മുന്‍ ബി.ജെ.പി സര്‍ക്കാരിനെതിരേ അന്വേഷണവുമായി മുഖ്യമന്ത്രി കമല്‍നാഥ്
ശിവ്‌രാജ് സിങ് സര്‍ക്കാരിനെതിരേ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്തു
ഭോപ്പാല്‍: തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാക്കളെ ലക്ഷ്യം വച്ച് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്ന ആരോപണം ശക്തമായിരിക്കെ, ഇന്നലെ മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളുമായ ശിവ്‌രാജ് സിങ് ചൗഹാന്റെ കാലത്തെ അഴിമതിയില്‍ അന്വേഷണത്തിന് മധ്യപ്രദേശ് സര്‍ക്കാര്‍.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സാമ്പത്തിക കുറ്റാന്വേഷണ വിഭാഗത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥന്‍മാര്‍, അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്തിയിരുന്ന ഏഴ് കമ്പനികള്‍, നാല് ഐ.ടി കമ്പനികള്‍ എന്നിവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ നിര്‍മാണങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ വഴി കോടിക്കണക്കിന് പണമാണ് തട്ടിയെടുത്തതെന്ന് ആരോപിച്ചാണ് കമല്‍നാഥ് സര്‍ക്കാര്‍ മുന്‍ഭരണകാലത്തെ അഴിമതി സംബന്ധിച്ച് അന്വേഷണത്തിന് നീക്കം തൂടങ്ങിയത്. ചില രാഷ്ട്രീയ നേതാക്കള്‍ക്കെതിരേയും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി കമല്‍നാഥ്, അദ്ദേഹത്തിന്റെ സഹായികള്‍, അദ്ദേഹവുമായി ബന്ധപ്പെട്ട ഇടങ്ങളിലെല്ലാം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി രണ്ടു ദിവസത്തിന് ശേഷമാണ് കമല്‍നാഥ് സര്‍ക്കാരും ബി.ജെ.പിയെ വെട്ടിലാക്കി പുതിയ അന്വേഷണ നീക്കം തുടങ്ങിയത്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറിയിച്ചു. പ്രാഥമിക അന്വേഷണത്തില്‍ ചില തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ ന്യൂഡല്‍ഹിയിലെ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ സഹായത്തോടെ സാങ്കേതിക തെളിവുകളും ലഭിച്ചിട്ടുണ്ടെന്ന് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പറയുന്നു. മധ്യപ്രദേശ് ജല്‍ നിഗം പദ്ധതിയുമായി ബന്ധപ്പെട്ട മൂന്ന് ടെന്‍ഡറുകള്‍, പി.ഡബ്ല്യു.ഡിയുടെ മൂന്ന് ടെന്‍ഡറുകള്‍, ജലസേചന വകുപ്പുമായി ബന്ധപ്പെട്ട രണ്ട് ടെന്‍ഡറുകള്‍. മധ്യപ്രദേശ് റോഡ് വികസന കോര്‍പ്പറേഷനുമായുമായി ബന്ധപ്പെട്ട ഒരു കരാര്‍ ഉള്‍പെടെ 3,000 കോടിയുടെ അഴിമതി സംബന്ധിച്ച അന്വേഷണത്തിനാണ് സര്‍ക്കാര്‍ നീക്കം തുടങ്ങിയത്.
സ്വകാര്യ പശ്ചാത്തല സൗകര്യ വികസന കമ്പനികളായ ജി.വി.പി.ആര്‍ ലിമിറ്റഡ്, മാക്‌സ് മെനന്റേന, ഹ്യൂം പൈപ്പ് ലിമിറ്റഡ്, ജെ.എം.സി ലിമിറ്റഡ്, സോര്‍ത്തിയ ബെല്‍ജി ലിമിറ്റഡ്, മാധവ് ഇന്‍ഫ്രാ പ്രൊജക്ട്, രാം കുമാര്‍ നര്‍വാനി ലിമിറ്റഡ് എന്നീ കമ്പനികള്‍ക്ക് പുറമെ, ഐ.ടി കമ്പനികളായ ഓസ്‌മോ ഐ.ടി സൊല്യൂഷന്‍സ്, എം.പി സ്റ്റേറ്റ് ഇലക്ടോണിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കോര്‍പ്പറേഷന്‍, ആന്റേര്‍സ് ലിമിറ്റഡ്, ടി.സി.എസ് ലിമിറ്റഡ് എന്നിവക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു.
മനീഷ് സിങിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതോടെയാണ് മുന്‍ സര്‍ക്കാരിന്റെ കാലത്തുള്ള വിവിധ പദ്ധതികളില്‍ അഴിമതിയുണ്ടെന്ന് റിപോര്‍ട്ട് ചെയ്തത്. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇതുസംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടും അന്വേഷണം നടക്കാത്ത സാഹചര്യത്തിലാണ് കമല്‍നാഥ് സര്‍ക്കാര്‍ ഇപ്പോള്‍ അന്വേഷണത്തിന് അനുമതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."