സെക്രട്ടേറിയറ്റിലെ കൃഷിവകുപ്പില്‍ നിന്ന് അഴിമതി ഫയലുകള്‍ മോഷണം പോയി
തിരുവനന്തപുരം: കൃഷിവകുപ്പിന്റെ അഴിമതി ഫയലുകള്‍ സെക്രട്ടേറിയറ്റില്‍ നിന്നു മോഷണംപോയി. കൃഷിവകുപ്പിന്റെ എഫ്1, എഫ് 2, എഫ്. 3 എന്നീ സെക്ഷനുകളിലെ 24 ഫയലുകളാണു മോഷ്ടിച്ചത്. കഴിഞ്ഞ മാസം 24നു വൈകിട്ട് അഞ്ചിനും 25നു രാവിലെ പത്തിനുമിടയിലാണ് മോഷണം നടന്നത്. ഹോര്‍ട്ടി കോര്‍പ് ഉള്‍പ്പെടെ കൃഷിവകുപ്പില്‍ വന്‍ ക്രമക്കേട് നടന്നുവെന്ന് തെളിയുന്ന പ്രധാന ഫയലുകളാണ് ഇവ.
കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്തെ ഉത്തരവുകള്‍ പരിശോധിക്കുന്ന മന്ത്രിസഭാ ഉപസമിതിക്ക് പരിശോധനയ്ക്കു ഹാജരാക്കേണ്ട ഫയലുകളാണിത്. കഴിഞ്ഞദിവസം ഫയലുകള്‍ ഹാജരാക്കാന്‍ കൃഷിമന്ത്രി ആവശ്യപ്പെട്ടപ്പോള്‍. നഷ്ടപ്പെട്ടവിവരം മറച്ചുവയ്ക്കുകയും ഇന്നലെ അണ്ടര്‍ സെക്രട്ടറി ഏതാണ്ട് ഒരുമാസത്തിന് മുന്‍പു കാണാതായ ഫയലുകള്‍ മോഷണം പോയി എന്നു കാണിച്ച് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.
മുന്‍ കൃഷിമന്ത്രി കെ.പി.മോഹനനുമായി ബന്ധപ്പെട്ട് നിരവധി അഴിമതി ആരോപണങ്ങളുണ്ടായിട്ടുണ്ട്. ഈ ആരോപണങ്ങളുടെ സത്യാവസ്ഥ മനസിലാക്കാനാണ് കൃഷിമന്ത്രി ഈ ഫയലുകള്‍ മന്ത്രിസഭാ ഉപസമിതി പരിശോധിക്കാന്‍ തീരുമാനിച്ചത്. മന്ത്രി എ.കെ.ബാലന് അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതിയില്‍ കൃഷിമന്ത്രി സുനില്‍കുമാറും അംഗമാണ്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഫയല്‍ കാണാതായ സ്ഥലത്ത് സി.സി.ടി.വി കാമറ ഇല്ലാത്തത് അന്വേഷണത്തെ ബാധിക്കും.
അതിനിടെ കൃഷിവകുപ്പിന്റെ ഫയലുകള്‍ കാണാതെപോയെന്ന പരാതി ഗൗരവമായി അന്വേഷിക്കുമെന്ന് കൃഷിമന്ത്രി സുനില്‍കുമാര്‍ പറഞ്ഞു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് കൃഷിമന്ത്രിയുടെ ഓഫിസിലേക്കു പോയ ഫയലുകളാണ് കാണാതായിരിക്കുന്നത്. ഇത് പരിശോധിച്ച ശേഷമേ പറയാന്‍ കഴിയൂവെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."