ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
കൂത്തുപറമ്പ്: പതിനേഴുകാരിയായ ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. സി.പി.എം ചെറുവാഞ്ചേരി ബ്രാഞ്ച് സെക്രട്ടറിയും തെയ്യം കലാകാരനുമായ പൂവത്തൂരിലെ മഹേഷ് പണിക്കറെ (42) യാണ് കണ്ണവം പൊലിസ് അറസ്റ്റുചെയ്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. കേസിലെ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ ബന്ധുവിന്റെ വീട്ടില്‍ മുത്തപ്പന് വെള്ളാട്ടം ചടങ്ങ് നടത്തുന്നവരോടൊപ്പം എത്തിയതായിരുന്നു പ്രതി. ഇവിടെ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ പോക്സോ വകുപ്പു പ്രകാരമായിരുന്നു കേസെടുത്തത്. അതേസമയം സംഭവസ്ഥലത്തിനടുത്ത് വച്ച് ഒരുസംഘം ആളുകള്‍ കൈയേറ്റം ചെയ്തതായി ആരോപിച്ച് തിങ്കളാഴ്ച രാത്രി മുതല്‍ പ്രതി തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പൊലിസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായ ഉടനെ പൊലിസ് അറസ്റ്റു ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."