യുവതിയും മകനും മാത്രം താമസിക്കുന്ന വീട് കുത്തിത്തുറന്ന് മോഷണ ശ്രമം
നെടുമ്പാശ്ശേരി: ചെങ്ങമനാട് പുതുവാശ്ശേരിയില്‍ പ്രവാസിയുടെ ഭാര്യയായ യുവതിയും എട്ട് വയസുള്ള മകനും മാത്രം താമസിക്കുന്ന വീട് അര്‍ധരാത്രി മാരകായുധങ്ങള്‍ ഉപയോഗിച്ച് കുത്തിതുറന്ന് മോഷണത്തിന് ശ്രമം. പുതുവാശ്ശേരി മാളിയേക്കല്‍ അഷ്‌ക്കറിന്റെ വീട്ടിലാണ് മോഷണം അരങ്ങേറിയത്. വീടിന് മുന്‍വശത്തെ ഇരട്ട പാളി വാതില്‍ വാക്കത്തിയും ലിവറും ഉപയോഗിച്ച് തിക്കി അകറ്റി പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയതെന്ന് കരുതുന്നു. വീട്ടില്‍ നിന്നും കാര്യമായൊന്നും ലഭിക്കാതായതോടെ മാരകായുധങ്ങളും മഴക്കോട്ടും വീടിനകത്ത് ഉപേക്ഷിച്ച ശേഷം കടന്നുകളയുകയായിരുന്നു. വ്യാഴാഴ്ച്ച രാവിലെ പതിവ് പോലെ യുവതി വീട്ടിലെത്തിയപ്പോഴാണ് വാതില്‍ തുറന്ന നിലയില്‍ കണ്ടത്. ഉടനം ഉമ്മയെയും സഹോദരനെയും വിളിച്ച് വരുത്തി വീടിനകത്ത് കയറി പരിശോധിച്ചപ്പോഴാണ് മോഷണ ശ്രമം നടന്നതായി അറിഞ്ഞത്.
മൂന്ന് മാസം മുന്‍പാണ് അഷ്‌കറും കുടുംബവും പുതിയതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറ്റിയത്. ഇതിനു ശേഷം അഷ്‌കര്‍ ഗള്‍ഫിലേക്ക് മടങ്ങിയതോടെ ഭാര്യയും കുട്ടിയും രാത്രിയില്‍ കിടന്നുറങ്ങാന്‍ അടുത്തുള്ള ഉമ്മയുടെ വീട്ടിലേക്ക് പോകും. അതുകൊണ്ട് തന്നെ വിലപിടിപ്പുള്ള സാധനങ്ങളൊന്നും വീട്ടില്‍ സൂക്ഷിച്ചിരുന്നില്ല. അകത്ത് കയറിയ മോഷ്ടാവ് നാല് കിടപ്പ് മുറികളിലും കയറയിറങ്ങി അലമാരകള്‍ കുത്തിത്തുറന്ന് വസ്ത്രങ്ങളും, ബാഗുകളും, വിലപ്പെട്ട രേഖകളും വാരി വിതറിയ നിലയിലായിരുന്നു.
ചെങ്ങമനാട് സ്റ്റേഷനില്‍ വിവരമറിയിച്ചതിനേ തുടര്‍ന്ന് പ്രിന്‍സിപ്പല്‍ എസ്.ഐ എ.കെ സുധീറിന്റെ നേതൃത്വത്തില്‍ പൊലിസെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ദധരും പരിശോധനക്കെത്തിയിരുന്നു. വീടിനകത്ത് നിന്ന് കണ്ടെത്തിയ മാരകായുധങ്ങളും, മഴക്കോട്ടും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അര്‍ധരാത്രിക്ക് ശേഷം കനത്ത മഴയുള്ള സമയത്താണ് കവര്‍ച്ച ശ്രമം നടന്നതെന്നാണ് സംശയിക്കുന്നത്.
മഴക്കാലം ആരംഭിച്ചതോടെ മോഷ്ടാക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ചെങ്ങമനാട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നിരവധി സ്ഥലങ്ങളില്‍ മോഷണവും കവര്‍ച്ചയും അരങ്ങേറുകയുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."