ശ്വാസകോശത്തില്‍ അണുബാധ: ദലൈലാമ ആശുപത്രിയില്‍
ന്യൂഡല്‍ഹി: ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ അണുബാധയെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചതെന്നാണ് വിവരം.
83കാരനായ അദ്ദേഹത്തെ പരിശോധനക്കായി ധര്‍മശാലയില്‍ നിന്ന് ഡല്‍ഹിയിലെ സാകേത് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കൊണ്ടുവന്നതായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന് ശ്വാസകോശത്തില്‍ അണുബാധ സ്ഥിരീകരിച്ചത്.ഏതാനും ദിവസങ്ങളായി ഡല്‍ഹില്‍ നടന്ന ആഗോള ആത്മീയ പഠന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഈ മാസം എട്ടിനാണ് ദലൈലാമ ഹിമാചല്‍പ്രദേശിലെ ധര്‍മശാലയില്‍ തിരിച്ചെത്തിയത്.ചൈനയുടെ ഭീഷണിയെ തുടര്‍ന്ന് 1959ല്‍ രക്ഷപ്പെട്ട് ഇന്ത്യയില്‍ അഭയാര്‍ഥിയായി എത്തിയ ദലൈലാമയും സംഘവും ഹിമാചലിലെ ധര്‍മശാലയിലാണ് താമസിച്ചുവരുന്നത്. ടിബറ്റന്‍ ബുദ്ധമതക്കാരുടെ 14-ാമത്തെ ആത്മീയ നേതാവായ നിലവിലെ ദലൈലാമ മരിച്ചാല്‍ പുതിയ ലാമയെ നിയമിക്കാനുള്ള അധികാരം തങ്ങള്‍ക്കാണെന്ന് ചൈന നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നാല്‍ താന്‍ 15 വര്‍ഷം കൂടി ജീവിക്കുകയാണെങ്കില്‍ അപ്പോഴേക്കും ചൈനയുടെ രാഷ്ട്രീയ അന്തരീക്ഷം പൂര്‍ണമായും മാറുമെന്നാണ് ഇതിനോട് ദലൈലാമ പ്രതികരിച്ചിരുന്നത്. ദലൈലാമയുടെ പിന്‍ഗാമിയെ തങ്ങള്‍ തീരുമാനിക്കുമെന്ന് ഇന്നലെ ചൈന ആവര്‍ത്തിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."