ചോര്‍ന്നൊലിക്കുന്ന കൂരയില്‍ രോഗവും ദുരിതവും പേറി രാധാമണി എന്ന വിധവ
ശ്രീകൃഷ്ണപുരം:കരിമ്പുഴ പഞ്ചായത്തിലെ രാധാമണി എന്ന വിധവ ദുരിതകയത്തില്‍. മകന്റെ ആശുപത്രി ചിലവും, രണ്ടു പെണ്‍ മക്കളുടെ പഠന ചിലവും,കുടുംബ ചിലവും കണ്ടെത്താനാവാതെ ഉഴലുകയാണ് കോട്ടപ്പുറം ചിറപറമ്പ് കോളനിയിലെ എസ്.സി വനിത.
ജന്മനാ അംഗവൈകല്യമുള്ള മകനും,പ്രായപൂര്‍ത്തിയായ മകള്‍ ഉള്‍പ്പെടെ മൂന്ന് പെണ്മക്കളും അടങ്ങുന്നതാണ് രാധാമണിയുടെ കുടുംബം.വര്‍ഷങ്ങള്‍ക്ക് മുമ്പ് നിനച്ചിരിക്കാതെ ഭര്‍ത്താവ് മരണപ്പെട്ടതോടെ കുടുംബഭാരം രാധാമണിയുടെ ചുമലിലേക്കെത്തി.വീടുകളില്‍ അടുക്കളപണിയെടുത്ത് രാധാമണി കുടുംബജീവിതം തള്ളി നീക്കി.മകന്‍ കൃഷ്ണവിനു(21)വിന് ഇടക്കിടെ വരുന്ന അസുഖങ്ങളും,ബുദ്ധിവൈകല്യവും,വാശിയും രാധാമണിയെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിച്ചത്.വേണ്ടത്ര പണമില്ലാത്തതിനാല്‍ ഗവ:ആസ്പത്രികളിലാണ് മകനെ ചികില്‍സിച്ചത്.ടി.ബി അസുഖത്തിന് മികച്ച ചികിത്സ ലഭിക്കാത്തതിനാല്‍ വിനുവിന്റെ അസുഖം മൂര്‍ച്ഛിച്ചു.പെരിറ്റോണിയല്‍ ടി.ബി ആയി മാറി,വയറില്‍ നീര്‍ക്കെട്ട് വന്ന് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത അവസ്ഥ വന്നു.ഒന്നും കഴിക്കാതെ തന്നെ വയര്‍ വീര്‍ത്തുവന്നു.ഉടനെ വിനുവിന്റെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.നേരിയ വ്യത്യാസം കണ്ടതിനാല്‍ വീട്ടിലേക്ക് കൊണ്ടുവന്ന വിനുവിന്റെ അസുഖം വീണ്ടും കൂടി.ഇപ്പോള്‍ ഒറ്റപ്പാലം ഗവ:ആശുപത്രിയില്‍ ചികിത്സയിലാണ്.നിര്‍ധന ഹരിജന്‍ കുടുംബാംഗവും,നേരിയ മാനസികസ്വാസ്ത്യവുമുള്ള രാധാമണി മകന്റെ ചികിത്സമൂലം പണിക്കും പോവാന്‍ കഴിയുന്നില്ല.മൂന്നു പെണ്മക്കളില്‍ രണ്ടുപേര്‍ പ്ലസ്‌വണ്ണിന് പഠിക്കുന്നവരാണ്.ഇവരുടെ ആരോഗ്യ സ്ഥിതി പരമ ദയനീയമാണ്.കല്യാണ പ്രായമെത്തിയ ഒരു മകളെ കുടുംബത്തിലുള്ള പയ്യന്‍ കെട്ടാമെന്ന് ധാരണ ഉണ്ടായിരുന്നെങ്കിലും ഇനി എങ്ങനെ എന്ന ചോദ്യമാണ് രാധാമണിക്കുള്ളത്.
ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് രാധാമണിയും കുടുംബവും ഇപ്പോള്‍ താമസിക്കുന്നത്.രണ്ടു വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്തിലെ എസ്.സി വിഭാഗത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ വീടിനായി അനുവദിച്ചു.ഈ തുക ഉപയോഗിച്ച് നിലവിലെ വീടിനോട് ചേര്‍ന്ന് ചെറിയൊരു വീടുണ്ടാക്കി.എന്നാല്‍ തുക അപര്യാപ്തവും,സ്വന്തമായി കാശില്ലാത്തതും വീട് പണി അപൂര്‍ണമാക്കി.പുതിയ വീടിന് വാതില്‍ വെക്കാന്‍ കഴിഞ്ഞാല്‍ മഴ കൊള്ളാതെ സുരക്ഷിതമായിരിക്കാം.എന്നാല്‍ രണ്ടു വാതില്‍ പോലും ഈ അവസ്ഥയില്‍ രാധാമണിക്ക് ബാലികേറാമലയാണ്.പായ വിരിച്ചു നിലത്ത് കിടത്തിയിരുന്ന കൃഷ്ണവിനുവിന് പാലിയേറ്റിവ് പ്രവര്‍ത്തകരുടെ കാരുണ്യത്താല്‍ കട്ടിലും കിടക്കയും ലഭിച്ചിട്ടുണ്ട്.മകന്റെ തുടര്‍ ചികിത്സ,മൂത്ത മകളുടെ കല്യാണം,രണ്ടു മക്കളുടെ ആരോഗ്യം,പഠനം,വീട് പണി എന്നിവ ചോദ്യചിഹ്നമായി നില്‍ക്കുന്നു.രാധാമണിയെ സഹായിക്കാന്‍ നന്മ കരിമ്പുഴ ചാരിറ്റി ഫോറം പ്രവര്‍ത്തകര്‍ മുന്നോട്ട് വന്നിട്ടുണ്ട്.സുമനസുകളെ നേരില്‍കണ്ടോ,അല്ലാതെയോ പണം സ്വരൂപിക്കുന്ന നന്മ ചാരിറ്റി ഫോറം രാധമണിക്ക് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാന്‍ അഭ്യര്‍ത്ഥിച്ചു.ഇതിനായി ഫെഡറല്‍ ബാങ്ക് ശ്രീകൃഷ്ണപുരം ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചു.അക്കൗണ്ട് നമ്പര്‍ 17020100053353(ഐ.എഫ്.എസ്.സി കോഡ് എഫ്.ഡി.ആര്‍.എല്‍0001702) ഫോണ്‍: 9074828402, 9747950304
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."