പെട്രോളടിച്ചാല്‍ ചായയും കടിയും ഫ്രീ
വട്ടിയൂര്‍ക്കാവ്: കാഞ്ഞിരംപാറയിലെ ഇന്ത്യന്‍ ഓയില്‍ പമ്പിലെത്തി പെട്രോളോ ഡീസലോ അടിക്കുന്നവര്‍ക്ക് ഇന്ധനത്തിനൊപ്പം സംഭാരവും ചായയും കടിയും. പമ്പിലെത്തുന്ന കസ്റ്റമേഴ്‌സിനെ തങ്ങള്‍ക്കൊപ്പം നിര്‍ത്തുന്നതിനും ക്യൂ ഉണ്ടാകുന്ന അവസരങ്ങളില്‍ അവര്‍ വിട്ടുപോകാതിരിക്കുന്നതിനുമായാണ് ഇത്തരമൊരു ആശയം. രാവിലെയും വൈകിട്ടുമായി 200 ഓളം പേര്‍ക്കാണ് സംഭാരവും ചായയും നല്‍കിവരുന്നത്.
ചൂടുകാലങ്ങളില്‍ സംഭാരമാണെങ്കില്‍ തണുപ്പുകാലത്ത് ചായയും കടിയുമാണ് സൗജന്യമായി ലഭിക്കുക. വാഹനം പമ്പിലെത്തിക്കഴിഞ്ഞാല്‍ അവരെ സ്വീകരിക്കാന്‍ രണ്ടു ജീവനക്കാര്‍ ഉടന്‍ അടുത്തെത്തും. ഇതിനായി മാത്രം 2 ജീവനക്കാരെ ശമ്പളം നല്‍കി നിര്‍ത്തിയിട്ടുണ്ട്. ആദ്യമാദ്യം പമ്പിലെത്തുന്നവര്‍ക്ക് ഒരമ്പരപ്പായിരുന്നു,
കാശ് ഈടാക്കുമോയെന്ന്. പിന്നീടാണ് ഇതൊക്കെ തികച്ചും സൗജന്യമാണെന്ന് ഇവര്‍ക്കു മനസിലായത്. സംഭാരവും ചായയും ലഭിക്കുമെന്നുകണ്ട് സ്ഥിരമായി ഈ പമ്പില്‍ പെട്രോളും ഡീസലും അടിക്കാനെത്തുന്നവരും കുറവല്ല. കേരളത്തിനു പുറത്തുമാത്രമേ ഇത്തരമൊരു സംവിധാനം പരീക്ഷിക്കുന്നുള്ളൂവെന്നും അതുതന്നെ ഒരു നിശ്ചിത തുകയ്ക്ക് ഇന്ധനം നിറയ്ക്കുന്നതിന് മാത്രമാണ് നല്‍കുന്നതെന്നുമാണ് ഡീലര്‍ സുരേഷ് പറയുന്നത്.
ഒരു നിശ്ചിത തുകയ്ക്ക് ഇന്ധനം നിറയ്ക്കണമെന്ന നിഷ്‌കര്‍ഷയൊന്നും ഇവിടെയില്ല. ജീവനക്കാരുടെ ശമ്പളവും സൗജന്യമായി ആഹാരം നല്‍കുന്നതിനുള്ള ചെലവും കൂട്ടുമ്പോള്‍ 50,000 രൂപ പിന്നിടുമെങ്കിലും കസ്റ്റമേഴ്‌സ് ഈ പമ്പ് തേടി സ്ഥിരമായി എത്തുന്നതില്‍ ഇവിടത്തെ ജീവനക്കാരും സംതൃപ്തരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."