പാലത്തായി കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ നടത്തിയത് നഗ്നമായ നിയമലംഘനം: ഐ.ജി ശ്രീജിത്തിനെ നീക്കം ചെയ്യണമെന്ന് ഹരീഷ് വാസുദേവ്
തിരുവനന്തപുരം: പാലത്തായി പീഡനക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി അഡ്വ.ഹരീഷ് വാസുദേവ്.
അന്വേഷണ ഉദ്യോഗസ്ഥനായ ഐ.ജി ശ്രീജിത്തിനെ നീക്കം ചെയ്യണം. പൊലിസ് പ്രതിക്ക് സഹായം നല്‍കുന്നതാണ് കേസിന്റെ നാള്‍വഴികള്‍ പരിശോധിക്കുന്നതിലൂടെ മനസിലാകുന്നത്.അന്വേഷണത്തില്‍ വന്ന വീഴ്ചകളാണ് കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാന്‍ കാരണമായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പാലത്തായി കേസിലെ സത്യം അന്വേഷിക്കാന്‍ ഇനിയും വസ്തുതകള്‍ ലഭിക്കേണ്ടതുണ്ട്. പ്രാഥമികമായി നോക്കുമ്പോള്‍, പൊലിസ് തന്നെ രണ്ടാമത് ഇരയുടെ മൊഴിയെടുത്തത് അടക്കം പ്രതിക്ക് സഹായകമായി വന്നു.
അന്വേഷണം പൂര്‍ത്തിയാകാത്ത ഒരു കേസിലെ, അന്വേഷണ ഉദ്യോഗസ്ഥന് മാത്രം ലഭ്യമായ വിവരങ്ങള്‍ കോര്‍ത്ത് ഇണക്കി, കേസ് അട്ടിമറിക്കാന്‍ പ്രതിക്ക് അനുകൂലമായി മാറാവുന്ന എല്ലാ പോയന്‍സും തെരഞ്ഞു പെറുക്കി ഒരു പരിചയവും ഇല്ലാത്ത ഒരാളോട് ഫോണില്‍ വിശദീകരിച്ചു നല്‍കിയത്, കേസിനു മേല്‍നോട്ടം നടത്തിയ ഐ.ജി ശ്രീജിത്ത് ആണ്. അന്വേഷണ ഡയറിയില്‍ പ്രതിഭാഗത്തിനു ഒരുകാലത്തും ആക്സസ് ഇല്ലാത്ത വിവരങ്ങളാണ് പൊലിസ് തന്നെ ഫോണില്‍ പറഞ്ഞു കൊടുക്കുന്നത്.
ഐ.ജി ശ്രീജിത്ത് നടത്തിയത് നഗ്നമായ നിയമലംഘനമാണ്. അയാളാണോ ഈ കേസ് തുടര്‍ന്നു മേല്‍നോട്ടം വഹിക്കുക? എങ്കില്‍ പിന്നെന്തിനാണ് തുടരന്വേഷണം നടത്തുന്നതെന്നും പ്രതിയെ വെറുതേ വിട്ടാല്‍ പോരെയെന്നും ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ തച്ചങ്കരി അറിവോടെയാണോ ഇത്തരം സംഭവങ്ങള്‍ നല്‍കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ഈ കേസ് അട്ടിമറിക്കാന്‍ ഇപ്പോള്‍ ഇടപെട്ടത് ക്രൈം ബ്രാഞ്ച് ഐ.ജി ശ്രീജിത്ത് ആണ്. ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് അടിയന്തിരമായി നീക്കം ചെയ്യുകയും കേസിന്റെ ചുമതല മറ്റൊരാളെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരുടെ കേസിലാണ് ഇത്തരം അട്ടിമറികള്‍ നടക്കുന്നതെങ്കില്‍ അദ്ദേഹം ഒരിക്കലും നോക്കി നില്‍ക്കില്ല. ഇത് പാലത്തായി കേസിന്റെ മാത്രം പ്രശ്‌നമല്ല ക്രെംബ്രാഞ്ചിന്റെ വിശ്വാസ്യതയുടെ പ്രശ്നമാണ്. അവനവനു നേരെ അനീതി വരുമ്പോഴേ ഗൗരവം മനസ്സിലാവുകയുള്ളു. ഈ കേസില്‍ ഇനി സത്യസന്ധമായ അന്വേഷണം നടക്കണമെങ്കില്‍ ഐ.ജി ശ്രീജിത്തിനെ ആ സ്ഥാനത്ത് നിന്ന് ഇന്നുതന്നെ മാറ്റണം. അല്ലാതെയുള്ള തുടര്‍അന്വേഷണം പ്രഹസനമാകുമെന്ന് ഹരീഷ് ചൂണ്ടിക്കാട്ടി.
ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് പരാതി അയക്കുകയാണെന്നും. യോജിക്കുന്നവര്‍ മുഖ്യമന്ത്രിക്ക് ഇമെയില്‍ ആയി പരാതി അയക്കണമെന്നും നടപടി ഇല്ലാത്തപക്ഷം കോടതിയെ സമീപിക്കാമെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
https://www.facebook.com/harish.vasudevan.18/posts/10158621102107640?__cft__[0]=AZWwAxP-oLMucaOZ01THLQ9X0zQ8t_zuNfgVaSEoxOwx9V1rexhd5e5GQX2hnZ9eocwa2mTH4fYY6CpR__aHkcj3V3uOMTZzlkdbWwTGjQB40us0HkjTcaTPNoHrVr7g8cc&__tn__=%2CO%2CP-R
പാലത്തായിയില്‍ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ ബിജെപി നേതാവായ അധ്യാപകന്‍ കുനിയില്‍ പത്മരാജന് ജാമ്യം നല്‍കിയിരുന്നു. അറസ്റ്റിലായി 90 ദിവസം പിന്നിട്ട സാഹചര്യത്തിലാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്.
പോക്‌സോ വകുപ്പുകള്‍ നിലവില്‍ ചുമത്തിയിരുന്നില്ല. ഇത് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു. ഇതിന് മുമ്പ് ജൂലൈ എട്ടിന് ഇയാളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തളളിയിരുന്നു. നേരത്തെ തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അതും തളളിയിരുന്നു.
കേസില്‍ പെണ്‍കുട്ടിയുടെ മാതാവിനെയും കക്ഷി ചേര്‍ത്താണ് ഹൈക്കോടതി പത്മരാജന്റെ ജാമ്യഹരജി തളളിയത്. പ്രതിയായ കുനിയില്‍ പത്മരാജന്‍ നിലവില്‍ തലശേരി സബ്ജയിലില്‍ റിമാന്‍ഡിലായിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."