' ശ്രീജിത്തിന്റെ സംഭാഷണം ഒരാളെ ഉപയോഗിച്ച് പ്രീ പ്ലാന്‍ ചെയ്ത്, പോക്‌സോ ചുമത്തണമെന്ന ആവശ്യത്തിന്റെ മുനയൊടിക്കാന്‍ ഐജി മാനിപ്പുലേറ്റ് ചെയ്ത സംഭാഷണമാണത്, ശ്രീജിത്തിന്റെ അതി ബുദ്ധി കേസിലെ വലിയ വഴിത്തിരിവായി മാറും'- ജസീല്‍ കല്ലാച്ചിയുടെ എഫ്.ബി കുറിപ്പ്
പാലത്തായി കേസുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്ന ഐ.ജി ശ്രീജിത്തിന്റെ ശബ്ദ സന്ദേശം മാനിപ്പുലേറ്റ് ചെയ്തതാണെന്ന് ജസീല്‍ കല്ലാച്ചിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്. എവിടെ നിന്നോ വിളിക്കുന്ന ഏതോ മുഹമ്മദിനോട് ഇരുപത് മിനുട്ടോളം കേസന്വേഷണത്തില്‍ സുപ്രധാന വിവരങ്ങള്‍ പങ്കുവെച്ചതൊന്നുമല്ല അത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പോക്‌സോ ചുമത്താതിരിക്കുന്നതില്‍ പൊലീസിന് കൃത്യമായ കാരണങ്ങള്‍ ഉണ്ട് എന്ന പൊതു സംസാരം രൂപപ്പെടുത്തി എടുക്കാനും പോക്സോ ചുമത്തി കുറ്റപത്രം സമര്‍പ്പിക്കണം എന്ന പൊതുജനങ്ങളുട ആവശ്യത്തിന്റെ മുനയൊടിക്കാനും ബോധപൂര്‍വം ഐജി ശ്രീജിത്ത് മാനിപ്പുലേറ്റ് ചെയ്ത സംഭാഷണമാണെന്നും ജസീല്‍ കല്ലാച്ചിയുടെ കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
പാലത്തായി കേസിൽ ഐ ജി ശ്രീജിത്തിന്റെ ഫോൺ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സംഘപരിവാർ കേന്ദ്രങ്ങളിലൂടെ വലിയ രീതിയിൽ പ്രചരിക്കുകയും കേസിൽ പോക്സോ ചുമത്താതിരിക്കാൻ ഉള്ള ന്യായങ്ങളായി പലരും അതിനെ കാണുകയും ചെയ്യുന്നുണ്ടല്ലോ.. ശ്രീജിത്തിന്റെ അതി ബുദ്ധി ഈ കേസിലെ ഏറ്റവും വലിയ വഴിത്തിരിവായി മാറാൻ പോവുകയാണ്.
(ശ്രീജിത്ത് നടത്തിയ നിയമ ലംഘനത്തെ കുറിച്ച് അവസാനം പറയാം)
ആ ശബ്ദ രേഖ ശ്രീജിത്തിന്റേത് തന്നെയാണ്, ഈ കേസുമായി ബന്ധപ്പെട്ടും ഇതിന് മുൻപ് മറ്റു കേസുകളുമായി ബന്ധപ്പെട്ടും നിരവധി തവണ ശ്രീജിത്തുമായി സംസാരിച്ചിട്ടുള്ള പലരും അത് ശ്രീജിത്തിന്റെ ശബ്ദം തന്നെയാണെന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട്, ശ്രീജിത്ത് അത് തന്റെ ശബ്ദമല്ല എന്ന് അവകാശപ്പെട്ടിട്ടുമില്ല.
ശബ്ദരേഖ മാനിപ്പുലേറ്റഡ് ആണെന്ന് വിശ്വസിക്കാൻ ഒട്ടനവധി കാര്യങ്ങളുണ്ട്. ഐജി റാങ്കിൽ ഉള്ള ഒരു പോലീസ് ഉദ്യോഗസ്ഥൻ എവിടെ നിന്നോ വിളിക്കുന്ന ഒരു മുഹമ്മദിനോട് ഇത്ര സംയമനത്തോടെ പതിനെട്ട് മിനുട്ടോളം കേസിനെ കുറിച്ച് വിശദമായി സംസാരിക്കുന്നുണ്ട്. വിളിക്കുന്ന ആളുടെ പേരെന്താണെന്നും എവിടെ നിന്നാണ് വിളിക്കുന്നത് എന്നുമല്ലാതെ മറ്റൊരു വിവരവും ഐജി ശ്രീജിത്ത് ചോദിച്ച് മനസിലാക്കാൻ ശ്രമിക്കുന്നില്ല എന്നതാണ് ഒന്നാമത്തെ കാര്യം. ഇതേ കേസിന്റെ വിവരങ്ങൾ അറിയാൻ പത്മരാജനെ അറസ്റ്റ് ചെയ്യുന്നതിന് ഞാൻ മുൻപ് പാനൂർ സി ഐയെ ഫോണിൽ വിളിച്ച് സംസാരിച്ചതിന്റെ ശബ്ദ രേഖ എന്റെ കൈവശമുണ്ട്. ഒരു സി ഐ പോലും സംസാരിക്കുന്നതിന് മുൻപ് എന്റെ വിവരങ്ങൾ മുഴുവൻ അന്വേഷിച്ച് അറിഞ്ഞതിന് ശേഷം ആണ് ചോദ്യത്തിന് മറുപടി പറഞ്ഞത്, പല കാര്യങ്ങൾ ചോദിക്കുമ്പോഴും ഇതൊന്നും വിളിക്കുന്നവരെ മുഴുവൻ ബോധ്യപ്പെടുത്തേണ്ട കാര്യമില്ല എന്നും പൊലീസിന് മറ്റു ജോലികൾ ഉണ്ട് എന്നുമൊക്കെയായിരുന്നു മറുപടി. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേസിനെ കുറിച്ച് അന്വേഷിച്ച് വിളിക്കുന്നവരോടൊക്കെ ഇത്രയും വിശദമായി “കഥ പറയുന്നുണ്ടെങ്കിൽ” തന്റെ ഭാഗവും പത്മരാജന്റെ ഭാഗവും ന്യായീകരിക്കാൻ ആണെന്ന് സുവ്യക്തമാണ്.
രണ്ട്, മുഹമ്മദ് എന്ന് പേര് പറഞ്ഞു വിളിക്കുന്ന വ്യക്തി ഈ കേസിനെ കുറിച്ച് അറിയാൻ തന്നെ വിളിച്ചതാണോ എന്ന് ആ ഓഡിയോ ക്ലിപ്പ് വീണ്ടും വീണ്ടും കേൾക്കുമ്പോൾ ഏതൊരാൾക്കും മനസിലാവും. ഐജി റാങ്കിൽ ഉള്ള ഒരു ഉദ്യോഗസ്ഥനെ ഫോണിൽ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാനും അത് റെക്കോർഡ് ചെയ്യാനും പ്രചരിപ്പിക്കാനും ഒക്കെ തയ്യാറാവുന്ന, കേസിൽ പൊലീസിന് താല്പര്യങ്ങളുണ്ട് എന്നും പത്മരാജന് ജാമ്യം ലഭിച്ചത്ത് നീതിയല്ല എന്നും പിഞ്ചു കുട്ടി റേപ്പ് ചെയ്യപ്പെട്ട വിഷയമാണ് എന്നുമൊക്കെ മനസിലാക്കുന്ന ഒരാൾ ഒരിക്കലും സ്വയം റെക്കോർഡ് ചെയ്ത ഓഡിയോയിൽ തന്റെ വാദങ്ങൾക്ക് ഒട്ടും ഡോമിനൻസ് ഇല്ലാതായിപ്പോവുന്നതും പോലീസിനും പ്രതി പത്മരാജനും അനുകൂലമാവുന്നതും ഒന്നും നോക്കാതെ പ്രചരിപ്പിക്കാൻ തയ്യാറാവില്ല. ഇനി അതും ചെയ്യും എന്ന് തന്നെ കരുതുക, മൂന്നാമത്തെ കാര്യം കൂടെ ശ്രദ്ധിക്കുക. ഐജിയോട് അന്വേഷിക്കാൻ വിളിക്കുന്ന മുഹമ്മദ് ആദ്യം കുറച്ച് കാര്യങ്ങൾ അന്വേഷിക്കുന്നതല്ലാതെ പിന്നീട് ഒന്നും തന്നെ ചോദിക്കുന്നില്ല എന്നാൽ ഐജി ശ്രീജിത്ത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. (ആ ഓഡിയോ ക്ലിപ്പിലെ ഈ ഭാഗം ഒരു പ്രാവശ്യം കൂടെ കേട്ട് നോക്കുക) ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ ഫോണിൽ വിളിക്കുന്ന ആളോട് അയാൾ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാതിരുന്നിട്ട് കൂടി വിവരങ്ങൾ അങ്ങോട്ട് പങ്കുവെക്കുകയാണ് ചെയ്യുന്നത്. (ഇടയ്ക്ക് വിളിക്കുന്നയാൾ അവിടെ തന്നെ ഇല്ലേ എന്ന് ഉറപ്പ് വരുത്തുകയും അയാൾ അതിന് കേൾക്കുന്നുണ്ട് പറഞ്ഞോളൂ എന്ന് മറുപടി പറയുകയും ചെയ്യുന്നുണ്ട്) ഈ കാര്യം ഒന്ന് രണ്ട് തവണ കേൾക്കുമ്പോൾ തന്നെ മനസിലാവും ഈ ഫോൺ സംഭാഷണം വിളിക്കുന്നയാൾക്കല്ല പറയുന്ന ഐജിക്ക് വേണ്ടിയുള്ളതാണ് എന്ന്.
ഇത് ഐജി ശ്രീജിത്ത് ഒരാളെ ഉപയോഗിച്ച് പ്രീ പ്ലാൻ ചെയ്ത് നടത്തിയ സംഭാഷണമാണ്. എവിടെ നിന്നോ വിളിക്കുന്ന ഏതോ മുഹമ്മദിനോട് ഇരുപത് മിനുട്ടോളം കേസന്വേഷണത്തിൽ സുപ്രധാന വിവരങ്ങൾ പങ്കുവെച്ചതൊന്നുമല്ല അത്. പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പോക്സോ ചുമത്താതിരിക്കുന്നതിൽ പൊലീസിന് കൃത്യമായ കാരണങ്ങൾ ഉണ്ട് എന്ന പൊതു സംസാരം രൂപപ്പെടുത്തി എടുക്കാനും പോക്സോ ചുമത്തി കുറ്റപത്രം സമർപ്പിക്കണം എന്ന പൊതുജനങ്ങളുട ആവശ്യത്തിന്റെ മുനയൊടിക്കാനും ബോധപൂർവം ഐജി ശ്രീജിത്ത് മാനിപ്പുലേറ്റ് ചെയ്ത സംഭാഷണമാണ് സംഘ്പരിവാറുകാരും പിന്നീട് കുറേ നിഷ്കളങ്കരും വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ഈ ഫോൺ സംഭാഷണം നടന്നിട്ടുള്ളത് ഐജിയുടെ മൊബൈൽ ഉപയോഗിച്ചാണോ അതോ മറ്റാരുടെയെങ്കിലും മൊബൈൽ ഉപയോഗിച്ചാണോ എന്നറിയില്ല. സംഭാഷണം റെക്കോർഡ് ചെയ്തത് ഐജിയുടെ ഫോണിൽ ആണോ അതോ അതിന് വേണ്ടി ഉപയോഗപ്പെടുത്തിയ ആളുടെ ഫോണിൽ ആണോ എന്നും അറിയില്ല. വിളിക്കുന്ന മുഹമ്മദ് എന്ന പേര് പറയുന്ന ആൾ (ആ പേരൊന്നും ശരിയാവാൻ സാധ്യതയെ ഇല്ല) പോലീസിൽ തന്നെയുള്ള ആരെങ്കിലുമാണോ അതോ ഐജി കണ്ടെത്തിയ ആരെങ്കിലുമാണോ എന്നും അറിയില്ല. ഇത്രയും കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തേണ്ടതായുണ്ട്. ഐജിയുടെ ഫോൺ കോൾ അന്വേഷണ വിധേയമാക്കുക.
മുകളിൽ പറഞ്ഞ കാര്യങ്ങൾ സാമാന്യ യുക്തി വെച്ച് മാത്രം മനസിലാക്കേണ്ട ഒന്നാണ്, നിഷ്കളങ്കർക്ക് ഐജി ശ്രീജിത്ത് “പത്മരാജനെതിരെ തെളിവില്ല ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും” എന്ന് പറയുന്നത് കേട്ട് അയ്യോ പാവം പോലീസ് എന്ത് ചെയ്യാനാണ് എന്ന് കരുതാം. അല്ലെങ്കിൽ ശ്രീജിത്ത് പറയുന്നത് പോലെ കുട്ടിയുടെ മൊഴിയിലെ വൈരുധ്യം കൊണ്ടാണ് പോക്സോ ചുമത്താതിരുന്നത് എന്ന് കണ്ണടച്ച് വിശ്വസിക്കാം. പോക്സോ കേസിൽ കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടാവുന്നത് ഒരു പ്രശ്നമേ അല്ല. കേസിന്റെ നിയമവശങ്ങൾ അറിയാത്തവർ വെറുതെ ഒന്ന് ഓടിച്ചു നോക്കുകയെങ്കിലും വേണം. കുട്ടികളുടെ മൊഴികളിൽ വൈരുധ്യം ഉണ്ടാവാമെന്നത് വളരെ സ്വാഭാവികമായ ഒന്നായി പോക്സോ പാരികഗണിക്കുന്നുണ്ട്. എത്രയോ ദിവസങ്ങൾക്ക് മുൻപ് നടന്ന ഒരു റേപ്പിനെ കുറിച്ച് അപരിചിതരായ ആളുകൾ ചോദ്യങ്ങൾ ചോദിക്കുമ്പോൾ, നിരന്തരം അതിനെ കുറിച്ച് സംസാരിക്കേണ്ടി വരുമ്പോൾ അതിന്റെ ട്രോമ അനുഭവിച്ചയ്ക്കഴിഞ്ഞ അല്ലെങ്കിൽ അനുഭവിക്കുന്ന കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടായില്ലെങ്കിൽ ആണ് കുട്ടി ട്രെയിനിഡ് ആണെന്ന് സംശയിക്കേണ്ടി വരിക. കുട്ടി പറയുന്ന തീയതികളിൽ പ്രതി പത്മരാജൻ സ്ഥലത്തില്ല എന്നൊക്കെയാണ് പത്മരാജന് അനുകൂലമായി പോലീസ് പറയുന്നത്. പത്മരാജനെ രക്ഷിക്കാൻ എത്ര തെളിവുകൾ സൃഷ്ടിച്ച്ചെന്നും എത്ര തെളിവുകൾ നശിപ്പിച്ചെന്നും അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട്.
ഐജി റാങ്കിൽ ഉള്ള ക്രിമിനൽ കേസിന്റെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ കോടതിയുടെ പരിഗണയിൽ ഇരിക്കുന്ന കേസിന്റെ വിശദ വിവരങ്ങൾ ഫോണിൽ വിളിച്ച് സംസാരിക്കുന്ന ആളോട് ഇത്രയും വിശദമായി വെളിപ്പെടുത്താൻ പാടുണ്ടോ എന്ന ചോദ്യത്തെക്കാൾ പ്രസക്തമായ ചോദ്യം കുട്ടിയുടെ മജിസ്‌ട്രേറ്റിന് മുന്നിലെ രഹസ്യ മൊഴി (164) പരസ്യപ്പെടുത്താൻ പാടുണ്ടോ എന്നുള്ളതാണ്. ഈ മൊഴിയുടെ പകർപ്പോ അതിൽ എന്താണ് പറഞ്ഞിട്ടുള്ളത് എന്നോ ഞാനോ നിങ്ങളോ കോടതിയെ സമീപിച്ചാലോ പോലീസിനോട് അന്വേഷിച്ചാലോ കിട്ടില്ല എന്നതാണ് നിയമം. 164 ലെ വിവരങ്ങൾ നിയമപ്രകാരം ലഭ്യമാവുക കുട്ടിയുടെ ഉമ്മയ്ക്കാണ്. കുട്ടിക്ക് വേണ്ടി ഹാജരാകുന്ന വക്കീലിന് പോലും രഹസ്യ മൊഴി ലഭിക്കില്ല. എന്നാൽ ഈ നിയമങ്ങളെയെല്ലാം മറികടന്നുകൊണ്ടാണ് ഐജി ശ്രീജിത്ത് ഫോൺ സംഭാഷണത്തിലൂടെ രഹസ്യ മൊഴിയിലെ സംഭാഷണങ്ങൾ പുറത്ത് പറയുന്നത്. അതുകൊണ്ട് തന്നെ ആ ഫോൺ സംഭാഷണം ഐജി ശ്രീജിത്ത് മാനിപ്പുലേറ്റ് ചെയ്തതാണോ അല്ലയോ എന്നതിനേക്കാൾ പ്രസക്തം 164 ലെ രഹസ്യങ്ങൾ വെളിപ്പെടുത്തിയതാണ്.
കുട്ടിക്ക് മാനസാന്തരം വരികയാണെങ്കിൽ പിന്നീട് പോക്സോ വകുപ്പുകൾ ചേർക്കാം എന്നതൊക്കെ ക്രിമിനൽ പ്രൊസീജ്യർ അനുസരിച്ച് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ആണ് എന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. എഫ് ഐ ആർ ഇട്ട് ഇൻവെസ്റ്റിഗേഷൻ നടത്തി ഫൈനൽ ചാർജ് കോടതിയിൽ കൊടുത്തുകഴിഞ്ഞാൽ ആ കേസ് അവിടെ അവസാനിക്കുകയാണ്. പിന്നീട് രണ്ടാമത് അതിന്റെ മുകളിൽ ചുമത്തിയ സെക്ഷൻ ആൾട്ടർ ചെയ്യണമെങ്കിൽ റീ ഇൻസ്‌വെസ്റ്റിഗേഷൻ ഓഡർ ഹയർ അതോറിറ്റിയിൽ നിന്ന് ലഭിച്ചതിന് ശേഷം പുനരന്വേഷണം നടത്തി കൂടുതൽ തെളിവുകൾ എവിഡൻസ് ആക്റ്റ് പ്രകാരം ശേഖരിച്ച് വേണം സെക്ഷൻ ആൾട്ടർ ചെയ്യാൻ. അതിനും കോടതിയുടെ അനുവാദം ലഭിക്കേണ്ടതുണ്ട്, ക്രിമിനൽ പ്രൊസീജ്യർ അനുസരിച്ചല്ലാതെ ഒരു ഐജിക്കും ഒരു കേസിലും ഒന്നും തന്നെ ചെയ്യാൻ കഴിയില്ല. കൂടുതൽ തെളിവുകൾ ഉണ്ടാക്കുകയാണെന്നും കിട്ടുന്ന മുറയ്ക്ക് പോക്സോ ചുമത്തുമെന്നുമൊക്കെയുള്ള ഐജി ശ്രീജിത്തിന്റെ വാദം പ്രതിഷേധങ്ങളെ തണുപ്പിക്കാൻ വേണ്ടിയുള്ള ബോധപൂർവമുള്ള ശ്രമമാണ്. ഈ കാര്യങ്ങൾ ഐജി മാധ്യമങ്ങളോട് പറയാൻ തയ്യാറാവുമോ എന്ന് മാത്രം നോക്കിയാൽ മതി. 164 രഹസ്യ മൊഴിയിലെ സ്വകാര്യ വിവരങ്ങൾ പരസ്യപ്പെടുത്തിയത് ഐജിശ്രീജിത്തിനെതിരെ നിയമ നടപടി ഉണ്ടാവാൻ ആ ഓഡിയോ ക്ലിപ്പിലെ ശബ്ദം ശ്രീജിത്തിന്റേതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞാൽ മതി.
ഐജി ശ്രീജിത്ത് പ്രതി പത്മരാജനെ സംരക്ഷിക്കാൻ കൃത്യമായ ഇടപെടൽ നടത്തിയിട്ടുണ്ട് എന്നും കേസ് അട്ടിമറിക്കപ്പെടുകയാണ് എന്നും വ്യക്തമായി മനസിലാക്കാൻ കഴിയുന്ന ഇനിയും ഒരുപാട് കാര്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഐജിയുടെ കുറ്റപത്രം പത്മരാജനെ കേസിൽ നിന്ന് ഊരിയെടുക്കാനുള്ള തിരക്കഥ മാത്രമാണ്. ഐജി ശ്രീജിത്തിനെ സസസ്പെൻഡ് ചെയ്ത് പാലത്തായി കേസ് ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ പുനരന്വേഷിക്കപ്പെടണം. പ്രതി പത്മരാജന് ലഭിക്കുന്ന ഓരോ ദിവസവും തെളിവുകൾ നശിപ്പിക്കാനും കൃത്രിമ തെളിവുകൾ സൃഷ്ടിക്കാനും കരണമാവും. ഐജി ശ്രീജിത്തിന്റെ ഡീൽ സംഘ്പരിവാറുമായിട്ടാണോ അതോ മറ്റാരെങ്കിലുമായിട്ടാണോ, ഐജി ശ്രീജിത്തിനെ ഈ കേസ് അട്ടിമറിക്കാൻ ഉപയോഗിക്കുന്നതാണോ തുടങ്ങിയ വിവരങ്ങൾ എല്ലാം പുറത്ത് വരണമെങ്കിൽ ശ്രീജിത്തിനെതിരെ അന്വേഷണം വരേണ്ടതായുണ്ട്.
ഇതിനെ നിയമപരമായും സമര മാർഗത്തിലും ഒക്കെ ശക്തമായി നേരിടുക തന്നെ ചെയ്യും.
#പാലത്തായി #IG_Sreejith #POCSO
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."