താലൂക്ക് സര്‍വേയറുടെ പരിശോധന കാരാട്ട് പുഴ കൈയേറിയതായി കണ്ടെത്തി
വടകര: പുതുപ്പണം കാരാട്ട് പുഴയോരം അനധികൃതമായി നികത്തിയെന്ന് റവന്യു പരിശോധനയില്‍ കണ്ടെത്തി. തഹസില്‍ദാറുടെ നിര്‍ദേശ പ്രകാരം താലൂക്ക് സര്‍വേയറും സംഘവും നടത്തിയ പരിശോധനയിലാണ് കൈയേറ്റം വ്യക്തമായത്.
പുഴ നികത്തിയിട്ടില്ലെന്നും കളിസ്ഥലം മണ്ണിട്ടു വിപുലീകരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നുമുള്ള കലാസമിതിയുടെയും ഇവരെ പിന്തുണക്കുന്ന സി.പി.എമ്മിന്റെയും വാദം പൊളിയുന്നതാണ് സര്‍വേ പരിശോധനാ ഫലം.
പുഴയോരം മണ്ണിട്ടു നികത്തിയെന്ന് ആരോപണമുള്ള സ്ഥലത്തിന്റെ സ്കെച്ച് സര്‍വേ സംഘം തയാറാക്കിയുണ്ട്. മുന്‍രേഖകള്‍ പരിശോധിച്ചു തയാറാക്കുന്ന അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിനും നഗരസഭക്കും നല്കി.
ഈ വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നു കഴിഞ്ഞ ദിവസം സ്ഥലം സന്ദര്‍ശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അഞ്ചു മീറ്റര്‍ വീതിയിലും 30 മീറ്റര്‍ നീളത്തിലും പുഴ കൈയേറിയെന്നാണ് പരാതി.
കോണ്‍ഗ്രസ് നേതൃത്വത്തില്‍ സ്ഥലത്തേക്കു പുഴ സംരക്ഷണ മാര്‍ച്ചും ബി.ജെ.പിയുടെ നേതൃത്വത്തില്‍ താലൂക്ക് ഓഫിസ് ധര്‍ണയും നടത്തി. സി.പി.എം ശക്തികേന്ദ്രമായതിനാല്‍ പരാതിപ്പെടാന്‍ ആരും തയാറായിരുന്നില്ല.
വിഷയം മാധ്യമങ്ങളില്‍ വന്നതോടെയാണ് വിവാദമായതും രാഷ്ട്രീയ പാര്‍ട്ടികള്‍ ഇടപെടുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."