ടി.പി കേസിലെ പ്രതികള്‍ക്കായി പരോള്‍ വ്യവസ്ഥകള്‍ അട്ടിമറിക്കുന്നു: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
വടകര: ടി.പി വധക്കേസിലെ പ്രതികള്‍ക്കായി പരോള്‍ നിയമവ്യവസ്ഥകള്‍ അട്ടിമറിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ഒരു കാരണവശാലും ഇത് അംഗീകരിക്കാനാവില്ലെന്നും മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണണ്‍.
ടി.പി ചന്ദ്രശേഖരന്‍ രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി 'കൊലയാളികളുടെ ശിക്ഷയിളവ്, നിയമവ്യവസ്ഥ അട്ടിമറിക്കാന്‍' എന്ന വിഷയത്തില്‍ ആര്‍.എം.പി.ഐ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.പി കേസ് പ്രതികളെ കോടതി ശിക്ഷിച്ചപ്പോള്‍ ജയിലിന് അകത്തുനിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്.
സംസ്ഥാന മന്ത്രിസഭ കിറുക്കന്മാരുടെയും അരക്കിറുക്കന്മാരുടെയും താവളമാണെന്നും മകന്‍ നഷ്ടപ്പെട്ട അമ്മയെപ്പോലും അപമാനിച്ച എം.എം മണി സ്ത്രീകള്‍ക്കെതിരേ അശ്ലീലം ചൊരിയുന്നത് സ്ഥിരം തൊഴിലാക്കിയ പ്രാകൃതനാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
മണി വിഷയത്തില്‍ ഉള്‍പ്പെടെ നിയമസഭയില്‍ അകത്തും പുറത്തും യു.ഡി.എഫ് ശക്തമായ സമരം നടത്തുമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
വടകര കോട്ടപ്പറമ്പില്‍ നടന്ന പരിപാടിയില്‍ പി. കുമാരന്‍കുട്ടി അധ്യക്ഷനായി. ഡോ. എം.ജി.എസ് നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. അക്രമരാഷ്ട്രീയം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയാറാകണമെന്ന് എം.ജി.എസ് പറഞ്ഞു. കെ.സി ഉമേഷ് ബാബു, മനയത്ത് ചന്ദ്രന്‍, ആര്‍. ശശി, സമദ് പൂക്കാട്, കെ.എസ് ഹരിഹരന്‍, കെ. ലിനീഷ്, എ.പി ഷാജിത്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."