ചികിത്സാ സഹായം: പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പടെ നാലുപേര്‍ക്കെതിരേ കേസ്
കൊച്ചി: അമ്മയുടെ കരള്‍മാറ്റ ചികിത്സയ്ക്കായി ലഭിച്ച തുകയുടെ പങ്ക് ആവശ്യപ്പെട്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ ഫിറോസ് കുന്നംപറമ്പില്‍ ഉള്‍പ്പടെ നാലുപേര്‍ക്കെതിരേ കേസെടുത്തു.
അമ്മയുടെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കായി സമൂഹമാധ്യമങ്ങളിലൂടെ സഹായം തേടിയ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനി വര്‍ഷയുടെ പരാതിയിലാണ് ചേരാനല്ലൂര്‍ പൊലിസ് കേസെടുത്തത്. ഫിറോസ് കുന്നംപറമ്പിലിനം കൂടാതെ സാജന്‍ കേച്ചേരി, സലാം, ഷാഹിദ് എന്നിവരെയാണ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഭീഷണിപ്പെടുത്തിയതിനും സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചതിനുമാണ് കേസെടുത്തത്.
ജൂണ്‍ 24നാണ് വര്‍ഷ ഫെയ്‌സ്ബുക്കില്‍ ലൈവിലെത്തിയത്. തുടര്‍ന്ന് വര്‍ഷയെ സഹായിക്കണമെന്ന അഭ്യര്‍ഥനയുമായി സാജന്‍ കേച്ചേരിയും രംഗത്തെത്തി. ഇതോടെ നിരവധി പേര്‍ അക്കൗണ്ടിലേക്ക് പണം അയച്ചു. ഇതിനിടെ ജോയിന്റ് അക്കൗണ്ട് വേണമെന്ന് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നാണ് വര്‍ഷ പറയുന്നത്. ഇതിന് തയാറാകാതെ വന്നതോടെ ഭീഷണിപ്പെടുത്താനും അപമാനിക്കാനും തുടങ്ങി.
ചികിത്സയ്ക്കായി ഇനിയും മൂന്ന്മാസത്തോളം കൊച്ചിയില്‍ തുടരേണ്ടതുണ്ട്. തനിക്ക് ലഭിച്ചതില്‍നിന്ന് ഗോപിക എന്ന കുട്ടിയുടെ ചികിത്സക്ക് ആവശ്യമായ പണം നല്‍കിയിരുന്നു.ഗോപിക ഇപ്പോള്‍ സുഖം പ്രാപിച്ചുവരുകയാണ്. അമ്മയുടെ ചികിത്സക്ക് ഇനിയും പണം ആവശ്യമുണ്ട്. ഈ അവസരത്തിലാണ് ലഭിച്ച പണം അവര്‍ പറയുന്നവര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരുകൂട്ടരുടെ കടന്നുവരവെന്നും വര്‍ഷ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."