സമയം നീട്ടിനല്‍കില്ലെന്ന് മന്ത്രി
കൊല്ലം: കൊല്ലം ബൈപാസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് സമയപരിധി നീട്ടിനല്‍കില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി. ആശ്രാമം ഗസ്റ്റ് ഹൗസില്‍ ബൈപാസ് നിര്‍മാണ പുരോഗതി വിലയിരുത്തുന്നതിനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഉറച്ച നിലപാടാണുള്ളത്. കരാറിന്റെ കാലാവധി 2017 നവംബര്‍ 25നു പൂര്‍ത്തിയായതാണ്. ഇതിനോടകം ഒന്‍പതു മാസം അധികമായി അനുവദിച്ചു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിനു കാരണം പ്രതികൂല കാലാവസ്ഥയാണെന്ന കരാറുകാരുടെ നിലപാട് അംഗീകരിക്കാനാവില്ല. നിര്‍മാണ പ്രവൃത്തികള്‍ കൃത്യമായും സമയബന്ധിതമായും പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര റോഡ് ഗതാഗതവും ദേശീയപാതയും മന്ത്രാലയത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.
ആവശ്യത്തിന് തൊഴിലാളികളെ നിയോഗിച്ച് അതിവേഗത്തില്‍ പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ തയാറകണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍ദേശിച്ചു. വനം മന്ത്രി കെ. രാജുവും യോഗത്തില്‍ സംസാരിച്ചു. പൂര്‍ത്തിയാക്കാനുള്ള പ്രവൃത്തികളെക്കുറിച്ച് യോഗത്തില്‍ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
നിലവിലുള്ള കല്ലുംതാഴം-മേവറം റോഡിന്റെ വീതികൂട്ടല്‍ ജോലിയില്‍ 4.58 കിലോമീറ്ററില്‍ 0.2 കിലോമീറ്ററില്‍ ഡെന്‍സ് ബിറ്റുമിന്‍ മെക്കാഡം 0.49 കിലോമീറ്ററില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റ് ജോലികള്‍ നടത്തേണ്ടതുണ്ട്. കാവനാട്-മേവറം റോഡില്‍ 2.78 കിലോമീറ്ററില്‍ വൈറ്റ് മിക്‌സ് മെക്കാഡവും 3.32 കിലോമീറ്ററില്‍ ഡെന്‍സ് ബിറ്റുമിന്‍ മെക്കാഡം ടാറിങ്ങും 7.62 കിലോമീറ്ററില്‍ ബിറ്റുമിന്‍ കോണ്‍ക്രീറ്റും പൂര്‍ത്തിയാക്കേണ്ടതുണ്ട്.
കാവനാട് ജങ്ഷന്റെ 20 ശതമാനവും കടവൂര്‍ ജങ്ഷന്റെ 80 ശതമാനവും പ്രവൃത്തികളും 38 ഇന്റര്‍ സെക്ഷനുകളില്‍ 20 എണ്ണവും ബാക്കിയുണ്ട്. എട്ടു കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റീട്ടെയിനിങ് ഭിത്തിയുടെ രണ്ടു കിലോമീറ്റര്‍ നീളത്തില്‍ ആര്‍.സി.സി ക്രാഷ് ബാരിയര്‍ സ്ഥാപിക്കാനുണ്ട്. ആറു കിലോമീറ്റര്‍ നീളത്തില്‍ മെറ്റല്‍ ക്രാഷ് ബാരിയറും 13 കിലോമീറ്ററില്‍ റോഡ് മാര്‍ക്കിങ്ങും സൂചകങ്ങളും 9.60 കിലോമീറ്ററില്‍ ടോ ഡ്രെയിനും പൂര്‍ത്തീകരിക്കാനുണ്ട്.
മേയര്‍ വി. രാജേന്ദ്രബാബു, എം.എല്‍.എമാരായ എം. മുകേഷ്, എന്‍. വിജയന്‍പിള്ള, പൊതുമരാമത്ത് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കമലവര്‍ധന റാവു, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ സജീവ്, പൊതുമരാമത്ത് വകുപ്പ്(ദേശീയപതാ വിഭാഗം) എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഡോ. എ. സിനി പങ്കെടുത്തു.
കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം റീജ്യനല്‍ ഓഫിസര്‍ വി.വി ശാസ്ത്രി, കോസ്റ്റ് കണ്‍സള്‍ട്ടന്‍സി സര്‍വിസസ് ടീം ലീഡര്‍ സെല്‍വരാജ്, കരാറുകാരായ ചെറിയാന്‍ വര്‍ക്കി കണ്‍സ്ട്രക്ഷന്‍സ് ഡയറക്ടര്‍ റെജി എം. ചെറിയാന്‍ തുടങ്ങിയവര്‍ സന്നിഹിതരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."