിയത്ത് ടി.പി കേസില്‍ പ്രതിയായി.? നിങ്ങള്‍ പറയണം.
നിങ്ങളാണ് ഞങ്ങളെ ഈ നിലയിലേക്കു മാറ്റിയത്. ഇത് ഞങ്ങളുടെ മാത്രം അനുഭവമല്ല, കേരളത്തില്‍ നിന്ന് ഇടതുപക്ഷത്തിനെതിരേ ഉയര്‍ന്ന എല്ലാ വിമത ശബ്ദങ്ങളുടേയും ഇങ്ങനെ അടിച്ചൊതുക്കിയ ചരിത്രമല്ലേയുള്ളൂ. ഈ ധാര്‍ഷ്ട്യവും ക്രിമിനല്‍ രാഷ്ട്രീയവും സി.പി.എം അവസാനിപ്പിക്കണം.
അത്തരത്തിലുള്ളൊരു രാഷ്ട്രീയസമരത്തിനാണ് വടകരയില്‍ ആര്‍.എം.പി നടത്തുന്നത്. ഞങ്ങള്‍ യു.ഡി.എഫിന്റെ ബി ടീമല്ല. ആ ആദര്‍ശത്തിലേക്കു ഞങ്ങള്‍ പോയിട്ടുമില്ല. വടകരയിലുള്ളത് ഞങ്ങളുടെ വേദന അറിയുന്ന മനുഷ്യരാണ്. ചന്ദ്രശേഖരന്റെ വേദന അറിയുന്നവരാണ്. അവര്‍ സി.പി.എമ്മിലുണ്ട്. അവരും ഞങ്ങള്‍ക്കൊപ്പമുണ്ടാകും. വടകരയിലെ ജനങ്ങള്‍ ശക്തമായ രീതിയില്‍ തന്നെ ഈ തരെഞ്ഞെടുപ്പില്‍ വിധിയെഴുതുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."