പൊതുവിദ്യാലയങ്ങളില്‍ 'ഇംഗ്ലീഷു'കാര്‍ കൂടി; പുസ്തകം കിട്ടാനില്ല
മങ്കട: പൊതു വിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയത്തില്‍ പ്രവേശിച്ച കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ കിട്ടാനില്ല. കുട്ടികളുടെ വര്‍ധനക്കനുസരിച്ച് പുസ്തകം ലഭ്യമല്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം. നിലവില്‍ സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മലയാളം മീഡിയം പാഠപുസ്തകത്തിന്റെ ഇംഗ്ലീഷ് വേര്‍ഷന്‍ പതിപ്പുകളാണ് ഇംഗ്ലീഷ് മീഡിയം കുട്ടികള്‍ക്കായി ലഭ്യമാക്കേണ്ടത്. ഈ വര്‍ഷം കുട്ടികളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായപ്പോള്‍ അതിനുസരിച്ച് പുസ്തകം ലഭ്യമല്ലാത്ത അവസ്ഥയാണുണ്ടായത്.
ഇംഗ്ലീഷ് വേര്‍ഷന്‍ പാഠപുസ്തകങ്ങള്‍ മലയാളത്തെ അപേക്ഷിച്ച് എണ്ണത്തില്‍ കുറവാണ്. സ്‌കൂളുകളില്‍ നിന്നു ശേഖരിക്കുന്ന സര്‍ക്കാരിന്റെ ടെക്സ്റ്റ് ബുക്ക് ഇന്‍ഡന്റ് അനുസരിച്ചാണ് പാഠപുസ്തക വിതരണം നടക്കാറുള്ളത്. അധ്യയന വര്‍ഷത്തിനിടയില്‍ മീഡിയം മാറിയവര്‍ ഇതോടെ മലയാള പുസ്തകം പഠിച്ച് ഇംഗ്ലീഷ് പരീക്ഷ അഭിമുഖീകരിക്കേണ്ട ഗതികേടിലാണ്.
ആറാം പ്രവൃത്തി ദിവസത്തെ കണക്കെടുപ്പ് ആസ്പദമാക്കിയാണ് ഓരോ വര്‍ഷവും ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം കണക്കാക്കാറുള്ളത്. ഇംഗ്ലീഷ് മീഡിയത്തിലേക്കു വിദ്യാര്‍ഥികള്‍ കൂടുതല്‍ മാറുമെന്നു സര്‍ക്കാര്‍ കണക്കാക്കിയിരുന്നില്ല.
ഓരോ അധ്യയന വര്‍ഷത്തിന്റെ മധ്യവേളയിലാണ് അടുത്ത വര്‍ഷത്തേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ എണ്ണം സര്‍ക്കാര്‍ ആവശ്യപ്പെടാറുള്ളത്. യു.പി തലത്തിലാണ് ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് വേര്‍ഷന്‍ ആവശ്യമായി വന്നിട്ടുള്ളതെന്നാണ് കരുതുന്നത്.
പാഠപുസ്തക വിതരണ കേന്ദ്രത്തില്‍ ഇംഗ്ലീഷ് പതിപ്പടക്കമുള്ള പുസ്തകങ്ങളുടെ സ്റ്റോക്കു തീര്‍ന്നു. ഇംഗ്ലീഷ് മീഡിയത്തിലേക്ക് ചേക്കേറിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ ഇതോടെ പുസ്തകത്തിനായി നെട്ടോട്ടമോടുകയാണ്. സംസ്ഥാനത്ത് ഇത്തരത്തില്‍ ഏറ്റവും കുടുതല്‍ കുട്ടികള്‍ക്കു പുസ്തക ദാരിദ്ര്യം നേരിടുന്നത് മലപ്പുറം ജില്ലയിലാണ്. ഈ വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ കഴിഞ്ഞ മാസം അവസാനത്തോടെയാണ് വിതരണം പൂര്‍ത്തിയാക്കിയത്.
ഏറ്റവും കൂടുതല്‍ പുസ്തകങ്ങള്‍ സ്‌റ്റോക്കെത്തിയ മലപ്പുറത്ത്് കഴിഞ്ഞ ജൂണ്‍ 28 -ഓടെ വിതരണം പൂര്‍ത്തിയായി. എന്നാല്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകളുള്ള പൊതു വിദ്യാലയങ്ങള്‍ പലതും പാഠപുസ്തക വിതരണ കേന്ദ്രത്തില്‍ ഇംഗ്ലീഷ് വേര്‍ഷന്‍ പുസ്തകത്തിനായി ബന്ധപ്പെടുന്നത് വര്‍ധിച്ചതായി വിതരണ കേന്ദ്രം അധികൃതര്‍ പറഞ്ഞു. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി സര്‍ക്കാര്‍ ഇനിയും പുസ്തകങ്ങള്‍ അച്ചടിക്കുമോ എന്നതു വ്യക്തമല്ല.
ഇത്തരം കുട്ടികള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറവായിരുന്നതിനാല്‍ പാഠ പുസ്തകങ്ങള്‍ മിച്ചം വന്ന സ്‌കൂളുകളെ ആശ്രയിക്കുകയായിരുന്നു പതിവ്. എന്നാല്‍ ഇത്തവണ ഇംഗ്ലീഷ് മീഡിയം തലത്തിലേക്ക് കുട്ടികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്.
മലയാളം മീഡിയം ഒഴിവാക്കി ഇംഗ്ലീഷ് മീഡിയത്തിലേക്കെത്തിയ വിദ്യാര്‍ഥികള്‍ യു.പി തലത്തിലാണ് കൂടുതലുള്ളത്. ഇംഗ്ലീഷ് മീഡിയത്തോടുള്ള രക്ഷിതാക്കളുടെ താല്‍പര്യം കൂടിയതാണ് പൊതുവിദ്യാലയങ്ങളിലെ ഇംഗ്ലീഷ് മീഡിയത്തിലേക്ക് കുട്ടികളുടെ വര്‍ധനക്ക് കാരണം.
അതേ സമയം പാഠപുസ്തക വിതരണകേന്ദ്രങ്ങള്‍ നിലവില്‍ പുതിയ ടേമിലേക്കുള്ള പുസ്തക വിതരണ നടപടികളിലേക്കുള്ള തയാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."